ദോഹ: സാമ്പാർ മുതൽ ബട്ടർ ചിക്കനും ദാൽ മക്കാനിയും ചിക്കൻ കറികളും ഇനി സമയമേറെ എടുക്കുന്ന പാചക പരീക്ഷണങ്ങളല്ല. കൊതിയൂറും വിഭവങ്ങൾ കഴിക്കാൻ മനസ്സിൽ തോന്നുന്ന നിമിഷംതന്നെ തീൻ മേശയിൽ അവയെത്തിക്കുന്ന വേഗത്തിൽ ‘റെഡി ടു ഈറ്റ്’ ഉൽപന്നങ്ങളുമായി ഖത്തറിലെ പ്രശസ്തമായ കാൻ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ ‘അൽ തുറയ്യ’ വിപണിയിലേക്ക്. ഷമാൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവര്‍ത്തിക്കുന്ന അൽ തുറയ്യ ഫുഡ് ഫാക്ടറിയാണ് ഇന്ത്യൻ കോഫീ ഹൗസ് ബ്രാൻഡിൽ വിവിധതരം ‘റെഡി ടു ഈറ്റ്’ ഇന്ത്യൻ കറികൾ ഖത്തറിലെ വിപണിയിലെത്തിക്കുന്നതെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സാമ്പാർ, ബട്ടർ ചിക്കൻ, ദാൽ മക്കാനി, ചിക്കൻ കറി, രാജ്മ മസാല തുടങ്ങിയ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ കറികൾക്കു പുറമെ പൊറോട്ട, സമോസ, പനിയാരം, നീർദോശ, സ്പ്രിങ് റോൾ, മാമോസ്, ഇടിയപ്പം തുടങ്ങി 50ഓളം വിവിധങ്ങളായ ഫ്രോസൺ-ചിൽഡ് ഫുഡ് ഉൽപന്നങ്ങളാണ് നിലവിൽ ഖത്തർ വിപണിയിൽ ലഭ്യമാക്കുന്നത്.
ജോലിത്തിരക്കിനിടയിലും ഗൃഹാതുരതയുണർത്തുന്ന ഇന്ത്യൻ വിഭവങ്ങൾ വീടുകളിലും ജോലിസ്ഥലത്തും യഥേഷ്ടം വാങ്ങി എളുപ്പത്തിൽ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ സൗകര്യമെന്ന് അൽ തുറയ്യ മാനേജിങ് ഡയറക്ടർ ഇസ്മായിൽ ഒ.ടി പറഞ്ഞു. ഫ്രോസണായി ലഭിക്കുന്ന ഉൽപന്നങ്ങൾ ചൂടുവെള്ളത്തിൽ ഇറക്കിവെച്ചോ, മൈക്രോവേവ് ഓവനിൽ ചൂടാക്കിയോ കഴിക്കാവുന്നതാണ്. വീടുകളിൽ പാചകം ചെയ്യുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ, അതേ രുചിയിലും ഗുണനിലവാരത്തിലും ലഭ്യമാവുന്നു എന്നതാണ് ഈ ഉൽപന്നങ്ങളുടെ പ്രത്യേകത.
രുചിയിലും ഗുണനിലവാരത്തിലും ഒരുവിധ വ്യത്യാസങ്ങളുമില്ലാതെയും പ്രിസർവേറ്റിവുകൾ ചേർക്കാതെയുമാണ് ആധുനിക സാങ്കേതിക വിദ്യകളുടെ സൗകര്യങ്ങളോടെ ഷമാലിൽ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷൻ യൂനിറ്റിൽ ഈ റെഡി റ്റു ഈറ്റ് ഫുഡ് പ്രൊഡക്റ്റുകൾ നിർമിക്കുന്നത്. മെയ്ഡ് ഇൻ ഖത്തർ പ്രോജക്റ്റിന്റെ ഭാഗമായി ആരംഭിച്ച അൽ തുറയ്യ ഫുഡ് പ്രൊഡക്ഷൻ കമ്പനിയാണ് ഖത്തറിൽ ആദ്യമായി റെഡി റ്റു ഈറ്റ് കറികൾ പുറത്തിറക്കുന്നത്.
ലുലു, അൽ റവാബി, കാരിഫോർ, സഫാരി, ഫാമിലി, മെഗാ മാർട്ട് തുടങ്ങിയ ഖത്തറിലെ ഹൈപ്പർ മാർക്കറ്റുകളിലും അൽ തുറയ്യ റെഡി റ്റു ഈറ്റ് ഇന്ത്യൻ കോഫീ ഹൗസ് ഉൽപന്നങ്ങൾ ലഭ്യമാണെന്ന് അറിയിച്ചു. ഖത്തർ എയർവേസ് അടക്കമുള്ള കോർപറേറ്റ് സ്ഥാപനങ്ങളും നിലവിലെ ഉപഭോക്താക്കളാണ്. അടുത്ത വർഷത്തോടെ നൂറോളം ഉൽപന്നങ്ങൾ പുറത്തിറക്കാൻ പദ്ധതിയുണ്ടെന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് തയാറെടുക്കുകയാണെന്നും അറിയിച്ചു. ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഓട്ടീസ് ഫുഡ് പാർക്ക് എന്ന പേരിൽ പുതിയ യൂനിറ്റിന്റെ നിർമാണവും പുരോഗമിക്കുന്നു.
വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ഇസ്മായിൽ ഒ.ടി, ജനറൽ മാനേജർ അഷ്റഫ് ബോംബെ, സ്ട്രാറ്റജിക് ഓഫിസർ അൽക്ക മീര സണ്ണി, എക്സിക്യൂട്ടിവ് ഷെഫ് ഡാർവിൻ, ഓപറേഷൻ മാനേജർ മുഹമ്മദ് ഒ.ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.