ദോഹ: മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഇക്കുറി ഏറെ ആകർഷകമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50ലേറെ വൈവിധ്യമാർന്ന ഹോട്ട് എയർ ബലൂണുകൾ പത്തുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ മാനത്ത് വർണവസന്തം വിരിയിക്കും. ഇക്കുറി വിനോദം നിറഞ്ഞ ഫാമിലി ഇവന്റായാണ് പരിപാടി ഒരുക്കുന്നത്.
ജനുവരി 19 മുതൽ 28വരെ ഓൾഡ് ദോഹ പോർട്ടിൽ ഗ്രാൻഡ് ക്രൂസ് ടെർമിനലിന് പിന്നിലായാണ് ബലൂൺ ഫെസ്റ്റിവൽ അരങ്ങേറുന്നത്. പലവിധ വലുപ്പത്തിലും നിറത്തിലും ആകൃതിയിലുമുള്ള നിരവധി ബലൂണുകൾ അണിനിരക്കുന്ന ഉത്സവം കുടുംബസമേതം ആളുകളെ ആകർഷിക്കുന്ന ഒന്നാവും. ‘നിങ്ങളുടെ കുടുംബം, കൂട്ടുകാർ എന്നിവർക്കൊപ്പം ഹോട്ട് എയർ ബലൂണുകളുടെ മറക്കാനാവാത്ത മായക്കാഴ്ചകൾ ആസ്വദിക്കാനായി ഒത്തുചേരൂ’ -ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.
ആകാശത്തെ ബലൂണുകൾക്കൊപ്പം സംഗീതവും മറ്റു കലാപരിപാടികളും ഭക്ഷണ കൗണ്ടറുകളുമൊക്കെയായി താഴെയും ആഘോഷം പൊടിപൊടിക്കും. മ്യൂസിക് ബാൻഡുകൾ, ഡി.ജെകൾ, ഗായകർ എന്നിവരൊക്കെ ചേർന്ന് പത്തുദിവസവും പരിപാടികളുണ്ടാകും. രാത്രിയിൽ ബലൂണുകളുടെ വിസ്മയക്കാഴ്ചകളും സന്ദർശകർക്ക് ഹരംപകരും. മെയിൻ സ്റ്റേജിലെ സംഗീത പരിപാടികൾക്കൊപ്പം മാനത്തെ ഇരുട്ടിൽ ദീപശോഭയോടെ ഒഴുകിനടക്കുന്ന ബലൂണുകൾ വേറിട്ട കാഴ്ചയൊരുക്കും.
ലെനി കാന്റ്, പാട്രിക് സിമ്മൺസ് (ബെൽജിയം), പാവേൽ കോസ്ട്രൂൻ (ചെക് റിപ്പബ്ലിക്), കരീം റാഷ്, ക്രിസ്റ്റോഫ് ലെറെ (ഫ്രാൻസ്), ആന്ദ്രിയാസ് ബോസ്, നിലിസ് റോമെലിങ്, ടോഴ്സ്റ്റൻ സ്പ്രെങ്ങർ (ജർമനി), ആരോൺ നൈറി (ഹംഗറി), പോളോ ഒഗിയോനി (ഇറ്റലി), ആൽബർട്ടാസ് കെർദോകാസ്, കെസ്റ്റ്യൂട്ടിസ് പെട്രോണിസ്, ആൽഫ്രെഡാസ് റീകെർട്ടാസ്, റൊമാനാസ് മികെലെവിഷ്യസ് (ലിത്വേനിയ), ബോർഷെ പൗനോവ്സ്കി (മാസിഡോണിയ), ആന്ദ്രേ ബ്രോബ്യെർ (നോർവെ), മെറെക് മിഹാലിച്ച്, ജാസെക് ബോഗ്ഡാരിസ്കി, ക്രിസ്റ്റോഫ് ബോർകോവ്സ്കി (പോളണ്ട്), ഗീർത് വാൻ വോവെലാർ (തുർക്കി), ആന്ദ്രേ സെനെകോവിച്ച് (സ്ലൊവീനിയ), ഡേവ് ബേകർ, ജൊനാഥൻ ഡയർ, പോൾ വേഡ്, ക്രിസ് ഡേവീസ്, ആൻഡ്രൂ വാലസ്, മാർട്ടിൻ റീഡ്. ലീ ഹൂപ്പർ (യു.കെ), വാർലി മാസിഡോ, മുറിലോ പെരീറ ഗോൺസാൽവസ് (ബ്രസീൽ), സ്റ്റീവ് വിൽകിൻസൺ, പാട്രിക് ഫോഗ് (യു.എസ്), മത്തേ ഹ്രുസ്റ്റിനെക് (സ്ലൊവാക്യ), തുടങ്ങിയ ലോകത്തിലെ പ്രമുഖർ തങ്ങളുടെ ബൂണുകളുമായി ഫെസ്റ്റിവലിനെത്തും.
ലെനി കാർട്ടിന്റെ സ്ട്രോബറി ആകൃതിയിലുള്ള ബലൂണും ടോഴ്സ്റ്റൻ സ്പ്രെങ്ങറുടെ സൺഫ്ലവറിന്റെ രൂപത്തിലുള്ള ബലൂണും മേളയുടെ ആകർഷണമാവും. ഒപ്പം ഗീർത് വാൻ വോവെലാറിന്റെ ഹൃദയത്തിന്റെ ആകൃതിയിലുള്ള ബലൂണും വാർലി മാസിഡോയുടെ പക്ഷിയുടെ രൂപത്തിലുള്ള ബലൂണുമൊക്കെ കാണികളുടെ കൈയടിനേടും. യക്ഷിയുടെ ആകൃതിയിലുള്ള ബലൂണാണ് മുറിലോ പെരീറ ഗോൺസാൽവസിന്റേതെങ്കിൽ അന്യഗ്രഹജീവിയുടെ രൂപത്തിലുള്ള ബലൂണാണ് ഇക്കുറി ലീ ഹൂപ്പറുടേത്.
ബലൂണിൽ യാത്ര ചെയ്യണോ? വഴിയുണ്ട്
ഹോട്ട് എയർ ബലൂണിൽ ആകാശത്തുകൂടെ പറക്കണമെന്ന് താൽപര്യമുള്ളവർക്ക് അതിനും വഴിയുണ്ട്. ഒരാൾക്ക് 499 ഖത്തർ റിയാൽ നൽകിയാൽ ആ ആഗ്രഹം പൂവണിയും. ബലൂൺ ഫെസ്റ്റിവലിന്റെ എക്സിക്യൂട്ടിവ് പാർട്ണർമാരായ asfary.com വഴിയാണ് ഇതിനുള്ള ടിക്കറ്റ് വിൽപന. രാവിലെ 30-45 മിനിറ്റ് സമയം ബലൂണിൽ ചുറ്റിയടിക്കാം. ജനുവരി മുതൽ മാർച്ച് വരെയാണ് ഇതിനുള്ള അവസരം. മാർച്ച് 20ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.