ദോഹ: ഖത്തറിന്റെ ചുവരുകൾക്ക് വർണവും ചടുലതയും പകരാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്കായുള്ള ഖത്തർ മ്യൂസിയത്തിന്റെ വാർഷിക പൊതു കലാ പരിപാടിയായ ജിദാരി ആർട്ട് പ്രോഗ്രാമിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. ഖത്തർ മ്യൂസിയം തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ചുവർചിത്രങ്ങളിലൂടെയും തെരുവുകലകളിലൂടെയും ദോഹയുടെ നഗരഭിത്തികൾക്ക് വർണം പകരാൻ കലാകാരന്മാരെ ഒരുമിപ്പിക്കുന്ന ഖത്തർ മ്യൂസിയത്തിന്റെ പൊതു കലാപരിപാടിയാണ് ജിദാരി ആർട്ട്. പ്രാദേശിക പ്രതിഭകളെ വളർത്തുന്നതിനും പൊതുകലയെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഖത്തർ മ്യൂസിയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ജിദാരി ആർട്ട്.
നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുകയും നിയുക്ത ജില്ലകളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ആളുകക്ക് ഒത്തുകൂടാൻ പുതിയ സ്ഥലങ്ങൾ സ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് ജിദാരി ആർട്ടിലൂടെ ലക്ഷ്യമിടുന്നത്.
നിരവധി മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രമേ അപേക്ഷകരിൽനിന്ന് ജിദാരി ആർട്ടിനായുള്ള കലാകാരന്മാരെ തിരഞ്ഞെടുക്കുകയുള്ളൂവെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. ഖത്തറിൽ താമസിക്കുന്ന കലാകാരന്മാർക്ക് മാത്രമായിരിക്കും ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ടാവുകയുള്ളൂ.
അപേക്ഷിക്കുന്നവർക്ക് സാധുവായ റസിഡന്റ് പെർമിറ്റ് ഉണ്ടായിരിക്കണം. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് നിർദിഷ്ട പൊതു കലാസൃഷ്ടികൾ നടപ്പാക്കുന്നതിനുള്ള കമീഷൻ കരാറും ലഭിക്കുകയും ചെയ്യും. ജിദാരി ആർട്ടുമായി ബന്ധപ്പെട്ടും അപേക്ഷ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ഖത്തർ മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.