ദോഹ: ഗൾഫ് രാജ്യങ്ങൾക്കും യൂറോപ്പിനുമപ്പുറം ആഫ്രിക്കൻ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളിലേക്ക് വാതിലുകൾ തുറന്നുനൽകി കേരള ബിസിനസ് ഫോറത്തിന്റെ ബിസിനസ് മീറ്റ്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ അംബാസഡർമാരും വ്യാപാര -നയതന്ത്ര പ്രതിനിധികളുമെല്ലാം പങ്കുചേർന്ന ബിസിനസ് മീറ്റിൽ വിവിധ രാജ്യങ്ങളിലെ അവസരങ്ങൾ വിശദീകരിച്ചു.
നാല് ആഫ്രിക്കൻ രാജ്യങ്ങളുടെ ഖത്തറിലെ അംബാംസഡർമാരും നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുഖരും ഒത്തുചേർന്ന സംഗമം, ഖത്തറിലെ ഇന്ത്യൻ പ്രവാസലോകത്തിനുതന്നെ പുതുമയേറിയതായിരുന്നു. 250 ഓളം വാണിജ്യ-വ്യവസായ പ്രമുഖർ ബിസിനസ് മീറ്റിൽ പങ്കെടുത്തു. വെസ്റ്റിൻ ഹോട്ടലിൽ നടന്ന മീറ്റിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായിരുന്നു. കെനിയൻ അംബാസഡർ വാഷിങ്ടൺ എ ഒലൂ, റുവാണ്ടൻ അംബാസഡർ ഡോ. മഹ്ദി ജുമാ മാലിം, താൻസനിയൻ അംബാസസർ ഫ്രാൻസോ കുലിക്കിയിൻഫ്യൂറ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് അംബാസഡർ ഹമൂദി ചെക് തുടങ്ങിയവർ ഉഭയകക്ഷി വ്യവസായിക സാധ്യതകളെക്കുറിച്ച് സംരംഭകരുമായി ദീർഘനേരം സംവദിച്ചു. കെ.പി.എം.ജി ഡയറക്ടർ ഗോപാൽ ബാലസുബ്രഹ്മണ്യം ചർച്ചകൾ നിയന്ത്രിച്ചു.
ചർച്ചകൾക്കൊടുവിൽ നടന്ന ചോദ്യോത്തര വേളയിൽ സംരംഭകരുടെ സംശയങ്ങൾക്ക് അംബാസഡർമാർ മറുപടി നൽകുകയും ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യക്കാരുടെ വ്യാപാര ബന്ധങ്ങൾക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. കാർഷികമേഖലയും അടിസ്ഥാന സൗകര്യവികസനവുമാണ് ആഫ്രിക്കയിൽ ഏറ്റവും സാധ്യതയെന്നായിരുന്നു നയതന്ത്ര പ്രതിനിധികളുടെയും വിദഗ്ധരുടെയും അഭിപ്രായം. കാർഷികം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം എന്നിവക്കാണ് താൻസനിയയിൽ ഏറ്റവുമേറെ സാധ്യതയെന്ന് അംബാസഡർ ഫ്രാൻസോ കുലിക്കിയിൻഫ്യൂറ വിശദീകരിച്ചു. അടിസ്ഥാന സൗകര്യവികസനവും ടൂറിസവുമാണ് കെനിയയുടെ സാധ്യതയെന്ന് നയതന്ത്ര പ്രതിനിധി വ്യക്തമാക്കി.
റുവാൻഡയിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായ വൻകിട നിക്ഷേപ പദ്ധതികളെ കുറിച്ച് ബന്ധപ്പെട്ടവർ വിശദമാക്കി. ഐ.ടി, കൃഷിമേഖലകളിലും സാധ്യതകളുണ്ട്. സർക്കാറിൽനിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനും അവ രാജ്യാന്തര വിപണിയിലെത്തിക്കാനും അധികൃതർ മികച്ച പിന്തുണ നൽകുന്നതായും വിശദീകരിച്ചു. 'ഭാരതീയ പ്രവാസി സമ്മാൻ' പുരസ്കാരജേതാവും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റുമായ ഡോ. മോഹൻ തോമസിനെ യോഗത്തിൽ ആദരിച്ചു. ഇന്ത്യൻ അംബാസഡറും കെ.ബി.എഫ് പ്രസിഡന്റും ചേർന്ന് മോഹൻ തോമസിന് ഉപഹാരം നൽകി.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് സി.എ. ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. കെ.ബി.എഫ് ജനറൽ സെക്രട്ടറി നിഹാദ് മുഹമ്മദലി ബിസിനസ് മീറ്റിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ജനറൽ കൺവീനർ കിമി അലക്സാണ്ടർ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.