ദോഹ: ജൂൺ അഞ്ചിന് ശേഷം രാജ്യം എല്ലാ മേഖലയിലും ശക്തി നേടിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. 2017 ജൂണിന് മുമ്പും ജൂണിന് ശേഷവും ഖത്തറിെൻറ ചരിത്രത്തിൽ രണ്ട് ഘട്ടമായാണ് ഇനി മുതൽ ചരിത്രം രേഖപ്പെടുത്തുക. രാജ്യത്തിെൻറ ഇപ്പോഴത്തെ അവസ്ഥയിൽ അഭിമാനം തോന്നുന്നതായി അമീർ വ്യക്തമാക്കി.
അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ അമീർ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സംബന്ധിച്ച് സന്നിഗ്ധ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാൽ മുഴുവൻ മേഖലകളിലും മുൻകാലങ്ങളേക്കാൾ സ്വയം പര്യാപ്തത നേടാൻ സാധിച്ചതായി അമീർ വ്യക്തമാക്കി.
മേഖലയിൽ ഏതെങ്കിലും രീതിയിലുള്ള സൈനിക നീക്കം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും അമീർ അഭിപ്രായപ്പെട്ടു. ഞങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കുകയാണ് ഉപരോധ രാജ്യങ്ങളുടെ ആവശ്യം. എന്നാൽ രാജ്യത്തിെൻറ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും മേൽ മറ്റൊന്നിനെയും വിലകൽപ്പിക്കുന്നില്ലെന്ന് അമീർ വ്യക്തമാക്കി. രാജ്യത്തെ ഭരണമാറ്റം അവർ ആഗ്രഹിക്കുന്നു. 1996ൽ പിതാവ് അമീർ ഭരണം ഏറ്റെടുത്തപ്പോൾ ഇത്തരത്തിലൊരു ശ്രമം ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതാണ്. അത് തന്നെയാണ് ഇപ്പോഴും അവർ ആഗ്രഹിക്കുന്നത്. ഖത്തർ വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്.
മേഖലയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുത്തത് അൽജസീറയാണ്. അതു കൊണ്ട് അൽജസീറ അടച്ചുപൂട്ടുന്ന പ്രശ്നമില്ലെന്നും അമീർ വ്യക്തമാക്കി. ഉപരോധം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങളെല്ലാവരും റിയാദിൽ ഒരേ മുറിയിൽ കൂടിയിരുന്നതാണ്. ഭീകരവാദത്തെ കൂട്ടായി നേരിടാൻ തീരുമാനിച്ചാണ് അന്ന് പിരിഞ്ഞത്. അന്നത്തെ യോഗത്തിൽ ഖത്തറിനെതിരിൽ ഭീകരവാദവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു സൂചന പോലും ഉന്നയിച്ചിരുന്നില്ല.
ഭീകരവാദത്തെ ഖത്തർ സഹായിക്കുന്നുവെന്നും ആരും പരാതി പറഞ്ഞിരുന്നില്ലെന്നും അമീർ ശൈഖ് തമീം വ്യക്തമാക്കി. ചർച്ചകൾക്ക് ഖത്തർ ഒരിക്കൽ പോലും തയ്യാറാകാതിരുന്നിട്ടില്ല. ഒരു മീറ്റർ അവർ തങ്ങളോട് അടുത്താൽ പതിനായിരം മൈൽ അവരോട് അടുക്കാൻ താൻ സന്നദ്ധമാണ്. അമേരിക്കയിലെ ക്യാമ്പ് ഡേവിഡിൽ ചർച്ചക്ക് സാഹചര്യം ഒരുക്കുമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ പ്രസ്താവനയോട് ഉടൻ തന്നെ അനുകൂലമായി പ്രതികരിച്ചതായി അമീർ അറിയിച്ചു. മുല്ലപ്പൂ വിപ്ലവത്തിൽ ഖത്തർ പിന്തുണച്ചത് അതത് രാജ്യങ്ങളിലെ ജനങ്ങളെയാണ്. ഇറാൻ തങ്ങളുടെ അയൽ രാജ്യമാണ്. അവരുമായി അഭിപ്രായ ഭിന്നതകളുണ്ട്. എന്നാൽ ഉപരോധ കാലത്ത് ഭക്ഷണവും മരുന്നും രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ഏക മാർഗം ഇറാൻ മാത്രമാണെന്നും അമീർ ശൈഖ് തമീം വ്യക്തമാക്കി. രാജ്യത്തിെൻറ നിലപാടുകൾ വ്യക്തമാക്കി അമീർ പറഞ്ഞ കാര്യങ്ങൾ ഇന്നലെ പുലർച്ചെയാണ് ചാനൽ സംേപ്രക്ഷണം ചെയ്തത്. അമീറിെൻറ അഭിമുഖത്തിന് വലിയ വാർത്താപ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.