ദോഹ: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസിലെ മത്സരങ്ങൾക്ക് വെള്ളിയാഴ്ച കൊടിയിറങ്ങാനിരിക്കെ മെഡൽനേട്ടവുമായി ഖത്തർ. കഴിഞ്ഞദിവസം ചെസിലെ വിജയത്തിനു പിന്നാലെ സ്വർണമെഡലുകളുടെ എണ്ണം ആറായി ഉയർന്നു. ഹാൻഡ്ബാളിലും ബാസ്കറ്റ്ബാളിലും വോളിയിലും മികച്ച പ്രകടനവുമായി കുതിക്കുന്ന വാർത്തകൾക്കിടയിലായിരുന്നു വനിതാ റാപിഡ് ചെസിൽ ഖത്തറിന്റെ താരം സു ചെൻ സ്വർണം നേടിയത്. അതിനിടയിൽ ടേബ്ൾ ടെന്നിസിലും ഫെൻസിങ്ങിലും ഖത്തരി താരങ്ങൾ വെങ്കല മെഡലുകൾ നേടിയിരുന്നു.
അഹമ്മദ് ഖലീൽ, മുഹമ്മദ് അബ്ദുൽ വഹാബ്, ഫഹദ് അൽ മുഗ്നി, അഹമ്മദ് അൽ അവലാഖി, അബ്ദുല്ല അബ്ദുൽ വഹാബ് എന്നിവരടങ്ങിയ ടീമാണ് ടേബ്ൾ ടെന്നിസിൽ വെങ്കലം സ്വന്തമാക്കിയത്. ഫെൻസിങ്ങിൽ നേരത്തേ രണ്ടു സ്വർണം നേടിയതിനു പിന്നാലെ ടീം എപീ വിഭാഗത്തിൽ വെങ്കലവും അണിഞ്ഞു. അലി അൽ അത്ബ നേരത്തേ വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ടീം ഇനത്തിൽ അലി അൽ അത്ബക്കൊപ്പം, അബ്ദുല്ല ഖലീഫ, ഖാലിദ് അൽയാഫി എന്നിവരടങ്ങിയ സംഘമാണ് സ്വർണത്തിലെത്തിയത്.
ആറ് സ്വർണവും രണ്ട് വെള്ളിയും ഒമ്പത് വെങ്കലവുമായി 17 മെഡലുകൾ നേടിയ ഖത്തർ പട്ടികയിൽ എട്ടാം സ്ഥാനത്താണിപ്പോൾ. ആതിഥേയരായ അൽജീരിയ 87 സ്വർണവും 58 വെള്ളിയും 55 വെങ്കലവുമായി ബഹുദൂരം ലീഡോടെയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമതുള്ള മൊറോക്കോക്ക് 19 സ്വർണം ഉൾപ്പെടെ 70 മെഡലുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.