ദോഹ: ഗൾഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ കാർബൺ നികുതിയുടെ ആഘാതം വിലയിരുത്താൻ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി. ജി.സി.സി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെയും ചേംബർ തലവന്മാരുടെയും യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.
യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ 2026 ജനുവരി ഒന്ന് മുതൽ കാർബൺ നികുതി ചുമത്താൻ നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇത്തരം നികുതികളുടെ ആഘാതം പഠിക്കാൻ ഖത്തർ ചേംബർ അധ്യക്ഷൻ നിർദേശിച്ചത്. അലുമിനിയം, പെട്രോ കെമിക്കൽസ്, സ്റ്റീൽ, ഉൽപാദനവസ്തുക്കൾ എന്നിവയുടെ കയറ്റുമതിയെ ബാധിക്കുന്നതാണ് ഈ പുതിയ നികുതി നിർദേശം.
ഗൾഫ് സമ്പദ്വ്യവസ്ഥയുടെ പ്രധാന ആശ്രയം എണ്ണ, പ്രകൃതി വാതകം, ഹൈഡ്രോ കാർബൺ വ്യവസായങ്ങളാണ്. അതിനാൽ ഇത്തരമൊരു നികുതി ഗൾഫ് കയറ്റുമതിയുടെ മത്സരക്ഷമതക്ക് തിരിച്ചടിയാവുമെന്ന് യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഇ.യു രാജ്യങ്ങൾ കാർബൺ നികുതി എന്ന നടപടിയിലേക്ക് നീങ്ങുന്നത്. അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് വാതകങ്ങൾ പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾ, വാഹനങ്ങൾ, ഉൽപന്നങ്ങൾ എന്നിവയിൽ അധികനികുതി ചുമത്തുന്നതാണ് കാർബൺ നികുതി. ആഗോള താപനവും, കാലാവസ്ഥ വ്യതിയാനവും ചെറുക്കുന്നതിന്റെ ഭാഗമായ ഈ നടപടി ആദ്യം നടപ്പാക്കിയത് ന്യൂസിലൻഡാണ്.
2026ൽ നികുതി ചുമത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പനികളോട് കാർബൺ ഉദ്വമനം സംബന്ധിച്ച കണക്കുകൾ റിപ്പോർട്ട് ചെയ്യാൻ ഇ.യു ആവശ്യപ്പെട്ടിരുന്നു. സ്റ്റീല്‍, സിമൻറ്, വളം, അലുമിനിയം, ഹൈഡ്രോ കാര്‍ബണ്‍ ഉല്പന്നങ്ങള് ഉള്‍പ്പെടെ ഏഴ് കാര്‍ബണ്‍ തീവ്ര മേഖലകളില്‍നിന്നുള്ള ആഭ്യന്തര കമ്പനികള്‍ക്കാണ് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.