ദോഹ: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസിൽ ഖത്തറിന്റെ സ്വർണ മെഡൽ നേട്ടം നാലായി. അത്ലറ്റിക്സ് മത്സരങ്ങൾക്ക് സമാപനമായപ്പോൾ ഖത്തറിന്റെ അക്കൗണ്ടിലേക്ക് ഒരു സ്വർണം കൂടിയെത്തി. ഇതോടെ, നാല് സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ എട്ടു മെഡലുകളാണ് ഖത്തറിനുള്ളത്.
കഴിഞ്ഞ ദിവസം 400മീ. ഹർഡ്ൽസിൽ 49.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഖത്തറിന്റെ ബസം ഹമദി സ്വർണം നേടി. ഹാമർ ത്രോയിൽ അഹമ്മദ് അൽ സൈഫി 69.61 മീറ്റർ എറിഞ്ഞ് വെള്ളിയും നേടിയിരുന്നു.
നേരത്തെ പോൾവാൾട്ടിൽ സൈഫ് മുഹമ്മദ്, 400 മീറ്ററിൽ അഷ്റഫ് ഹുസൈൻ, ഡിസ്കസ് ത്രോയിൽ മുആസ് ഇബ്രാഹിം എന്നിവർ ട്രാക്കിലും ഫീൽഡിലുമായി അത്ലറ്റിക്സിൽ ഖത്തറിനു വേണ്ടി സ്വർണം നേടിയിരുന്നു. പുതുമുഖക്കാരും യുവനിരയുമായാണ് അറബ് ഗെയിംസിൽ ഖത്തർ പങ്കെടുക്കുന്നത്. 20 വിഭാഗങ്ങളിലായി 22 അറബ് രാജ്യങ്ങളിൽനിന്ന് 3500ഓളം അത്ലറ്റുകളാണ് ജൂലൈ 15 വരെ നടക്കുന്ന അറബ് ഗെയിംസിൽ പങ്കെടുക്കുന്നത്.
നിലവിൽ ആതിഥേയരായ അൽജീരിയ വെല്ലുവിളികളില്ലാതെ തന്നെ മെഡൽ പട്ടികയിൽ കുതിച്ചു മുന്നേറുകയാണ്. 34 സ്വർണം ഉൾപ്പെടെ 78 മെഡലുകളാണ് അവർക്കുള്ളത്. ബഹ്റൈൻ (14 സ്വർണം, 28 മെഡൽ), മൊറോക്കോ (7-38) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ദോഹ: സ്വിറ്റ്സർലൻഡിലെ ബേണിൽ നടക്കുന്ന വേൾഡ് ബീച്ച് വോളിബാൾ ടൂറിൽ ചിലിക്കെതിരെ ഖത്തറിന് ജയം. ഷെരീഫ് യൂനുസ്-അഹമ്മദ് തിജാൻ സഖ്യമാണ് ചിലിയുടെ മാർകോ ഗ്രിമാൾട്ട്- എസ്തബാന ഗ്രിമാൾട്ട് സഖ്യത്തിനെതിരെ അനായാസ വിജയം കൊയ്തത്. ഗ്രൂപ് ‘ബി’യിലെ ആദ്യ മത്സരത്തിൽ 21-15, 21-13 സ്കോറിനായിരുന്നു ടീമിന്റെ വിജയം. 2020 ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാക്കളാണ് ഖത്തറിന്റെ ഷെരീഫ് യൂനിസ്-അഹമ്മദ് തിജാൻ സഖ്യം. 2024 പാരിസ് ഒളിമ്പിക്സ് യോഗ്യത നേടുന്നതിൽ നിർണായകം കൂടിയാണ് വേൾഡ് ബീച്ച് വോളി ടൂറിലെ വിജയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.