ദോഹ: ഇന്തോനേഷ്യയിൽ നടക്കുന്ന 18ാമത് ഏഷ്യൻ ഗെയിംസിൽ ഖത്തറിന് വീണ്ടും സ്വർണം. ഹർഡിൽസിലെ ഖത്തറിെൻറ അഭിമാന താരമായ അബ്ദുറഹ്മാൻ സാംബയാണ് ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിയത്. സാംബയുടെ പേരിൽ തന്നെയുള്ള 48.42 സെകൻഡ് എന്ന സമയമാണ് 400 മീറ്റർ ഹർഡിൽസിൽ സാംബ തിരുത്തിയിരിക്കുന്നത്. 47.66 സെകൻഡ് ആണ് പുതിയ സമയം. 48.96 സെകൻഡിൽ ഇന്ത്യയുടെ ധരുൺ അയ്യസാമിക്കാണ് ഈയിനത്തിൽ വെള്ളി. 49.12 സെകൻഡിൽ ജപ്പാെൻറ തകാതോഷി അബെക്കാണ് വെങ്കലം.
ഐ എ എ എഫ് ഡയമണ്ട് ലീഗിൽ 400 മീറ്റർ ഹർഡിൽസിൽ നിലവിലെ റെക്കോർഡിനുടമ കൂടിയാണ് അബ്ദുറഹ്മാൻ സാംബ. അതേസമയം, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഖത്തർ താരം യാസിർ മുബാറക് വെള്ളി കരസ്ഥമാക്കി. 8:22.79 മിനുട്ടിൽ സ്വർണം നേടിയ ഇറാെൻറ ഹുസൈൻ കെയ്ഹാനിക്ക് പിറകിൽ 8:28.21 മിനുട്ടിലാണ് മുബാറക് വെള്ളി നേട്ടത്തിലെത്തിയത്. 8:29.42 മിനുട്ടിൽ ജപ്പാെൻറ കസൂയ ഷിജോരി വെങ്കലം കരസ്ഥമാക്കി.
ഹാൻഡ്ബോളിൽ മെഡലുറപ്പിച്ച് അന്നാബികൾ
ഏഷ്യൻ ഗെയിംസ് ഹാൻഡ്ബോളിൽ ഖത്തർ ടീം ഫൈനലിലെത്തി. ഇതോടെ ഖത്തറിന് ഈയിനത്തിൽ മെഡലുറപ്പായി. സെമിയിൽ ദക്ഷിണ കൊറിയയെ 27–20ന് പരാജയപ്പെടുത്തിയാണ് അന്നാബികൾ ഫൈനലിലേക്ക് പന്തെറിഞ്ഞത്.
വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ജപ്പാൻ–ബഹ്റൈൻ മത്സര വിജയികളെയാണ് ഖത്തർ ടീം നേരിടുക. പാരമ്പര്യവൈരികളായ സൗദി അറേബ്യയെ പരാജയപ്പെടുത്തിയാണ് ഖത്തർ സെമിയിലെത്തിയത്.
ബീച്ച് വോളിയിലും മെഡലുറപ്പിച്ച് ഖത്തർ
കരുത്തരായ ചൈനയെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി ഏഷ്യൻ ഗെയിംസ് ബീച്ച് വോളിയിൽ ഖത്തർ ടീം കലാശപ്പോരിന് അർഹത നേടി. ഖത്തറിനായി ഷെരിഫ് യൂനുസിയും അഹ്മദ് തിജാനുമാണ് പോരിനിറങ്ങിയത്. ബീച്ച് വോളി വേൾഡ് ടൂറിൽ ലോക പത്താം നമ്പർ ടീമായ ഖത്തർ 45 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിൽ 21–18, 26–24 എന്ന സ്കോറിനാണ് ചൈനയെ കീഴടക്കിയത്. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഇന്തോനേഷ്യയാണ് ഖത്തറിെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.