ദോഹ: ഖത്തറിന്‍റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിന് മുമ്പാകെ പ്രദർശിപ്പിച്ചുകൊണ്ട് ഫുട്ബാൾ താരം ഡേവിഡ് ബെക്കാമിന്‍റെ സഞ്ചാരം. ഖത്തർ ടൂറിസത്തിന്‍റെ സ്റ്റോപ് ഓവർ അവധിക്കാല പാക്കേജിന്‍റെ മാർക്കറ്റിങ് പ്രചാരണത്തിലാണ് 48 മണിക്കൂറിൽ ബെക്കാം ഖത്തറിന്‍റെ പ്രധാന കേന്ദ്രങ്ങൾ സഞ്ചരിച്ചത്. ബുള്ളറ്റിലും ബോട്ടിലും കുതിരപ്പുറത്തുമായാണ് ഇതിഹാസതാരം രാജ്യത്തിന്‍റെ ഓരോ കോണിലും സഞ്ചരിച്ചത്. കാമ്പയിന്റെ ഭാഗമായി ഡേവിഡ് ബെക്കാം ഖത്തറിലുടനീളം നടത്തിയ സന്ദര്‍ശനത്തിന്റെ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
2030നകം പ്രതിവര്‍ഷം 60 ലക്ഷം സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ടൂറിസം മേഖലയെ പിന്തുണക്കുന്നതിനുവേണ്ടിയാണ് പ്രചാരണപരിപാടി നടത്തുന്നത്.
ബുള്ളറ്റില്‍ ഖത്തറിന്റെ സാംസ്‌കാരിക, വിനോദ, പൈതൃക കേന്ദ്രങ്ങള്‍, സൂഖ് വാഖിഫ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചും പ്രാദേശിക തെരുവുകലകള്‍ ആസ്വദിച്ചും പരമ്പരാഗത രുചികളറിഞ്ഞും മരുഭൂമിയിലെ കൂടാരങ്ങള്‍ സന്ദര്‍ശിച്ചും പായ്ക്കപ്പലില്‍ സമുദ്രകാഴ്ചകള്‍ കണ്ടുമുള്ള ഡേവിഡ് ബെക്കാമിന്റെ യാത്രകള്‍ ഏതൊരു സന്ദര്‍ശകനെയും ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
സാംസ്‌കാരിക കേന്ദ്രങ്ങള്‍ മുതല്‍ ഖത്തറിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ വരെ സന്ദര്‍ശകര്‍ക്ക് എങ്ങനെയാണ് ഖത്തര്‍ മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നത് എന്ന് എടുത്തുകാട്ടുന്നതാണ് ബെക്കാമിന്റെ സന്ദര്‍ശന വിഡിയോ.
48 മണിക്കൂറിലെ കാഴ്ചകളിലൂടെ മികച്ച അനുഭവം സ്വന്തമാക്കാന്‍ കഴിഞ്ഞതായി ഡേവിഡ് ബെക്കാം അഭിപ്രായപ്പെട്ടു. യാത്രക്കൊപ്പം ശ്രദ്ധേയമായ കൂടിക്കാഴ്ചകളും നടത്തി. പേള്‍ ഡൈവര്‍ സാദ് ഇസ്മയില്‍ അല്‍ ജാസിം, ഖത്തരി കലാകാരന്മാര്‍, ഖത്തര്‍ മ്യൂസിയം അധികൃതര്‍, ഫാല്‍ക്കണ്‍ പരിശീലകര്‍, ഷെഫുമാര്‍, ഖത്തരി മോട്ടര്‍സൈക്കിള്‍ ചാമ്പ്യന്‍ സയീദ് അല്‍ സുലൈത്തി തുടങ്ങി വിവിധ വ്യക്തിത്വങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
മുൻ ഇംഗ്ലീഷ് ഫുട്ബാൾ താരമായ ബെക്കാമിലൂടെ ഖത്തറിന്‍റെ കാഴ്ചകൾ ലോകമെങ്ങുമുള്ള ആസ്വാദകരിൽ എത്തിക്കുകയാണ് ടൂറിസം വിഭാഗം. അതിന്‍റെ ഭാഗമായാണ് പ്രചാരണപരിപാടിക്ക് തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.