ദോഹ: സൂപ്പർഹിറ്റ് ഗാനങ്ങളുമായി ആരാധകരുടെ പ്രിയപ്പെട്ട ഗായകർ ഇന്ന് ദോഹയിൽ നിറഞ്ഞാടും. തെന്നിന്ത്യൻ സംഗീത ലോകത്തെ ശ്രദ്ധേയരായ ബെന്നി ദയാലും ഡോ. കെ.എസ് ഹരിശങ്കറും നയിക്കുന്ന ‘ഇൻ ടു ദി ബ്ലൂസ്’ സംഗീത പരിപാടിക്ക് ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ വ്യാഴാഴ്ച രാത്രി 7.30 മുതൽ വേദിയാവും.
എല്ലാത്തരം സംഗീത ആസ്വാദകർക്കും ആഘോഷിക്കാനുള്ള വിഭവങ്ങളുമായാണ് ‘ഇൻ ടു ദി ബ്ലൂസ്’ വേദിയിലെത്തുകയെന്ന് ബെന്നി ദയാൽ ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇനി മൾട്ടി മ്യൂസിക് ബാൻഡുകൾ ഒരു വേദിയിൽ അണിനിരക്കുന്ന കാലമാണെന്നും ഒരുപാട് കലാകാരന്മാർ സ്വന്തമായി മ്യൂസിക്കൽ ബാൻഡ് അവതരിപ്പിക്കുമ്പോൾ അവരെയെല്ലാം ഒന്നിച്ച് വേദിയിലെത്തുന്നത് ആസ്വാദകർക്ക് അപൂർവ സംഗീത അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബെന്നി ദയാൽ നയിക്കുന്ന ബാൻഡ് ഫങ്ച്ചുവേഷനും കെ.എസ്. ഹരിശങ്കറിന്റെ പ്രഗതി ബാൻഡും ഒരേവേദിയിൽ അണിനിരക്കുന്നുവെന്ന പ്രത്യേകത ‘ഇൻ ടു ദി ബ്ലൂസ്’ മ്യൂസിക്കൽ നൈറ്റിനുണ്ട്. രാത്രി ഏഴരക്ക് ആരംഭിക്കുന്ന പരിപാടി അഞ്ചു മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത ഉത്സവമാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. കലാകാരന്മാർ കഴിഞ്ഞ ദിവസം തന്നെ ദോഹയിലെത്തിയിരുന്നു.
സംഗീതമാന്ത്രികൻ എ.ആർ. റഹ്മാൻ ബാൻഡ് അംഗവും വിവിധ ഭാഷകളിൽ ഹിറ്റ് പാട്ടുകൾ സമ്മാനിക്കുകയും ചെയ്ത ഗായകനാണ് ബെന്നി ദയാൽ. ഗായിക അഞ്ജു ജോസഫ്, സിറ്റി എക്സ്ചേഞ്ച് റിലേഷൻഷിപ് മാനേജർ സജു ജെയിംസ്, റഹീപ് മീഡിയുടെ ഷാഫി പാറക്കൽ, റാഡിസൺ ബ്ലൂ മാനേജർ എംറി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.