ദോഹ: ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഖത്തറിന് അഭിമാനിക്കാൻ വകയൊരുക്കി ലുസൈലിലെ ഖിതൈഫാൻ ഐലൻഡിലുള്ള റിഗ് 1938 വാട്ടർ സ്ലൈഡ് ടവർ. 76 മീറ്ററിലേറെ ഉയരമുള്ള ഈ വിനോദ ഉപകരണം ലോകത്തെ ഏറ്റവും ഉയരമുള്ള വാട്ടർ സ്ലൈഡ് എന്ന മികവുമായി ഗിന്നസ് റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ചു.
12 വാട്ടർ സ്ലൈഡുകളുള്ള ടവർ എന്ന പേരിലും ഒരേസമയം രണ്ട് റെക്കോഡുകൾക്ക് ഉടമകളായി. ലോക ടൂറിസം ഭൂപടത്തിൽ ഖത്തറിന്റെ വിനോദ സഞ്ചാര മികവിനെ അടയാളപ്പെടുത്തുന്നതാണ് ഗിന്നസ് പുരസ്കാര നേട്ടമെന്ന് ഖിതൈഫാൻ പ്രോജക്ട് ജനറൽ മാനേജറും ചെയർമാനുമായ ശൈഖ് നാസർ ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു.
85 മീറ്റർ ഉയരത്തിൽ 12 വാട്ടർ സ്ലൈഡുകൾ ഉൾക്കൊള്ളുന്നതാണ് ഖിതൈഫാൻ മെർയാൽ വാട്ടർപാർക്കിലെ റിഗ് 1938. ഏറ്റവും സുരക്ഷിതവും അതേസമയം സാഹസികതയും വിനോദവും ഒന്നുചേർന്നതാണ് ഖത്തറിന്റെ സാംസ്കാരിക, ടൂറിസം മികവിനെ അടയാളപ്പെടുത്തുന്ന ഈ വാട്ടർ പാർക്ക്. ഇവയിൽ ഏറ്റവും ഉയരെയാണ് 76.309 മീറ്ററുള്ള വാട്ടർ സ്ലൈഡ്. 2.81 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വാട്ടർ പാർക്ക് 36ഓളം ജല വിനോദ പരിപാടികളുമായാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.