ദോഹ: സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താൻ ബഹുസ്വരത കൂടിയേ തീരൂ എന്ന് മഖ്ദൂമിയ്യ ഇന്റലക്ച്വൽ ക്ലബ്ബ സംഘടിപ്പിച്ച ‘ബഹുസ്വരതയുടെ സൗന്ദര്യം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഖത്തർ കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള ചരിത്ര - പഠന വേദിയാണ് ‘മഖ്ദൂമിയ ഇന്റലക്ച്വൽ ക്ലബ്’. ഇന്ത്യയിൽ ഉയർന്നുകേൾക്കുന്ന ഏക സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾ ഏറെ ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ടതുണ്ട്. ഏക സിവിൽ കോഡ് ഏകീകരിക്കാനല്ല ഭിന്നിപ്പിക്കാനുള്ളതാണെന്നും അതിന്റെ ഭാഗമായി ഒരു മുസ്ലിം പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്ന് വിഭാഗീയത ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇന്ത്യ എന്നത് സംസ്കാര ബഹുത്വമുള്ള, വൈവിധ്യമുള്ള ഒരു രാജ്യമാണ്. അങ്ങനെയിരിക്കെ ഏക സിവിൽകോഡ് എന്നത് ഒരു മുസ്ലിം പ്രശ്നമല്ല അത് ഇന്ത്യയുടെ പ്രശ്നമാണ് എന്നത് എല്ലാവരും തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെന്നും അഭിപ്രായമുയർന്നു. ഷഫീഖ് കടവ് ഖിറാഅത്ത് നടത്തി. ഖത്തർ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പി.എസ്. റാഫി അധ്യക്ഷത വഹിച്ചു. വിഷയത്തെ ആസ്പദമാക്കി മാധ്യമ പ്രവർത്തകരായ ഷഫീക് ആലിങ്ങൽ, ഫൈസൽ ഹംസ തുടങ്ങിയവർ സംസാരിച്ചു. ഗഫി ബിൻ ഖാദർ സ്വാഗതവും ഹാഫിസ് പാറയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.