ദോഹ: മൂന്നര മാസമായിട്ടും അവസാനമില്ലാതെ തുടരുന്ന ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രതീക്ഷയുണർത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച. ന്യൂയോർക്കിൽ െഎക്യരാഷ്ട്ര പൊതുസഭയുടെ 72ാമത് സെഷനെ അഭിസംബോധന ചെയ്തതിനുപിന്നാലെയാണ് അമീർ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
ശൈഖ് തമീമുമായി നടന്ന ചർച്ചയിൽ ഗൾഫ് പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷവാനാണ്. ദീർഘകാലമായി ഖത്തറും അമേരിക്കയും സുഹൃത്തുക്കളാണ്. പശ്ചിമേഷ്യയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുകയെന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന ഏറ്റവും സുപ്രധാനമായ കാര്യം. അത് വിചാരിച്ചത് പോലെ പരിഹരിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും അടുത്ത അവസരത്തിൽ തന്നെ ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് എനിക്ക് പറയാൻ കഴിയുക –ട്രംപ് വ്യക്തമാക്കി.
ഖത്തറുമായി അമേരിക്ക വിവിധ മേഖലയിൽ സഹകരിച്ച് പ്രവർത്തിക്കുന്നതായി ട്രംപ് പറഞ്ഞു. അവസാനമായി റിയാദിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ബന്ധം കൂടുതൽ സുദൃഢമായതായും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നടന്ന കൂടിക്കാഴ്ച തീർച്ചയായും ഏറെ പ്രധാന്യമണുളളത് തന്നെയാണ്. വരും ദിവസങ്ങളിൽ ഈ കൂടിക്കാഴ്ചയുടെ ഫലം പുറത്തുവരുമെന്നും അമേരിക്കൻ പ്രസിഡൻറ് അഭിപ്രായപ്പെട്ടു.
ഖത്തറും അമേരിക്കയും തമ്മിൽ ചരിത്രപരമായ ബന്ധമാണുള്ളതെന്ന് അമീർ ൈശഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. റിയാദ് അമേരിക്ക–ഗൾഫ് ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങളിൽ ഭീകരവാദ വിരുദ്ധ ഉടമ്പടിയിൽ ആദ്യമായി ഒപ്പുവെച്ച രാജ്യമാണ് ഖത്തർ. അമേരിക്കയുമായി വ്യാപാര ഉടമ്പടിക്ക് പുറമെ സൈനിക–സുരക്ഷ സഹകരണത്തെ സംബന്ധിച്ചുള്ള കരാറുകളിലും ഉടൻ ഒപ്പുവെക്കുമെന്നും അമീർ വ്യക്തമാക്കി.
അയൽ രാഷ്ട്രങ്ങളുമായി ചില പ്രശ്നങ്ങൾ നിലനിൽക്കുന്നു. എന്നാൽ ഇത് ചർച്ചയിലൂടെ പരിഹരിക്കാൻ തയാറാണെന്ന നിലപാട് ആവർത്തിക്കുകയാണെന്നും അമീർ അറിയിച്ചു. ചർച്ചയിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ, ധനകാര്യ സെക്രട്ടറി സ്റ്റീഫൻ മനൂഷിൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഹെർബെർട്ട് റെയ്മണ്ട് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.