ദോഹ: അറേബ്യൻ ഗൾഫ് കപ്പിലെ കിരീട പ്രതീക്ഷയുമായി കുവൈത്തിലെത്തിയ ഖത്തറിന് ആദ്യ മത്സരത്തിൽ അയൽക്കാരുടെ സമനിലക്കുരുക്ക്. ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഖത്തറും യു.എ.ഇയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളിയുടെ 17ാം മിനിറ്റിൽ സൂപ്പർതാരം അക്രം അഫീഫ് നേടിയ പെനാൽറ്റി ഗോളിലൂടെ ലീഡ് പിടിച്ച് മേധാവിത്വം ഉറപ്പിച്ച ഖത്തറിനെതിരെ ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് യു.എ.ഇ സമനില ഗോൾ നേടിയത്.
ഇടതു വിങ്ങിൽനിന്നും ഖത്തരി പ്രതിരോധ നിരയെ പിന്തള്ളിക്കൊണ്ട് മനോഹരമായ ഡ്രിബ്ലിങ് മികവിലൂടെ മുന്നേറിയ യഹ്യ അൽ ഗസാനിയുടെ ഷോട്ടിൽ ഖത്തർ ഗോൾകീപ്പർ മിഷൽ ബർഷിമിന് അടിതെറ്റി. രണ്ടാം പകുതിയിൽ ഇരുനിരയും മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും ഗോൾ പിറന്നില്ല. പന്തുരുളുന്നതിന് ഏതാനും മണിക്കൂറുകൾ മൂമ്പ് മാരം കുവൈത്തിലെത്തിയ അക്രം അഫീഫ് കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു.
പുതിയ കോച്ച് ലൂയി ഗാർഷ്യയുടെ കീഴിലെ ആദ്യ മത്സരം കൂടിയാണിത്. അടുത്തിടെ നടന്ന രണ്ട് കളിയിലും തോൽവി വഴങ്ങിയ എതിരാളിക്കെതിരെ സമനിലയിലൂടെ ഒരു പോയന്റ് നേടാനായത് കോച്ചിന് മികവായി. ശക്തമായ മത്സരമായിരുന്നുവെന്നും, ടീമിന്റെ ഫലത്തിൽ സന്തുഷ്ടനാണെന്നും മത്സരശേഷം അദ്ദേഹം പറഞ്ഞു.
‘ഏറെ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. കളിയിൽ ഞങ്ങൾക്ക് മേധാവിത്വം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കൂടുൽ ഗോളടിക്കാനും സാധിക്കുമായിരുന്നു’ -കോച്ച് ഗാർഷ്യ മത്സരശേഷം പറഞ്ഞു.
24ന് ഒമാനെതിരെയും, 27ന് ആതിഥേയരായ കുവൈത്തിനെതിരെയുമാണ് ഖത്തറിന്റെ മറ്റു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.