ദോഹ: ഇന്ത്യ ഉൾപ്പെടെ എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ നിബന്ധനകളിൽ മാറ്റം വരുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കെല്ലാം ഇനി രണ്ടു ദിവസ ക്വാറൻറീൻ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിസിറ്റ് വിസയിൽ കുട്ടികൾക്കും യാത്രാനുമതി നൽകിയതാണ് ഏറ്റവും സുപ്രധാന പരമായ തീരുമാനും. ഇതു പ്രകാരം വാക്സിൻ സ്വീകരിക്കാത്ത 12ന് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് കുത്തിവെപ്പ് സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പം ഖത്തറിലെത്താം. രണ്ടു ദിവസമാണ് ഇവർക്ക് ക്വാറൻറീൻ നിർദേശിച്ചത്. അതേസമയം, 12 വയസ്സിന് മുകളിലുള്ളവർ വാക്സിനേറ്റഡ് അല്ലെങ്കിൽ വിസിറ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.
ഒക്ടോബർ ആറ് ബുധനാഴ്ച ഉച്ച രണ്ടു മണി മുതൽ മാറ്റം പ്രാബല്ല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്കും ഇനി രണ്ടു ദിവസം ക്വാറൻറീൻ മതിയാവും. ഇവർ, ഖത്തറിലെത്തി 36 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റും, ആൻറി ബോഡി ടെസ്റ്റും പൂർത്തിയാക്കിയിരിക്കണം. അതേസമയം, ഖത്തറിൽ നിന്ന് വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് മാത്രം മതിയാവും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൂടെയുള്ള രക്ഷിതാക്കൾ വാക്സിനേറ്റഡ് ആണെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
റെസിഡൻറ് വിസയിലുള്ള വാക്സിൻ സ്വീകരിക്കാത്ത യാത്രക്കാർക്കും പ്രവേശന അനുമതി നൽകാൻ തീരുമാനമായി. എന്നാൽ, ഏഴു ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ആറാം ദിവസത്തെ പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവായാൽ ഏഴാം ദിനം പുറത്തിറങ്ങാൻ അനുവാദം നൽകും.
ആഗസ്റ്റ് രണ്ടിന് പ്രാബല്ല്യത്തിൽ വന്ന യാത്രാ നയത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്. നേരത്തെ ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടു ദിവസവും, പുറത്തു നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് 10 ദിവസവുമായിരുന്നു ക്വാറൻറീൻ. ഫാമിലി വിസിറ്റ് വിസയിൽ കുട്ടികൾക്ക് പ്രവേശന അനുമതിയുമുണ്ടായിരുന്നില്ല.
ഇന്ത്യ, ഫിലിപ്പിൻസ്, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഇന്തോനേഷ്യ, കെനിയ, സുഡാൻ എന്നീ രാജ്യങ്ങളാണ് എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.