ദോഹ: ലോകത്തിന് വായിക്കാനും അക്ഷരങ്ങളിലൂടെ വിസ്മയയാത്ര നടത്താനും വലിയൊരു പുസ്തകം തുറന്നുവെക്കുകയാണ് ഖത്തറിെൻറ തലസ്ഥാന നഗരമായ ദോഹ. വാന ോളം വായിക്കാനും ലോകമെങ്ങുമുള്ള അക്ഷരപ്രേമികൾ ആശയവിനിമയത്തിനും ആഹ്ലാദദിനങ്ങ ൾക്കുമായി ആവേശത്തോടെ കാത്തിരിക്കുന്ന ദോഹ രാജ്യാന്തര പുസ്തകോത്സവമേളയുടെ 30ാം പതി പ്പിന് വ്യാഴാഴ്ച കൊടിയേറും. സാംസ്കാരിക കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന രാജ്യാ ന്തര പുസ്തകോത്സവം ജനുവരി 18 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് നടക്കു ന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പുസ്തകമേ ള. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ രാജ്യാന്തര സാംസ്കാരിക പരിപാടികളിലൊന്നാണിത്. ഖത്തര്‍ സെൻറര്‍ ഫോര്‍ കള്‍ചറല്‍ ആൻഡ് ഹെറിറ്റേജ് ഇവൻറ്സിെൻറ മേല്‍നോട്ടത്തിലും സംഘാടനത്തിലുമാണ് പുസ്തകോത്സവം ഒരുക്കുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും അറബ് മേഖലയിൽനിന്നുമുള്ള 335 ഓളം പ്രസാധകശാലകൾ മേളയിൽ പങ്കാളികളാവും. അറബ്, വിദേശ പ്രസാധകർ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവക്കായി പ്രത്യേക സൗകര്യങ്ങളാണൊരുക്കിയിട്ടുള്ളത്. നിരവധി എംബസികളുടെ പങ്കാളിത്തത്തിനുപുറമെ 797 പവിലിയനുകളും ഉണ്ടാകും. രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളും അവയുടെ സമയക്രമവും വിശദമായി വിലയിരുത്തിയശേഷമാണ് പുസ്തകോത്സവത്തിെൻറ തീയതിയില്‍ മാറ്റംവരുത്തിയത്. പരിപാടികള്‍ ഒന്നിച്ചുനടക്കുന്ന സാഹചര്യം ഒഴിവാക്കിയാണ് തീയതി തീരുമാനിച്ചത്. ഡിസംബര്‍ 18 ദേശീയദിനാഘോഷം, പൊതു സ്വകാര്യ സ്കൂളുകളിലെ പരീക്ഷകള്‍, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് പുസ്തകോത്സവം ജനുവരിയിലേക്ക് മാറ്റിയത്. ഖത്തറിലെയും അറബ്്, വിദേശ രാജ്യങ്ങളിലെയും ചിന്തകരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടുന്ന നിരവധി സാംസ്കാരിക പരിപാടികളും മേളയിൽ അരങ്ങേറും. അറബ്്, വിദേശരാജ്യങ്ങളും നൂറുകണക്കിന് പ്രസാധകരും പങ്കെടുക്കും. മേഖലയിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നാണ് ദോഹയിലേത്. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം പോലുള്ള നിരവധി മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ മന്ത്രാലയം, ഖത്തര്‍ യൂനിവേഴ്സിറ്റി ഉൾപ്പെടെയുള്ളവ ഇത്തവണയും മേളയിൽ പങ്കെടുക്കും.1972ലായിരുന്നു ആദ്യ പുസ്തകോത്സവം നടന്നത്.
ഖത്തർ-ഫ്രാൻസ് സാംസ്കാരികാഘോഷം: മികച്ച പങ്കാളിത്തവുമായി ഫ്രാൻസ്
2020 ഖത്തർ-ഫ്രാൻസ് സാംസ്കാരികവർഷമായി ആഘോഷിക്കുകയാണ്. ഇത്തവണത്തെ പുസ്തകമേളയിൽ ഫ്രഞ്ച് പ്രസാധകരുടെ ഉൾപ്പെടെ വര്‍ധിച്ച പങ്കാളിത്തമാണുള്ളത്. ഫ്രാന്‍സിെൻറ വൈവിധ്യമാര്‍ന്ന സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്ന തരത്തിലായിരിക്കും മേള. ഒപ്പം, ഖത്തറും ഫ്രാന്‍സും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പരസ്പര ധാരണ, അംഗീകാരം, വിലമതിപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും മേള സഹായിക്കും.
മലയാളത്തിന് അഭിമാനമായി ഐ.പി.എച്ച്
കേരളത്തിലെ പ്രസിദ്ധീകരണശാലയായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) ഇത്തവണയും മേളയിൽ പങ്കെടുക്കുന്നുണ്ട്. വർഷങ്ങളായി മേളയിലെ സ്ഥിരം സാന്നിധ്യമാണ് ഐ.പി.എച്ച്. ഹമദ് അന്താരാഷ്ട്ര വിവർത്തന പദ്ധതിയിലെ വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കിയതിലുള്ള അഭിമാനവുമായാണ് ഇത്തവണ പുസ്തകമേളക്കെത്തുന്നത്.
മൂന്നാം തവണയും സാന്നിധ്യമായി കതാര പബ്ലിഷിങ് ഹൗസ്
അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായ എക്സിബിഷനോടൊപ്പമുള്ള സാംസ്കാരിക പരിപാടികളിലൊന്നായ ദോഹ ഇൻറർനാഷനൽ ബുക്ക് ഫെയറിൽ തുടർച്ചയായി മൂന്നാം തവണയും കതാര പബ്ലിഷിങ് ഹൗസ് പങ്കെടുക്കുമെന്ന് അൽ മുഹന്നദി വ്യക്തമാക്കി. നോവലുകൾ, കവിതാസമാഹാരങ്ങൾ, വിമർശനാത്മകവും ഭാഷാപരവുമായ പഠനങ്ങൾ, ജീവചരിത്രങ്ങൾ, വിവർത്തനങ്ങൾ, ഖത്തർ പൈതൃകത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ, സമുദ്രപൈതൃകം, ജനപ്രിയ കരകൗശല വസ്തുക്കൾ, പരമ്പരാഗത ഖത്തരി കപ്പലുകൾ എന്നിവ കൂടാതെ ഖത്തറിെൻറ ചരിത്രവും വിവർത്തനങ്ങളും തുടങ്ങി 150 ഓളം പുസ്തക ശീർഷകങ്ങളോടെയാണ് കതാര പബ്ലിഷിങ് ഹൗസ് പങ്കെടുക്കുന്നത്.
അറബി, ഇസ്ലാമിക സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിലും സ്വത്വം ഏകീകരിക്കുന്നതിനുമായി അറബി നോവൽ, പഠനങ്ങൾ, സാംസ്കാരിക ഗവേഷണം എന്നിവയിൽ താൽപര്യം ഉയർത്തുന്നതിനും കതാര മികച്ച സംഭാവനയാണ് നൽകുന്നത്. എഴുത്തുകാരെ ആകർഷിക്കുന്നതിലൂടെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവതരിപ്പിക്കുന്നതിലാണ് പബ്ലിഷിങ് ഹൗസിെൻറ ശ്രദ്ധ. ഓരോ പതിപ്പും മുമ്പത്തേതിനേക്കാൾ വ്യത്യസ്തവും വൈവിധ്യവുമായ വികസന ആശയങ്ങളിലൂടെ ദോഹ പുസ്തകമേളയെ ഖത്തറിനകത്തും പുറത്തും പ്രിയപ്പെട്ടതാക്കി മാറ്റുന്നതിൽ സാംസ്കാരിക മന്ത്രാലയം നടത്തിയ ശ്രമങ്ങളെ അൽ മുഹന്നദി പ്രശംസിച്ചു. ഖത്തറിലെ പ്രസിദ്ധീകരണ വ്യവസായത്തിന് പിന്നിലെ പ്രേരകശക്തിയായി മാറുന്നതിനും വായനക്കാരെയും എഴുത്തുകാരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുമായാണ് കതാര പബ്ലിഷിങ് ഹൗസ് നിലയുറപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.