ദോഹ: ബുധനാഴ്ച ആരംഭിക്കുന്ന 77ാമത് കാൻ ചലച്ചിത്രമേളയിലേക്ക് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡി.എഫ്.ഐ) ആറ് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഡി.എഫ്.ഐയുടെ സാമ്പത്തിക പിന്തുണയോടെ കമ്പോഡിയൻ സംവിധായികയും തിരക്കഥാകൃത്തുമായ റിത്തി പാനിന്റെ ചിത്രമായ റെൻദെവുസ് -അവെക് പോൾ പോട്ട് (പോൾ പോട്ടുമായുള്ള കൂടിക്കാഴ്ച) കാനിന്റെ പ്രീമിയർ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ക്രിട്ടിക്സ് വീക്കിന്റെ സമാന്തര വിഭാഗത്തിൽ മൂന്നും ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റിൽ രണ്ടും ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മികച്ച കഥകളെയും സൃഷ്ടികളെയും അരങ്ങിലെത്തിക്കാനുമുള്ള ഡി.എഫ്.ഐയുടെ ദൗത്യത്തിന്റെ ഫലമാണ് കാനിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതെന്ന് സി.ഇ.ഒ ഫാതിമ ഹസൻ അൽ റുമൈഹി പറഞ്ഞു.
പ്രശസ്ത തിരക്കഥാകൃത്തും ഡി.എഫ്.ഐ ഉപദേഷ്ടാവുമായ റിത്തി പാനിന്റെ ചിത്രം പ്രീമിയർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്നും അൽ റുമൈഹി വ്യക്തമാക്കി. ക്രിട്ടിക്സ് വീക്കിൽ നാദ റിയാലും അയ്മൻ എൽ അമീറും ചേർന്ന് എഴുതിയ ദി ബ്രിങ്ക് ഓഫ് ഡ്രീംസ് പ്രദർശിപ്പിക്കും. തെരുവ് നാടക ട്രൂപ്പിലെ നിർബന്ധിത വേഷങ്ങൾ നിരസിക്കുന്ന കോപ്റ്റിക് പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രമാണിത്. 1990ൽ മാർസെയിലിലേക്ക് അനധികൃതമായി കുടിയേറിയ നൂറിനെക്കുറിച്ച് പറയുന്ന സെയ്ദ് ഹാമിച് ബെൻലാർബിയുടെ എക്രോസ് ദി സീ ചിത്രവും ക്രിട്ടിക്സ് വീക്കിൽ പ്രദർശിപ്പിക്കും. കെ.ഇ.എഫ്.എഫിന്റെ ലോക്കസ്റ്റ് ആണ് ഈ വിഭാഗത്തിലെ മൂന്നാമത് ചിത്രം. ഹാല അൽ കൗസിയുടെ ഈസ്റ്റ് ഓഫ് നൂൺ, മഹ്ദി ഫ്ലീഫെലിന്റെ ടു എ ലാൻഡ് അൺനോൺ എന്നിവയാണ് ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ് സമയത്ത് പ്രദർശിപ്പിക്കുന്ന ഡി.എഫ്.ഐ പിന്തുണയുള്ള രണ്ട് ചിത്രങ്ങൾ. മേയ് 14 മുതൽ 25 വരെയാണ് ലോകതാരങ്ങളെത്തുന്ന കാൻ ഫെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.