ക്യാമ്പ് സീസൺ അവസാനിക്കുന്നു; ഉടമകൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം

ദോഹ: ശൈത്യകാല ക്യാമ്പ് സീസൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ക്യാമ്പുടമകൾക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. സീസൺ അവസാനിക്കുമ്പോൾ ക്യാമ്പ് സൈറ്റുകൾ വൃത്തിയായിരിക്കാനും പരിസ്ഥിതിക്ക് ഒരു വിധത്തിലും ആഘാതം സംഭവിച്ചിട്ടില്ലെന്നും ക്യാമ്പ് ഉടമകൾ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. ക്യാമ്പ് തുടങ്ങുന്നതിന് മുമ്പ് സ്ഥലം എങ്ങനെയായിരുന്നുവോ അതുപോലെയായിരിക്കണം ക്യാമ്പ് അവിടെ നിന്നും നീക്കം ചെയ്യുന്ന സമയത്തും. ഖത്തറി‍െൻറ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തണമെന്നും അടുത്ത വർഷവും ക്യാമ്പ് സീസൺ തുടരാനുള്ള സാഹചര്യമൊരുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ശുചിത്വം ധാർമിക ഉത്തരവാദിത്തമാണെന്നും അധികൃതർ ഓർമിപ്പിച്ചു. ക്യാമ്പിങ് സീസണുശേഷം സ്ഥലം പൂർണമായും വൃത്തിയാക്കിയിരിക്കണമെന്നും ക്യാമ്പ് സൈറ്റ് വൃത്തിയാക്കുന്നതിലൂടെ നിയമനടപടികൾ ഒഴിവാക്കാമെന്നും അറിയിച്ച മന്ത്രാലയം, സ്ഥലം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാൻ ക്യാമ്പുടമകൾ മറക്കരുതെന്നും ആവശ്യപ്പെട്ടു. ബീച്ചുകളും പരിസ്ഥിതിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. പൊതുശുചിത്വം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഗ്രില്ലിംഗിനായ ചാർക്കോൾ നേരിട്ട് മണലിൽ നിക്ഷേപിക്കരുത്. ഉപയോഗശേഷം അവ വലിച്ചെറിയാനും പാടില്ല. പ്രത്യേകം സ്ഥാപിച്ച പെട്ടികളിൽ ഉപേക്ഷിക്കണം -മന്ത്രാലയം നേരത്തെയുള്ള അറിയിപ്പിൽ വ്യക്തമാക്കി.

സീസൺ മേയ് രണ്ടിന് അവസാനിച്ചിരുന്നെങ്കിലും ക്യാമ്പുകളും അനുബന്ധ വസ്തുക്കളും ക്യാമ്പ് സൈറ്റിൽ നിന്നും നീക്കംചെയ്യുന്നതിനുള്ള അവസാന തീയതി മേയ് 14 ആണ്. ഈദ് അവധി ദിനങ്ങൾ കൂടി ക്യാമ്പുകളിൽ ആഘോഷിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ അധികൃതർ നൽകിയിരിക്കുന്നത്. അതേസമയം, മേയ് 14ഓടെ ക്യാമ്പ് സൈറ്റുകളിൽ നിന്നും മുഴുവൻ വസ്തുക്കളും നീക്കംചെയ്യണമെന്നും വീഴ്ചവരുത്തിയാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Camp season ends; Ministry issues warning to owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.