ദോഹ: വിശ്വമേളയിൽ കിരീടപ്രതീക്ഷയുമായി എത്തുന്ന ബെൽജിയം താരപ്പടയുടെ താമസവും പരിശീലനവുമെല്ലാം രാജ്യത്തിന്റെ തെക്കെ അറ്റത്തെ അബു സംറയിൽ. നഗരത്തിരക്കിൽനിന്ന് മാറി, നൂറ് കിലോമീറ്ററിൽ ഏറെ ദൂരെ അബു സംറയിലെ ഹിൽട്ടൺ സൽവ ബീച്ച് റിസോർട്ടാണ് ടീമിന്റെ ബേസ് ക്യാമ്പായി നിശ്ചയിച്ചത്.
ബേസ് ക്യാമ്പ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായതായും ഹോട്ടൽ അധികൃതരും പ്രാദേശിക സംഘാടകരുമായും കരാറിൽ ഒപ്പുവെച്ചതായും ബെൽജിയം ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. രാജ്യത്തിന്റെ തലസ്ഥാനനഗരിയായ ദോഹയുടെ തിരക്കുകൾ ഒഴിവാക്കിയാണ് ടീമിന്റെ താമസത്തിന് ഹിൽട്ടൺ സൽവ തിരഞ്ഞെടുത്തതെന്ന് അധികൃതർ വിശദീകരിച്ചു.
കളിക്കാർക്ക് പരിശീലനത്തിനും ഫിറ്റ്നസ് ട്രെയ്നിങ്ങിനും വിനോദത്തിനുമായി സമയം ചെലവഴിക്കാനുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിൽട്ടൺ സൽവ. സ്പോര്‍ട്സ് ഹാളുകള്‍, ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകള്‍, എന്നിവക്കൊപ്പം രണ്ട് പരിശീലന ഗ്രൗണ്ടുകളും ഇവിടെയുണ്ട്. അധികം യാത്ര ചെയ്യാതെ മികച്ച പരിശീലനസൗകര്യങ്ങളുള്ള ബേസ് ക്യാമ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, കാനഡ, മൊറോക്കോ ടീമുകള്‍ക്കൊപ്പം ഗ്രൂപ് എഫിലാണ് ബെല്‍ജിയത്തിന്റെ മത്സരങ്ങൾ. നവംബര്‍ 23ന് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ കാനഡയുമായാണ് ആദ്യ മത്സരം. 27നും 29നുമാണ് മറ്റു മത്സരങ്ങള്‍. അർജന്റീന ടീമിന് ഖത്തർ ഫൗണ്ടേഷൻ കാമ്പസിലും ജർമൻ ടീമിന് അൽ റുവൈസിലെ സുലാൽ വെൽനസ് റിസോർട്ടിലുമാണ് താമസസൗകര്യം ഒരുക്കിയത്. വരും ദിനങ്ങളിൽ കൂടുതൽ ടീമുകൾ തങ്ങളുടെ ബേസ് ക്യാമ്പ് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.