ദോഹ: ഏഴാമത് ദോഹ രാജ്യാന്തര സമുദ്ര-പ്രതിരോധ പ്രദര്‍ശനം (ഡിംഡെക്‌സ്) അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ഖത്തർ നാഷനൽ കൺവെൻഷൻ സെന്‍ററിൽ തിങ്കാഴ്ച രാവിലെ പ്രധാനമന്ത്രിയും മന്ത്രിമാരും വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും വിവിധ രാജ്യങ്ങളുടെ സേനാ മേധാവികളും നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു സൈനിക-പ്രതിരോധ പ്രദർശനത്തിന് തുടക്കം കുറിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുടരുന്ന പ്രദർശനത്തിൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾ പങ്കാളികളാവുന്നുണ്ട്.
ലോകത്തിന്‍റെ സമുദ്ര പ്രതിരോധ, സുരക്ഷാ സമൂഹങ്ങളെ ബന്ധിപ്പിക്കുന്നു എന്ന പ്രമേയത്തിലാണ് വിവിധ രാജ്യങ്ങളുടെ സൈനിക, പ്രതിരോധ സംവിധാനങ്ങൾ ഖത്തറിന്‍റെ മണ്ണിൽ അണിനിരക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, വിവിധ മന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ, അംബാസഡർമാർ, സൈനിക മേധാവികൾ, ഖത്തരി ആംഡ് ഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ, സുരക്ഷാ-മരിടൈം പ്രതിരോധ വിഭാഗങ്ങളിലെ വിദഗ്ധർ എന്നിവർ ഉൾപ്പെടെ പങ്കെടുത്തു. ഖത്തരി ആംഡ് ഫോഴ്സിന്‍റെ ഡോക്യുമെന്‍ററി പ്രദർശനവുമുണ്ടായിരുന്നു. തുടർന്ന് അമീർ പ്രദർശന നഗരി സന്ദർശിച്ചു. വിവിധ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും സൈനിക, പ്രതിരോധ ഉപകരണങ്ങളും അമീർ സന്ദർശിച്ചു.
സൈനിക, സുരക്ഷാ മേഖലയിലെ വിദഗ്ധർക്കിടയിൽ ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞ ഡിംഡെക്സ് പ്രദർശനത്തിന്‍റെ പ്രാധാന്യം ഓരോ വർഷവും ഉയർന്നുവരുകയാണെന്ന് ചടങ്ങിൽ സംസാരിച്ച ഖത്തരി അമിരി നാവൽ ഫോഴ്സ് കമാൻഡർ മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ സുലൈതി പറഞ്ഞു. തുറമുഖങ്ങൾ ഓരോ രാജ്യങ്ങളെയും ലോകവുമായി കൂടുതൽ ബന്ധപ്പെടുത്തുന്നതിന് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായും തന്ത്രപരമായും അഭിവൃദ്ധിപ്പെടാനും വിഭവങ്ങൾ വർധിക്കാനും തുറമുഖങ്ങൾവഴിയൊരുക്കും.
അതേസമയം, സങ്കീർണതകൾ നിറഞ്ഞതുമാണ്. അവയെ അഭിമുഖീകരിക്കേണ്ടത് പ്രധാനഘടകമാണെന്നും അദ്ദേഹം പറഞ്ഞു. നാവിക, കരസേനകളിലെ കമാൻഡർമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പ്രതിരോധ-സുരക്ഷ വിഷയങ്ങളിൽ നിർണായക ചർച്ചകൾക്കും തീരുമാനങ്ങൾക്കുമുള്ള അവസരമാണ് 'ഡിംഡെക്സ് 2022' പ്രദർശനമെന്ന് ഖത്തർ അമിരി എയർ ഫോഴ്സ് വക്താവ് ബ്രിഗേഡിയർ പൈലറ്റ് മിഷാൽ ഇബ്രാഹിം അൽ നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.