ദോഹ: ചുടുചോരയുടെ മണം വിട്ടുമാറാത്ത ഗസ്സയിൽ നിന്നുള്ള നെഞ്ച് പിളർത്തും കാഴ്ചകളുമായി ഖത്തറിന്റെ ചലച്ചിത്ര പ്രദർശനമായ അജ്യാലിന്റെ ഭാഗമായി ‘ഇൻതാജ്’. നവംബർ 16 മുതൽ 23 നടക്കുന്ന അജ്യാലിന്റെ ഭാഗമായുള്ള ‘ഇൻതാജ്’ പ്രദർശനത്തിൽ ഗസ്സയിൽ നിന്നുള്ള 22 ഹ്രസ്വചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
വിഖ്യാത ഫലസ്തീൻ ചലച്ചിത്രകാരൻ റാഷിദ് മഷ്റാവിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 13 മാസത്തെ ഇസ്രായേൽ ആക്രമണങ്ങളുടെ ക്രൂരമായ മുഖങ്ങൾ പകർത്തിയ ദൃശ്യങ്ങളെത്തുന്നത്. യുദ്ധവേളയിൽ ഫലസ്തീനിലുള്ള ചലച്ചിത്രകാരന്മാർ പകർത്തിയ ‘ഗ്രൗണ്ട് സീറോ’ ദൃശ്യങ്ങളുമായാണ് ഇൻതാജ് പ്രദർശനം അരങ്ങേറുന്നത്. അജ് യാൽ എക്സിബിഷന്റെ ഭാഗമായി നടക്കുന്ന പ്രധാന പരിപാടി കൂടിയാണിത്.
ഓരോ ചലച്ചിത്രകാരനും യുദ്ധം തങ്ങളിൽ സമ്മാനിച്ച വ്യക്തിപരമായ വിവരണങ്ങളും കാഴ്ചകളുമായാണ് ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നത്. മൂന്നു മുതൽ ആറ് മിനിറ്റ് വരെയാണ് ഓരോ ഫിലിമിന്റെയും ദൈർഘ്യം. ഫിക്ഷനും ഡോക്യുമെന്ററിയും ആനിമേഷനും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് ഇൻതാജിലെ ഈ ശ്രേണിയിൽ നൽകുന്നത്.
യുദ്ധത്തിന്റെ ഭീകരതയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ജീവിതം തകർത്തതും ഗസ്സയുടെ ഭാവിയുമെല്ലാം വരച്ചിടുന്ന ദൃശ്യവിസ്മയം ലോകത്തിനുള്ള വലിയ സന്ദേശമായാവും സികാത് വാദി മുശൈരിബിൽ പ്രദർശിപ്പിക്കുന്നത്.
റീമ മഹ്മൂദ്, മുഹമ്മദ് അൽ ഷരിഫ്, അഹമ്മദ് ഹസൗന, ഇസ്ലാം അൽ സെരി, മുസ്തഫ കുലാബ്, നിദാൽ ദമോ, അഹമ്മദ് ദനഫ്, അലാ ഇസ്ലാം അയൂബ്, ഖാമിസ് മഷാറവി, ബഷർ അൽ ബൽബിസ്, തമിർ നിജിം, ഇസ്തിമാദ് വഷാഹ്, കരിം സതൗം, അലാ ദമോ, അവ്സ അൽ ബന്ന, റബാബ് ഖാമിസ്, മുസ്തഫ അൽ നബിഹ്, നെദ അബു ഹസ്ന, ഹന എലീവ, വിസാം മൗസ, ബാസിൽ അൽ മഖൗസി, മഹ്ദി കെരി എന്നിവരുടേതാണ് പ്രദർശനത്തിലെ ചിത്രങ്ങൾ.
‘ഗ്രൗണ്ട് സീറോ’ എന്ന പേരിലുള്ള പ്രദർശനത്തിലൂടെ ഗസ്സയിലെ സർഗാത്മക സമൂഹത്തിന്റെ ശബ്ദത്തെ ഇൻതാജിലൂടെ ആദരിക്കുകയാണെന്ന് ഡി.എഫ്.ഐ സി.ഇ.ഒയും ഫെസ്റ്റിവൽ ഡയറക്ടറുമായ ഫാതിമ ഹസൻ അൽ റിമൈഹി പറഞ്ഞു.
‘അതിജീവനത്തിന്റെ കഥകൾ മാത്രമല്ല, ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും കലാപരമായ ആവിഷ്കാരത്തിന്റെ ശക്തിയെ പ്രതിനിധീകരിക്കുന്നവയാണവ. കേൾക്കാൻ അർഹതയുള്ളതും സത്യം വിളിച്ചുപറയാൻ ധൈര്യവും പ്രകടിപ്പിക്കുന്ന സമൂഹത്തിനുള്ള ആദരമാണിത് -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.