ദോഹ: സാമൂഹിക സേവന- ജീവകാരുണ്യ രംഗത്തെ മികവിന് എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന്റെ ‘യുനൈറ്റഡ് വി കാൻ’ പുരസ്കാരവുമായി ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ പൊഡാർ പേൾ സ്കൂൾ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ സംഘടനയായ ഇ.എ.എ ആഹ്വാനം ചെയ്ത ചാരിറ്റി വീക്കിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള അംഗീകാരമായാണ് പൊഡാർ പേൾ സ്കൂളിന് പുരസ്കാരം സമ്മാനിച്ചത്.
ചാരിറ്റി വീക്കിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം പൊഡാറിനെ തേടിയെത്തിയിരുന്നു. ഖത്തറിൽ നിന്നും സ്കൂളുകളും സർവകലാശാലകളും ഉൾപ്പെടെ 23 സ്ഥാപനങ്ങളാണ് ചാരിറ്റി വീക്കിൽ പങ്കെടുത്തത്.
കഴിഞ്ഞ മൂന്നുവർഷമായി ചാരിറ്റി വീക്കിൽ സജീവമായി പങ്കെടുക്കുന്ന ഖത്തറിലെ ഏക ഇന്ത്യൻ സ്കൂൾ കൂടിയാണ് പൊഡാർ പേൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അർഹരായ ജനങ്ങളിലേക്കെത്തുന്ന ജീവികാരുണ്യ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ശേഖരണത്തിനൊപ്പം, സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കിയാണ് പൊഡാർ പേൾ സ്കൂൾ മാതൃകാ ദൗത്യത്തിൽ പങ്കുചേരുന്നത്.
‘വിദ്യാർഥികൾക്കിടയിൽ അനുകമ്പയും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിനുള്ള അംഗീകാരമാണ് പുരസ്കാരം. അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ അർപ്പണബോധം കൂടി ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നു - പൊഡാർ പേൾ സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ പറഞ്ഞു. ‘ഒരു അവാർഡ് എന്നതിനപ്പുറം, മെച്ചപ്പെട്ടതും കൂടുതൽ കരുതലുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെ സാക്ഷ്യമാണ് ‘യുനൈറ്റഡ് വി കാൻ’ അവാർഡെന്ന് പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.