ദോഹ: ഖത്തറിലെ കളിയാവേശത്തിന് തിരികൊളുത്തിയ ഖിയ ചാമ്പ്യൻസ് ലീഗിലെ പോരാട്ടങ്ങൾ മൂന്നാം റൗണ്ടിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും സന്തോഷ് ട്രോഫിയിലെയും താരങ്ങൾ വിവിധ ടീമിലായി മാറ്റുരക്കുന്ന ടൂർണമെന്റിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കാത്തിരിക്കുന്നത് മരണക്കളികൾ.
ദോഹ സ്റ്റേഡിയം വേദിയാകുന്ന ടൂർണമെന്റിൽ വ്യാഴാഴ്ച രാത്രി എട്ടിന് സീഷോർ മേറ്റ്സ് ഖത്തർ-ഫോഴ്സ് എക്സ് കെയർ ആൻഡ് ക്യുവറിനെ നേരിടും. രാത്രി 9.30നാണ് സഫാരി ഫൈഡ്രേ ഫിഫ മഞ്ചേരി എഫ്.സിയും ഗ്രാൻഡ്മാൾ എഫ്.സിയും ഏറ്റുമുട്ടുന്നത്. വെള്ളിയാഴ്ച സ്പീഡ് ഫോഴ്സ് എഫ്.സിയും ഓർബിറ്റ് എഫ്.സിയും (രാത്രി 7.30), സിറ്റി എക്സ്ചേഞ്ച് എഫ്.സി- സ്പിരിറ്റ് ഇവന്റ്സ് ഒലെ എഫ്.സി (9.00) എന്നിവർ ഏറ്റുമുട്ടും.
ഓരോ ടീമിനും രണ്ട് കളി പൂർത്തിയായപ്പോൾ ഗ്രൂപ് ‘എ’യിൽ രണ്ടും ജയിച്ച സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരിയാണ് ആറ് പോയന്റുമായി മുന്നിലുള്ളത്. ഗ്രാൻഡ് മാളിന് നാല് പോയന്റാണുള്ളത്. ‘ബി’ ഗ്രൂപ്പിൽ സിറ്റി എക്സ്ചേഞ്ചിനും സ്പിരിറ്റ് ഇവന്റ്സ് ഒലെ എഫ്.സിക്കും ആറ് പോയന്റ് വീതമുണ്ട്.
റിയൽ കശ്മീർ താരം ജസ്റ്റിൻ, കേരള യുനൈറ്റഡ് താരം സച്ചു, ഗോവൻ എഫ്.സി താരം സൽമാൻ ഫാരിസ്, ഗോകുലം താരം രാഹുൽ രാജ്, കേരള യുനൈറ്റഡിന്റെ ബുജൈർ എന്നിവരാണ് സീഷോർ മേറ്റ്സ് ഖത്തറിൽ ബൂട്ടുകെട്ടുന്നത്.
ഐ ലീഗ് ടീമായ പഞ്ചാബ് എഫ്.സിയുടെ മുഹമ്മദ് സലാഹ് മുതൽ നോർത്ത് ഈസ്റ്റ് താരം മഷൂർ, ഇർഷാദ്, ഹൈദരാബാദിന്റെ റഹീബ്, ഗനി നിഗം തുടങ്ങി ഒരുപിടി താരങ്ങൾ ഗ്രാൻഡ്മാളിനു വേണ്ടി കളിക്കുന്നുണ്ട്. ജംഷദ്പൂർ എഫ്.സി ഗോൾവലയം കാക്കുന്ന ടി.പി. രഹ്നേഷ്, സ്ട്രൈക്കർ ഫാറൂഖ് ചൗധരി, ബ്ലാസ്റ്റേഴ്സ് താരം തേജസ്, മുഹമ്മദൻസിന്റെ ഫസലു, നോർത്ത് ഈസ്റ്റിന്റെ മിർഷാദ് എന്നിവരാണ് ഫിഫ മഞ്ചേരിയുടെ കരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.