ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ സംഘാടന ചുമതല വഹിച്ച സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയെ ബോർഡായി പുനഃസംഘടിപ്പിച്ച് അമീറിന്റെ ഉത്തരവ്. പ്രധാനമന്ത്രിയെ ചെയർമാനും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റിനെ വൈസ് ചെയർമാനും ആയി നിയമിച്ചാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയെ ബോർഡായി മാറ്റിയത്.
ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, സാംസ്കാരിക മന്ത്രി, കായിക മന്ത്രി, ഖത്തർ ടൂറിസം ചെർമാൻ, എസ്.സി സെക്രട്ടറി ജനറലായിരുന്ന ഹസൻ ബിൻ അബ്ദുല്ല അൽ തവാദി, എൻജി. യാസർ അബ്ദുല്ല അൽ ജമാൽ, ഓർഗനൈസിങ് കോൺഫറൻസ് പെർമനന്റ് കമ്മിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ എന്നിവരാണ് മറ്റു അംഗങ്ങൾ. ഇവർക്കു പുറമെ വിവിധ മത്സരങ്ങളുടെ സംഘാടനത്തിൽ പരിചയമുള്ള മൂന്നുപേരെകൂടി ചെയർമാന് ബോർഡിലേക്ക് നിർദേശിക്കാം.
2022 ലോകകപ്പ് ഫുട്ബാളിനായി ഖത്തർ ആതിഥ്യം സ്വന്തമാക്കിയതിന് ശേഷം 2011ലാണ് ടൂർണമെന്റ് സംഘാടന ചുമതലയിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി രൂപവത്കരിക്കുന്നത്.
സ്വതന്ത്ര ചുമതലയുള്ള സംവിധാനമായി സ്ഥാപിച്ച സുപ്രീം കമ്മിറ്റിക്കായിരുന്നു ലോകകപ്പിന്റെ സംഘാടനവും നയരൂപവത്കരണവും ഉൾപ്പെടെ ദൗത്യങ്ങൾ. ഒരു പതിറ്റാണ്ടിലേറെ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ കായികമേളകൾ വിജയകരമായി സംഘടിപ്പിച്ചതിന് പിന്നാലെയാണ് കമ്മിറ്റിയെ ബോർഡായി നിലനിർത്താൻ അമീർ ഉത്തരവിടുന്നത്. ഭാവിയിൽ രാജ്യം വേദിയൊരുക്കുന്ന വിവിധ മേളകളുടെ സംഘാടന ചുമതലയോടെ ബോർഡ് പ്രവർത്തനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.