• ദേശങ്ങൾ നിർമിക്കപ്പെടുന്നത് കോട്ടും ടൈയും കെട്ടിയവരിൽ നിന്നല്ല. വെയിലും മഴയുമേറ്റ് പണിയെടുക്കുന്ന തൊഴിലാളികളുടെ വിയർപ്പിലൂടെയാണ്...
• ലേബർക്യാമ്പുകളിലെ സന്തോഷവും സങ്കടവും ഷമീം എഴുതുന്നു
സാധാരണ തൊഴിലാളികളുടെ ആവാസകേന്ദ്രമായ ലേബര്‍ക്യാമ്പിലെ നോമ്പുതുറക്ക് വിഭവസമൃദ്ധിയെക്കാള് ബഹുസ്വര സാന്നിധ്യത്തിെൻറ മനസമൃദ്ധിയാണ്. പുലര്വെളിച്ചത്തിെൻറ തെളിച്ചത്തിലേക്ക് കവറോളും സേഫ്റ്റി ഷൂസുമണിഞ്ഞ് അവർ നോമ്പുകാലത്ത് ഭക്ഷണ പാത്രത്തിെൻറ ഭാരമില്ലാതെ ഹെൽമറ്റുമായി സൈറ്റുകളിലേക്ക് യാത്രയാകും. ഒരു ചെറുമയക്കവും പുലര്കിനാവും മാത്രം കണ്ട് അവർ ഇറങ്ങുമ്പോള്‍ സൂര്യന് വര്‍ക്ക് സൈറ്റിനെ പഴുപ്പിച്ചു പരുവമാക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ഉംസലാല്‍ അലിയിലെ ക്യുടെക് കമ്പനിയില്‍ മെക്കാനിക് സൂപ്പര്‍വൈസറായി ജോലി നോക്കുകയാണ് ഞാന്‍.
പലപ്പോഴും കേടാകുന്ന വാഹനങ്ങൾ റിപ്പയര്‍ ചെയ്യാന്‍ സൈറ്റിലെത്തുമ്പോള്‍ മറ്റു തൊഴിലാളികളുടെ അധ്വാനവും കാലാവസ്ഥയുടെ കാഠിന്യവും ആശ്ചര്യപ്പെടുത്താറുണ്ട്. എന്നിട്ടും അവർ വിശ്വാസത്തിെൻറ കരുത്തുകൊണ്ട് നോമ്പിനെ പുണ്യത്താല്‍ ചേർത്തുവെക്കുന്നു. അപ്പോൾ അവരുടെ കരിപുരണ്ട കൈകളിൽ അധ്വാനത്തിനുള്ള ഊര്‍ജ്ജം കൂടുകയാണ്. ആറുമണിക്കൂര്‍ ജോലി എന്നത് അനുഗ്രഹീത മാസത്തിലെ ആ ശ്വാസമാണ്. ജോലി കഴിഞ്ഞ് ക്യാമ്പിലെത്തിയാല്‍ ഇരിപ്പിടമില്ലാത്ത, കിടപ്പിടം മാത്രമുള്ള തട്ടുകട്ടിലില്‍ സൂര്യതാപത്തില്‍നിന്ന് വിടുതല്‍ തേടി എ.സിയുടെ തണുപ്പില്‍ വിശ്രമം.
ഞങ്ങള്‍ ഒരുമുറിയിലുള്ളവരില് ഇപ്പോള്‍ ഞാന്‍ മാത്രമാണ് മലയാളി. ബംഗ്ലാദേശുകാരും നേപ്പാളികളുമാണ് സഹമുറിയന്മാര്. മൂന്നുമണിയോടെ ഓരോ റൂമിലുമുള്ളവര് ഒരുമിച്ചും വിവിധ റൂമുകളിലുള്ളവര്‍ സംഘടിച്ചും നോമ്പു തുറക്കാനൊരുങ്ങുമ്പോള്‍ അറബി വീടുകളിലെ കാരുണ്യം നിറഞ്ഞ മജ്ബൂസും ഹരീസും ഈന്തപ്പഴവുമുണ്ടാകും. മിക്കവാറും ദിവസങ്ങളില്‍ അ ടുത്ത ടെൻറുകളില്‍ പോയി തുറക്കും. ടെൻറ് മറ്റൊരു ലോകമാണ്.
ചിരപരിചിതരാകുന്ന സുഡാനികളെയും നൈജീരിയക്കാരെയും റമദാന് കാലം കഴിഞ്ഞാല്‍ പിന്നീട് മാളുകളിലോ ഏഷ്യന്‍ ടൗണിലോ വച്ചാണ് കണ്ടുമുട്ടുക. പല കൂട്ടായ്മകളും ക്യാമ്പുകളിൽ നടത്തുന്ന ഇഫ്താറുകൾ ഏറെ ആശ്വാസകരമാണ്. കമ്പനിയുടെ തന്നെ ഇഫ്താര്‍ വിരുന്നും വലിയ സന്തോഷം തരുന്നു. അന്ന് കമ്പനിയിലെ എല്ലാ ജീവനക്കാരും മാനേജരും ബോസും ഒരുമിച്ചിരുന്നാണ് നോമ്പുതുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.