ദോഹ: മെച്ചപ്പെട്ടൊരു ജീവിതംതേടി പ്രവാസ ലോകത്തെത്തി ഒറ്റപ്പെട്ടുപോകുന്നവർ നിരവധിയുണ്ട്. എന്തെങ്കിലും പ്രതിസന്ധിഘട്ടം വന്നാൽ ആരുടെ അടുത്ത് സഹായംതേടണമെന്നും അറിയാത്തവരുണ്ട്. ഈ സാഹചര്യത്തിൽ മലയാളികളായ പ്രവാസികളെ സർക്കാറുമായി ചേർത്തുനിർത്തുന്നതിന് നോർക്ക റൂട്ട്സ് ആവിഷ്കരിച്ചതാണ് തിരിച്ചറിയൽ കാർഡ് സംവിധാനം. നോർക്ക് റൂട്ട്സ് മുഖേന ലഭ്യമായ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് പ്രവാസികളെ സഹായിക്കുന്നു. പ്രധാനമായും മൂന്ന് തിരിച്ചറിയൽ കാർഡുകളാണ് നൽകുന്നത്.
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്
വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്കായി ആവിഷ്കരിച്ചതാണ് പ്രവാസി തിരിച്ചറിയൽ കാർഡ്. 2008 ആഗസ്റ്റിലാണ് കാർഡിന്റെ വിതരണം ആരംഭിച്ചത്. ഈ വിവിധോദ്ദേശ്യ തിരിച്ചറിയൽ കാർഡിനൊപ്പം പേഴ്സനൽ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ് എന്ന അധിക ആനുകൂല്യവുമുണ്ട്. അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, അപകടം മൂലം സ്ഥിരമായ/ പൂര്‍ണമായ/ ഭാഗികമായ വൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ആനുകൂല്യവുമാണ് ലഭിക്കുക. മൂന്നു വര്‍ഷമാണ് ഈ തിരിച്ചറിയൽ കാര്‍ഡിന്റെ കാലാവധി. അതിനുശേഷം പുതുക്കണം. പുതിയ കാർഡിന് അപേക്ഷിക്കുമ്പേൾ 315 രൂപ രജിസ്ട്രേഷൻ ഫീസ് നൽകണം. പുതിയ കാര്‍ഡ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ആർക്ക് അപേക്ഷിക്കാം
കുറഞ്ഞത് ആറുമാസം സാധുതയുള്ള വിസ, പാസ്പോര്‍ട്ട് എന്നിവയോടെ വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുന്നതോ ആയ പ്രവാസി മലയാളി ആയിരിക്കണം അപേക്ഷകർ. അപേക്ഷകർക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. പാസ്പോര്‍ട്ട്, വിസ എന്നിവയുടെ പ്രസക്തമായ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
വിദ്യാർഥി തിരിച്ചറിയല്‍ കാര്‍ഡ്
വിദേശപഠനത്തിന് പോകുന്ന കേരളീയ വിദ്യാർഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ 2020 ഏപ്രിലിലാണ് ഇത് ആരംഭിച്ചത്. വിദേശത്ത് അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാർഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും ഈ കാർഡിനായി അപേക്ഷിക്കാം.
അപേക്ഷകർക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. വിദേശപഠനം നടത്തുന്നത് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍, പഠനത്തിന് പോകുന്നവര്‍ അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പേഴ്സനൽ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ് എന്ന അധിക ആനുകൂല്യം ഈ കാർഡിനൊപ്പവും ലഭിക്കും. അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, അപകടം മൂലം സ്ഥിരമായ/ പൂര്‍ണമായ/ ഭാഗികമായ വൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ആനുകൂല്യം എന്നിവ ലഭിക്കും. കാർഡുടമകൾക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വിമാന യാത്രാനിരക്കില്‍ ഇളവും ലഭിക്കും. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. രജിസ്ട്രേഷന് ഫീസായി 315 രൂപ അടക്കണം. കാര്‍ഡ് പുതുക്കുന്നതിനും പുതുതായി അപേക്ഷിക്കുന്നതിനും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ഫീസ് അടക്കാവുന്നതാണ്.
എന്‍.ആര്.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്
മറുനാടന്‍ മലയാളികള്‍ക്കുള്ള (ഇതരസംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍) തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ 2012 ജൂണിലാണ് എന്‍.ആര്.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് ആരംഭിച്ചത്. നോര്‍ക്ക സഹായപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡായി ഇത് ഉപയോഗിക്കാം. പേഴ്സനൽ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ് എന്ന അധിക ആനുകൂല്യം ഈ കാർഡിനൊപ്പവും ലഭിക്കുന്നതാണ്. അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന സ്ഥിരം/പൂര്‍ണ/ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെ ലഭിക്കും.
മൂന്ന് വർഷമാണ് എന്‍.ആര്.കെ ഇന്‍ഷുറന്‍സ് കാർഡിന്റെ കാലാവധി. പുതിയ കാർഡിന് അപേക്ഷിക്കുമ്പോൾ 315 രൂപ രജിസ്ട്രേഷന് ഫീസ് നൽകണം. കാര്‍ഡ് പുതുക്കുന്നതിനും പുതുതായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈനായി ഫീസ് അടക്കാവുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതരസംസ്ഥാനങ്ങളില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ മറുനാടന്‍ കേരളീയര്‍ (എൻ.ആർ.കെ) ആയിരിക്കണം അപേക്ഷകർ. സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ, അതത് സംസ്ഥാനത്തെ താമസത്തിന്റെ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.