ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ മൊറോക്കൻ രാജാവ് മുഹമ്മദ് നാലാമൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
അമീരി ദിവാനിലെത്തിയ മൊറോക്കൻ ഭരണാധികാരിയെ അമീർ സ്വാഗതം ചെയ്യുകയും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനം ഉപകരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിന് യോഗ്യത നേടിയതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രത്യേകം അഭിനന്ദനം രാജാവിനെ അറിയിച്ചു.
അമീറിെൻറ അഭിനന്ദനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഖത്തർ സന്ദർശനത്തിൽ സന്തോഷിക്കുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ, നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇത് ഗുണം ചെയ്യട്ടെയെന്ന് ആശംസിക്കുന്നതായും മുഹമ്മദ് നാലാമൻ രാജാവ് പ്രത്യഭിവാദ്യം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും ചർച്ച ചെയ്ത കൂടിക്കാഴ്ചയിൽ അറബ്, അന്തർദേശീയതലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തി.ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും വിവിധ മന്ത്രിമാരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
മൊറോക്കൻ ഭാഗത്ത് നിന്നും മൗലാ ഇസ്മായിൽ രാജകുമാരൻ, രാജാവിെൻറ ഉപദേഷ്ടാവ് ഫൗവാദ് ആലി അൽ ഹിമ്മ, വിദേശകാര്യമന്ത്രി നാസർ ബൗറിത എന്നിവരും പങ്കെടുത്തു.
നിലവിലെ സാഹചര്യങ്ങളും മേഖലയിലെ സംഭവവികാസങ്ങളും ഇരുരാഷ്ട്രത്തലവന്മാരും ചർച്ച ചെയ്തു. അമീരി ദിവാനിലെത്തിയ മൊറോക്കൻ രാജാവിന് ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. നേരത്തെ ഹമദ് വിമാനത്താവളത്തിലിറങ്ങിയ രാജാവിനെ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി അടക്കമുള്ള ഉന്നത പ്രതിനിധികളെത്തിയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.