ദോഹ: വിദേശരാജ്യങ്ങളിൽനിന്നുള്ള അടിയന്തര യാത്രികർക്ക് നൽകിയ ഇളവുകൾ റദ്ദാക്കിയത് പുനഃസ്ഥാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രവാസിലോകത്ത് പ്രതിഷേധം. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെ മരണത്തിൽപോലും നാട്ടിലെത്താനാവാതെ കണ്ണീരിൽകഴിയുന്നവരുടെ എണ്ണം പ്രവാസിലോകത്ത് ഏറുകയാണ്. തൃശൂർ സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരുമായ പി.എസ്. സത്യൻ തിങ്കളാഴ്ച പുലർച്ച മൂന്നിനാണ് മരിച്ചത്. പിതാവിന്‍റെ മരണവാർത്തയെത്തുമ്പോൾ ഖത്തറിലായിരുന്നു മകൻ സുരാഗ് സത്യൻ. പിതാവിന്‍റെ മരണ സർട്ടിഫിക്കറ്റും അടിയന്തര ഘട്ടത്തിലുള്ള യാത്ര അനുവദിക്കണമെന്ന ഖത്തറിലെ ഇന്ത്യൻ എംബസിയുടെ സാക്ഷ്യപത്രവുമായി വിമാനത്താവളത്തിലെത്തിയിട്ടും യാത്ര അനുവദിച്ചില്ല. പിതാവിന്‍റെ അപ്രതീക്ഷിത വേർപാടിനു പിന്നാലെ, അന്ത്യകർമം നിർവഹിക്കാനും ഒരു നോക്ക് കാണാനുമായി നാട്ടിലെത്താൻ ശ്രമിച്ചിട്ടും നടക്കാതെ, ഖത്തറിലെ താമസസ്ഥലത്ത് കണ്ണീരോടെ കഴിയുന്ന ഏക മകൻ സുരാഗ് പ്രവാസിലോകത്തിന്‍റെ നൊമ്പരക്കാഴ്ചയായി. സുരാഗിന്‍റെ അസാന്നിധ്യത്തിൽ പിതൃസഹോദരനാണ് സംസ്കാര ചടങ്ങിന് നേതൃത്വം നൽകിയത്.
വിദേശങ്ങളിൽനിന്നും മടങ്ങിയെത്തുന്നവർ വ്യോമയാന മന്ത്രാലയത്തിന്‍റെ 'എയർ സുവിധ' വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങണമെന്ന നിബന്ധനയിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രക്കാർക്ക് സർക്കാർ ഇളവ് നൽകിയിരുന്നു. എയർ സുവിധയിൽ രജിസ്റ്റർ ചെയ്യുമ്പോൾ 'എക്സംപ്ഷൻ'എന്ന ഭാഗത്ത് മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ അപ്ലോഡ് ചെയ്താൽ ഇവരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്നും ഒഴിവാക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞ ഒക്ടോബർ 20 മുതൽ നിലവിൽ വന്ന പുതിയ വിജ്ഞാപനപ്രകാരം എല്ലാ വിഭാഗം യാത്രക്കാർക്കും വ്യക്തിഗത വിവരങ്ങൾക്കു പുറമെ, 72 മണിക്കൂറിനുള്ളിൽ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി. വെബ് സൈറ്റിൽ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി 'എയർ സുവിധയിലെ എക്സംപ്ഷൻ ഫോം നിർത്തലാക്കി'എന്നാണ് നൽകിയത്.
ഇതാണ് മരണം ഉൾപ്പെടെ അടിയന്തര യാത്രികർക്ക് തിരിച്ചടിയായത്. ഇതു സംബന്ധിച്ച് നേരത്തേ 'ഗൾഫ് മാധ്യമം'വാർത്തക്കു പിന്നാലെ സംസ്ഥാന സർക്കാറും നോർക്കയും ഇളവ് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രക്കാർക്ക് സർക്കാർ നേരത്തെ നൽകിയ ഇളവ് കഴിഞ്ഞ ഒക്ടോബറിലാണ് എടുത്തുമാറ്റിയത്. ഗൾഫ് രാജ്യങ്ങളിൽ നാല് മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ ഫലം ലഭ്യമായിരുന്നതിനാൽ ആദ്യ ഘട്ടത്തിൽ ഈ പ്രശ്നം കാര്യമായി ബാധിച്ചില്ല. എന്നാൽ, ഒമിക്രോൺ വ്യാപനത്തിനു പിന്നാലെ പ്രതിദിനം പരിശോധന നടത്തുന്നവരുടെ എണ്ണം വർധിച്ചതിനാൽ ഫലം ലഭിക്കാൻ വൈകുന്നതാണ് അടിയന്തര യാത്രക്കാർക്ക് തിരിച്ചടിയായത്. നാല് മണിക്കൂറിൽ ഫലം ലഭിക്കുന്ന ക്ലിനിക്കുകളിൽ ഇപ്പോൾ ബുക്കിങ് പോലും ലഭ്യമാവാത്ത അവസ്ഥയാണുള്ളത്. പ്രവാസികളുടെ ആവശ്യം പരിഹരിക്കാൻ സംസ്ഥാന സർക്കാറും, നോർക്കയും കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല. ഇതേ കാരണത്താൽ ബന്ധുവിന്‍റെ മരണത്തെ തുടർന്ന് കോഴിക്കോട് സ്വദേശിക്കും രണ്ടു ദിവസം മുമ്പ് നാട്ടിലേക്കുള്ള യാത്ര മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.