ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ പുതുചരിത്രമെഴുതി പൊഡാർ പേൾ സ്കൂൾ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ പൊഡാർ എജുക്കേഷൻ നെറ്റ്വർക്കുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതോടെ ഖത്തറിന്‍റെ ഇന്ത്യൻ വിദ്യാഭ്യാസത്തിന് ശാസ്ത്രീയമായ അടുക്കും ചിട്ടയുമായി പൊഡാർ പേൾ സ്കൂൾ പുതിയ നേട്ടങ്ങളിലേക്ക്.
കഴിഞ്ഞ ദിവസം നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സ്കൂളിന്‍റെ മൾട്ടിപർപസ് സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിന് ശിലാസ്ഥാപനവും നിർവഹിച്ചു.
1927ൽ മഹാത്മ ഗാന്ധി പ്രഥമ പ്രസിഡന്‍റ് ആയി ആരംഭിച്ച പൊഡാർ എജുക്കേഷൻ ഗ്രൂപ്പിനു കീഴിൽ ഇന്ത്യയിൽ 136 സ്കൂളുകളും 1.80 ലക്ഷം വിദ്യാർഥികളും പരിചയസമ്പന്നരായ 7600ൽ ഏറെ അധ്യാപകരുമുണ്ട്. 95 വർഷത്തെ പരിചയവും ശാസ്ത്രീയ പഠനപ്രവർത്തനങ്ങളിലൂടെ സ്വന്തമായി കെട്ടിപ്പടുത്ത വിദ്യാഭ്യാസ സമ്പ്രദായവും ഖത്തറിലെ വിദ്യാർഥികളിലേക്കുകൂടി എത്തിക്കുകയാണ് പുതിയ ചുവടുവെപ്പിലൂടെ. 100ഓളം വിദഗ്ധരായ വിദ്യാഭ്യാസ വിചക്ഷണരുടെ മേൽനോട്ടത്തിൽ തയാറാക്കുന്ന കേന്ദ്രീകൃത എജുക്കേഷൻ റിസർച് സെന്‍ററാണ് പൊഡാറിന്‍റെ സവിശേഷതയെന്ന് പൊഡാർ പേൾ സ്കൂൾ പ്രസിഡന്‍റ് സാം മാത്യു പറഞ്ഞു. പാഠ്യപദ്ധതി ആസൂത്രണം, പരീക്ഷ സംവിധാനം, അധ്യാപക പരിശീലനം, കോച്ചിങ് ഉൾപ്പെടെ വിവിധ മേഖലകളിലെ പദ്ധതികൾ ഉൾപ്പെടുന്നതാണ് സെന്‍ററിന്‍റെ ഗവേഷണങ്ങൾ. പരിചയസമ്പന്നരായ സംഘവുമായുള്ള സഹകരണത്തിലൂടെ മികച്ച വിദ്യാഭ്യാസമെന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് എളുപ്പം എത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പേൾ സ്കൂളുമായുള്ള സഹകരണത്തിൽ അഭിമാനമുണ്ടെന്ന് പൊഡാർ ഗ്രൂപ് ഡയറക്ടർ ഹർഷ് പൊഡാർ പറഞ്ഞു.
പൊഡാർ ഗ്രൂപ്പിനു കീഴിലുള്ള സ്കൂളുകൾ അക്കാദമിക മികവിന്‍റെയും വിദ്യാർഥികളിലെ സമഗ്രവികസനത്തിന്‍റെയും കാര്യത്തിൽ ഇന്ത്യയിൽ മുൻനിരയിലാണെന്ന് പേൾ സ്കൂൾ ഡയറക്ടർ ഷംന മുഹമ്മദ് അൽതാഫ് പറഞ്ഞു.
അധ്യാപക പരിശീലനം, സാങ്കേതിക വിദ്യകളുടെ ഉപയോഗം, ഗവേഷണം തുടങ്ങിയ വിവിധ മേഖലകളിൽ അവർ വേറിട്ടുനിൽക്കുന്നു.
വിദ്യാർഥികളുടെ അഭിരുചി തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമെല്ലാം സവിശേഷമായ പദ്ധതികൾ പിന്തുടരുന്നു. ശാരീരിക ക്ഷമതയും അഭിരുചിയും അടിസ്ഥാനമാക്കി കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളും ക്രമീകരിക്കുന്ന ശാസ്ത്രീയരീതി ഏറ്റവും മികച്ചതാണ് -ഷംന അൽതാഫ് പറഞ്ഞു.
വ്യക്തമായ സാമൂഹിക കാഴ്ചപ്പാടോടെ ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനമാണ് പേൾ സ്കൂളെന്ന് ഡയറക്ടർ സി.എം. നിസാർ ചൂണ്ടികാട്ടി. 'ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി അത്യാധുനിക സൗകര്യങ്ങളോടെ ഒരു സമ്പൂർണ വിദ്യാഭ്യാസ സ്ഥാപനം രൂപവത്കരിക്കുക എന്നതാണ് ലക്ഷ്യം.
രാജ്യാന്തര തലത്തിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റുമായി വിദ്യാർഥികൾക്ക് പഠനമികവിലേക്കുള്ള വഴിയായി സ്കൂൾ മാറുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
സാങ്കേതികാധിഷ്ഠിത അധ്യാപനമാണ് ഞങ്ങളുടെ ലക്ഷ്യം. പൊഡാർ എജുക്കേഷൻ നെറ്റ്വർക്കുമായി സഹകരിക്കുന്നതിലൂടെ ഈ നേട്ടം ഞങ്ങൾ സ്വന്തമാക്കുകയാണ് -ഡയറക്ടർ ഫൈസൽ ഹൈദർ വിശദീകരിച്ചു. മറ്റു ഡയറക്ടർമാരായ പ്രദീപ് ചന്ദ്രൻ, അഷ്റഫ് മഠത്തിൽ എന്നിവരും സംസാരിച്ചു.
ടെന്നിസ് കോർട്ട്, ബാസ്കറ്റ്ബാൾ കോർട്ട്, ഫുട്ബാൾ ഗ്രൗണ്ട്, ഹോക്കി ഗ്രൗണ്ട്, സ്ക്വാഷ് കോർട്ട്, മൾട്ടിപർപസ് ഹാൾ, മിനി ഗോൾഫ് റൂം, ഡാൻസ് റൂം, ഇൻഡോർ ഗെയിംസ് സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് മൾട്ടിപർപസ് സ്പോർട്സ് കോംപ്ലക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.