ദോഹ: കഴിഞ്ഞദിവസം സമാപിച്ച രാജ്യാന്തര കാർഷിക-പരിസ്ഥിതി പ്രദർശനത്തിൽ ലുലു ഗ്രൂപ്പിന് ഖത്തർ മുനിസിപ്പാലിറ്റി, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയങ്ങളുടെ ആദരവ്. മാർച്ച് ഒമ്പതു മുതൽ 14വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന രാജ്യാന്തര പ്രദർശനമായ അഗ്രിടെക്യൂ, എൻവയോടെക്യൂ മേളയിൽ ഗോൾഡ് സ്പോൺസർ എന്ന നിലയിലെയും സജീവമായ പങ്കാളിത്തത്തിനുമായാണ് ലുലു ഹൈപ്പർമാർക്കറ്റിനെ അധികൃതർ ആദരിച്ചത്.
മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം മന്ത്രി ശൈഖ് ഡോ. ഫലാഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി എന്നിവർ ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമദ് അൽതാഫിന് സർട്ടിഫിക്കറ്റും മൊമെന്റോയും കൈമാറി.
മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ ലുലു ഗ്രൂപ്പിന്റെ പവിലിയൻ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. എക്സിബിഷൻ കമ്മിറ്റി മേധാവി മുഹമ്മദ് അലി അൽ ഖൗറി അദ്ദേഹത്തെ അനുഗമിച്ചു. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി ലുലു ഗ്രൂപ് വിഭാവനം ചെയ്യുന്ന ഭക്ഷ്യ സുരക്ഷ, സുസ്ഥിര പദ്ധതികൾ ഡോ. അൽതാഫ് വിശദീകരിച്ചു.
മാലിന്യം കുറക്കുന്ന റിവേഴ്സ് വെൻഡിങ് മെഷീന്റെയും പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെയും പ്രദർശനം പവിലിയനിൽ ഒരുക്കിയിരുന്നു. തദ്ദേശീയമായ 50ഓളം ഉൽപന്നങ്ങൾ ഉൾപ്പെടെ സജീവമായിരുന്നു പ്രദർശനനഗരിയിലെ പവിലിയൻ. രാജ്യാന്തര ശ്രദ്ധേയമായ പ്രദർശനത്തിൽ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിൽ ലുലു ഗ്രൂപ്പിന് അഭിമാനമുണ്ടെന്നും പ്രാദേശിക കർഷകരെയും കമ്പനികളെയും പിന്തുണക്കുന്നതാണ് പാരമ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലായിരുന്നു മേളയിലെ ലുലു പവിലിയൻ ഉദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.