ദോഹ: അർബുദത്തിനെതിരായ പോരാട്ടത്തിൽ മാതൃകയായി ഖത്തർ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനം. പോയ വർഷത്തിൽ രാജ്യത്തെ 1360 അർബുദ രോഗികളുടെ ചികിത്സക്കായി 1.27 കോടി റിയാൽ ചെലവഴച്ചതായി ക്യു.സി.എസ് ചെയർമാൻ ഡോ. ഖാലിദ് ബിൻ ജബർ ആൽഥാനി അറിയിച്ചു.
നാഷനൽ സെൻറർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ചിലെ രോഗികൾക്കും സിദ്റ മെഡിസിനിലെ കുട്ടികൾക്കുമാണ് ചികിത്സക്കായി ധനസഹായം വിതരണം ചെയ്തത്.
കാൻസർ രോഗികൾക്ക് സമഗ്ര പരിചരണം നൽകുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ സഹായം നൽകുന്നത്. ഒപ്പം, ആഗോള തലത്തിൽ രാജ്യത്തിന്റെ അർബുദ പോരാട്ടത്തിലും നിർണായക സാന്നിധ്യമായി മാറുന്നു. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനായി നൽകുന്ന സാമ്പത്തിക സഹായത്തിന് പുറമേ രോഗികൾക്കും കുടുംബങ്ങൾക്കും സൊസൈറ്റി നൽകുന്ന മാനസിക പിന്തുണയെയും ഡോ. ഖാലിദ് പരാമർശിച്ചു. സമൂഹത്തിൽ അർബുദ രോഗികളുടെ മികച്ച ചികിത്സ ഉറപ്പാക്കി ആശ്വാസവും രോഗമുക്തിയും നൽകാനും അവരെ ശാക്തീകരിക്കാനും ദൈനംദിന ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാനുമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.