ദോഹ: ശിഹാബ് ഗാനിം എന്നു കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരുപിടി സാഹിത്യ സാമ്രാട്ടുകളുടെ പേരാവും. ഇടശ്ശേരിയും, ഇടപ്പള്ളി രാഘവന് പിള്ളയും, ബാലാമണി അമ്മയും മുതൽ വൈലോപ്പിള്ളിയും ചങ്ങമ്പുഴയും കമല സുറയ്യയും ഒ.എൻ.വി കുറുപ്പും വരെയുള്ള ഇതിഹാസങ്ങൾ.
മലയാളത്തിന്റെ തേൻമൊഴിയിൽ അവർ എഴുതിവെച്ച സാഹിത്യങ്ങൾക്ക് ദേശഭാഷകളുടെ അതിരുകൾക്കപ്പുറത്തേക്ക് ഇടം നൽകിയ മഹാൻ എന്നാവും യമനിൽ ജനിച്ച് ദുബൈയെ തട്ടകമാക്കിമാറ്റിയ ശിഹാബ് ഗാനിമിനെ വിളിക്കുക. സാഹിത്യവും കവിത്വവും ഭാവനയും ചോരാതെ മലയാളത്തിൽ നിന്നും ശിഹാബ് ഗാനിം അറബിയിലേക്ക് മൊഴിമാറ്റിയ കവിതകൾ ഒരുപിടിയാണ്. സി.എ ജോസഫ്, വൈലോപ്പിള്ളി, ചങ്ങമ്പുഴ, ചെമ്മനം ചാക്കോ, പുനലൂര്‍ ബാലന്, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍ രവി വര്‍മ, സുഗത , യൂസഫലി കേച്ചേരി, കടമ്മനിട്ട, വിഷ്ണു നാരായണന് നമ്പൂതിരി, സച്ചിദാനന്ദൻ എന്നിങ്ങനെ നീളുന്ന ആ പട്ടിക.
മലയാള കവികളെ വിശാലമായ അറബ് സാഹിത്യ ലോകത്തിന്റെ കാൻവാസിലേക്ക് പകർത്തിയ, ശിഹാബ് ഗാനിമിനെ മറ്റൊരു മലയാളി അറബ് ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുകയാണിപ്പോൾ.
ഖത്തറിലെ ഇന്ത്യൻ സ്കൂളിൽ ജോലിചെയ്യുന്ന മലപ്പുറം മഞ്ചേരി സ്വദേശിയായ ഡോ. മൻസൂർ ഹുദവിയാണ് ആ ചരിത്രദൗത്യം ഏറ്റെടുത്തത്. കാലിക്കറ്റ് സർവകലാശാലയിൽനിന്നും ശിഹാബ് ഗാനിമിന്റെ സാഹിത്യസഞ്ചാരത്തെ കുറിച്ച് നടത്തിയ ഗവേഷണ പ്രബന്ധം ഒരു പുസ്തകമാക്കിമാറ്റിയാണ് ഡോ. മൻസൂർ ഹുദവി ആ ദൗത്യം നിർവഹിക്കുന്നത്.
അദ്ദേഹം എഴുതിയ പുസ്തകം ലബനാൻ ആസ്ഥാനമായ അൽ മുക്തബസ് പബ്ലിഷിങ് ഹൗസ് ആണ് പ്രസിദ്ധീകരിക്കുന്നത്.
അച്ചടി പ്രവൃത്തികൾ പുരോഗമിക്കുന്ന പുസ്തകം നാലുമാസത്തിനുള്ളിൽ പുറത്തിറങ്ങാനിരിക്കുന്നു. 'അൽ ഇത്തിജാഹാത്തുൽ ഫന്നിയ്യ വൽ മൗസൂഇയ്യ ഫീ ശിഅ്രി ശിഹാബ് ഗാനിം' (ശിഹാബ് ഗാനിമിന്റെ കവിതകളിലെ കാവ്യ നൂതനത്വവും ആവിഷ്കാരങ്ങളും) എന്ന പേരിലാണ് കവിയുടെ ജീവിതവും, സാഹിത്യവും, വിവർത്തന സാഹിത്യവുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം ആസ്വാദകരെ തേടിയെത്താൻ ഒരുങ്ങുന്നത്.
ഒരു ഇന്ത്യക്കാരനായ ഗവേഷകന്റെ ശിഹാബ് ഗാനിമിനെ പറ്റിയുള്ള ആദ്യ പുസ്തകം എന്ന പ്രത്യേകത കൂടി ഈ അറബി ഭാഷയിലെ പഠന ഗ്രന്ഥത്തിനുണ്ട്. അറബ് ലോകത്തെ ഇന്ത്യൻ സംസ്കാരത്തിന്റെ അംബാസഡർ എന്ന നിലയ്ക്ക്, അറബ് സർഗാത്മക ലോകത്ത് രചന ശൈലിയുടെ വൈവിധ്യം കൊണ്ടും, ആഴത്തിലുള്ള നിരീക്ഷണം കൊണ്ടും വേറിട്ടുനിൽക്കുന്ന ഒരെഴുത്തുകാരനെക്കുറിച്ച് പതിവുരീതികൾ ഭേദിച്ച് നടത്തിയ ഗവേഷണം സാഹിത്യ പ്രേമികൾക്കുള്ള വേറിട്ട അനുഭവ സമ്പത്ത് പകരുന്നതാണെന്ന് ഗ്രന്ഥകാരൻ ഡോ. മൻസൂർ ഹുദവി സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ യു.എ.ഇ കവിയും എഴുത്തുകാരനുമായ ഡോ. അബ്ദുൽ ഹക്കീം അൽ സുബൈദിയാണ് അവതാരിക എഴുതിയത്.
മലയാളത്തിലെ മഹാകവികളുടെ രചനകൾ അറബിയിലേക്ക് നടത്തിയ വിവർത്തനങ്ങളും, മറ്റ് സംഭാവനകളും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഭാഷാപരവും സാഹിത്യപരവുമായ ഉള്ള അമൂല്യ കൂടിച്ചേർക്കലുകളെയും കൊടുക്കൽ വാങ്ങലുകളെയും സമഗ്രമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. നല്ല കവിതകള്‍ തേടിയുള്ള യാത്രയാണ് ശിഹാബ് ഗാനിം എന്ന അറബ് സാഹിത്യകാരനെ മലയാളവുമായി അടുപ്പിച്ചത്. ഒടുവിൽ അദ്ദേഹം, മലയാള കവികളെ മലയാളികളേക്കാൾ അറിഞ്ഞു. വ്യക്തിപരമായും സാഹിത്യവീഥിയിലും അടുപ്പം കാത്തുസൂക്ഷിച്ചാണ് വായനക്കാരുടെയും ആസ്വാദകരുടെയും മനസ്സിൽ കുടിയേറുന്നത്.
'ദൈവദശകത്തിന്റെ' അറബി വിവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളിലൊന്നാണ്.
പ്രഥമ ടാഗോർ സമാധാന പുരസ്കാരം നൽകിയായിരുന്നു ഇന്തോ-അറബ് സാംസ്കാരിക അംബാസഡറായ ശിഹാബ് ഗാനിമിനെ രാജ്യം ആദരിച്ചത്.
മൻസൂർ ഹുദവിയുടെ 2019ൽ പൂർത്തിയാക്കിയ പഠന ഗവേഷണമാണ് ഇപ്പോൾ പുസ്തകമായി പുറത്തിറങ്ങുന്നത്. നിലവിൽ ദോഹയിലെ രാജഗിരി പബ്ലിക് സ്കൂളില്‍ അറബിക് വിഭാഗത്തില്‍ അധ്യാപകനാണ്.
പഠനകാലത്ത് ഗാനിമിന്റെ രചനകൾ വായിച്ചറിഞ്ഞ സ്വാധീനത്തിലായിരുന്നു ഗവേഷണ ബിരുദത്തിന് ഒരുങ്ങുമ്പോൾ അദ്ദേഹത്തെ തന്നെ പഠന വിഷമാക്കാൻ പ്രേരിപ്പിച്ചതെന്ന് മൻസൂർ ഹുദവി പറയുന്നു. 'അല്‍ റാബിത്വ'യുടെ മികച്ച ലേഖനത്തിനുള്ള 2019ലെ അവാര്‍ഡ് നേടിയ ഗ്രന്ഥകാരൻ, നിരവധി അന്താരാഷ്ട്ര അറബിക് പ്രസിദ്ധീകരണങ്ങളില്‍ അക്കാദമിക് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
യു.എന്‍ ജനറല്‍ അസംബ്ലിയിലടക്കം വിവിധ ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങളും അവതരിപ്പിച്ചു. അന്നഹ്ദ അറബിക് മാഗസിന്റെ എഡിറ്റോറിയൽ അംഗവും കോളമിസ്റ്റുമാണ്.
മലപ്പുറം മഞ്ചേരി പുല്ലൂരിലെ പരേതനായ കട്ടിലശ്ശേരി മീരാന്‍ ഫൈസി - ടി.പി. നഫീസ ദമ്പതികളുടെ മകനാണ്. ഹസനത്താണ് ഭാര്യ. റാജി ജവാദ്, നവാൽ നൂർ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.