ദോഹ: കാത്തിരിപ്പുകൾക്കൊടുവിൽ വെള്ളിയാഴ്ച പുറത്തുവന്ന സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ മികച്ച ഫലം കൊയ്ത് ഖത്തറിലെ വിദ്യാലയങ്ങൾ. മിക്ക വിദ്യാലയങ്ങളും നൂറു ശതമാനം വിജയം കൊയ്തതിനൊപ്പം വിദ്യാർഥികളുടെ വിജയ നിലവാരത്തിലും നേട്ടംകൊയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പത്ത്, 12 ക്ലാസുകളിൽ നൂറുശതമാനം വിജയം നേടി.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 548 പേരാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. 18 പേർ 95 ശതമാനത്തിനു മുകളിൽ മാർക്ക് സ്വന്തമാക്കി. 61 പേർ 90-95 ശതമാനവും മാർക്ക് നേടി. 338 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി. 97.2 ശതമാനം മാർക്ക് നേടിയ നൗഫ മുഹമ്മദ് ഇസ്മായിൽ സ്കൂൾ ടോപ്പറായി. അഫിയ ഹാറൂൺ വാഴപ്പറമ്പത്ത്, ശ്രേയ ഹരി എന്നിവർ 97 ശതമാനം മാർക്കും ഇൽന ഷിബു 96.6 ശതമാനം മാർക്കും നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ അഭിനന്ദിച്ചു.
പന്ത്രണ്ടാം ക്ലാസിൽ 510 പേരാണ് എം.ഇ.എസിൽ പരീക്ഷയെഴുതിയത്. സയൻസ് വിഭാഗത്തിൽ അമൻ റസൽ, ലാവണ്യ എന്നിവർ 96.6 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായി. കോമേഴ്സിൽ നിയ ആൻ റജിയും (97.2ശതമാനം) ഹ്യുമാനിറ്റീസിൽ അഖിൽ അൻവറും (92ശതമാനം) സ്കൂൾ ടോപ്പർമാരായി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദും പ്രിൻസിപ്പൽ പമേല ഘോഷും അഭിനന്ദിച്ചു. കോമേഴ്സ് വിഭാഗത്തിലെ തൻസിഹ താജുദ്ദീൻ (97 ശതമാനം) സ്കൂൾ ടോപ്പറായി. സയൻസിൽ ആദിത്യ നന്ദകുമാർ (96.2ശതമാനം) ഒന്നാമതെത്തി.
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷഫലം വൈകുന്നതിൽ പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. ജൂൺ 15ന് അവസാനിച്ച പരീക്ഷയുടെ ഫലം വരാൻ വൈകുകയും സ്റ്റേറ്റ് സിലബസിലെ പ്ലസ്ടു ഫലം വന്നതോടെ ഇന്ത്യയിൽ പല സർവകലാശാലകളും ബിരുദ പ്രവേശന നടപടികൾ ആരംഭിക്കുകയും ചെയ്തതാണ് ആശങ്കക്കിടയാക്കിയത്.
ഇന്ത്യയിലെ സർവകലാശാലകളെ നിയന്ത്രിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ (യു.ജി.സി) ബിരുദ പ്രവേശനത്തിനുള്ള അവസാന തീയതി സി.ബി.എസ്.ഇ പരീക്ഷഫലം വന്ന ശേഷമായിരിക്കണമെന്ന് നിർദേശിച്ചത് ആശ്വാസം പകർന്നെങ്കിലും അവസാന ഘട്ടത്തിൽ ഇഷ്ടവിഷയങ്ങൾക്ക് സീറ്റ് ലഭിക്കുമെന്നതിൽ ഉറപ്പില്ലെന്ന് വിദ്യാർഥികൾ പറയുന്നു. കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികളും പൂർത്തിയായി വരുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് ഫലം വൈകുന്നതിലും ആശങ്കയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.