ദോഹ: ദേശീയ കായികദിനത്തോടുബന്ധിച്ച് ലുസൈലിലെ ജെനറേഷൻ അമേസിങ് കമ്യൂണിറ്റി ക്ലബ് ഉദ്ഘാടനത്തിൽ താരമായി ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം.
ലോകകപ്പ് ഫുട്ബാളിൻെറ ഫൈനലടക്കമുള്ള മത്സരങ്ങൾക്ക് വേദിയാകുന്ന ലുസൈൽ നഗരത്തിലെ കുട്ടികൾക്കായുള്ള കായിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കമ്യൂണിറ്റി ക്ലബ് നേതൃത്വം വഹിക്കും. വ്യക്തിത്വ വികാസം, ആശയവിനിമയം, സംഘാടനം, നേതൃപാഠവം എന്നിവയിൽ പുതുതലമുറക്ക് കൂടുതൽ അറിവ് നൽകുന്നതാകും സംരംഭം.
ക്ലബിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് മൂന്ന് ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ പ്രതിനിധാനംചെയ്ത് കളിക്കളത്തിലിറങ്ങിയ ഡേവിഡ് ബെക്കാം പങ്കെടുത്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കൊപ്പം പന്തുതട്ടാനും കുട്ടികൾക്കായുള്ള ശിൽപശാലകളിൽ പങ്കെടുക്കാനും താരം സമയം കണ്ടെത്തി.
യുവതലമുറയുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിൽ ഇത്തരം കമ്യൂണിറ്റി ക്ലബുകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് ബെക്കാം പറഞ്ഞു. ജനറേഷൻ അമേസിങ്ങുമായി ബന്ധപ്പെട്ട് ഇവിടെ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും യുവതലമുറയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഈ കമ്യൂണിറ്റി ക്ലബ് ഏറെ സഹായകമാകുമെന്ന് വിശ്വസിക്കുന്നതായും ഇംഗ്ലീഷ് ഇതിഹാസം കൂട്ടിച്ചേർത്തു.
ഖത്തർ, ഇന്ത്യ, പാകിസ്താൻ, ജോർഡൻ, ലബനാൻ, ഒമാൻ, ഫിലിപ്പീൻസ്, റുവാണ്ട, ഉഗാണ്ട, നേപ്പാൾ, മ്യാന്മർ തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖത്തർ ഫിഫ ലോകകപ്പിൻെറ ലെഗസി പ്രോഗ്രാമുകളിലൊന്നാണ് ജനറേഷൻ അമേസിങ്. കായിക സൗകര്യങ്ങളിൽ ഏറെ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ ഇതിനകം വിവിധ രാജ്യങ്ങളിലായ 30ലധികം ഫുട്ബാൾ പിച്ചുകൾ ജനറേഷൻ അമേസിങ് നിർമിച്ച് നൽകിയിട്ടുണ്ട്.
യുവതലമുറയെ കൂടുതൽ ശാക്തീകരിക്കാനും ജീവിതം കൂടുതൽ കരുത്തേകുന്നതിനുമായി ഇവ കമ്യൂണിറ്റി ക്ലബുകളായി പരിവർത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2010ൽ ആരംഭിച്ചത് മുതൽ നേരിട്ടും അല്ലാതെയുമായി 725000 പേരിൽ സ്വാധീനമുണ്ടാക്കാൻ ജനറേഷൻ അമേസിങ്ങിനായിട്ടുണ്ട്.
ലുസൈലിലെ അൽ ഇഗ്ല ട്രെയിനിങ് ഫെസിലിറ്റിയിലാണ് കമ്യൂണിറ്റി ക്ലബ് രൂപവത്കരിച്ചിരിക്കുന്നത്. ലുസൈൽ ജനതയിൽ കായികപരമായും വിദ്യാഭ്യാസപരമായും പ്രത്യേകിച്ച് പെൺതലമുറയിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനും ക്ലബിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ ലെഗസി അംബാസഡർ ഖാലിദ് സൽമാൻ, ആദിൽ ഖമീസ്, മുഹമ്മദ് സഅദൂൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.