ദോഹ: ഖത്തറും വിവിധ രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകൾക്കും ധാരണാപത്രങ്ങൾക്കും മന്ത്രിസഭ യോഗം അംഗീകാരം നൽകി.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ തുർക്കി സന്ദർശനത്തെ മന്ത്രിസഭ പ്രശംസിച്ചു. അമീരി ദീവാനിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണിത്.
ആറാമത് ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗ ഫലങ്ങൾ ചർച്ച ചെയ്തു. അമീർ ശൈഖ് തമീം ആൽഥാനിയുടെയും തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാെൻറയും നേതൃത്വത്തിൽ ചേർന്ന ഖത്തർ-തുർക്കി ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, പ്രതിരോധ, ഉൗർജ, വിദ്യാഭ്യാസ, ഗതാഗത, കായിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണെന്നും മന്ത്രിസഭ യോഗം വിലയിരുത്തി.
രാജ്യത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭയിൽ അവതരിപ്പിച്ചു. 2021 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അംഗീകരിക്കുന്നതിനുള്ള കരട് നിയമം പുറപ്പെടുവിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. കരട് നിയമം സംബന്ധിച്ചുള്ള ശൂറ കൗൺസിൽ ശിപാർശകൾ മന്ത്രിസഭ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.