ദോഹ: അഴിമതി തുടച്ചുനീക്കാനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഖത്തർ അമീറിന്റെ പേരിൽ ഏർപ്പെടുത്തിയ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അന്താരാഷ്ട്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോസ്റ്ററീകയിലെ സാൻജോസിൽ നടന്ന ചടങ്ങിലായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഴിമതി വിരുദ്ധ പോരാളികൾക്ക് ഖത്തറിന്റെ അംഗീകാരമായ പുരസ്കാരം സമ്മാനിച്ചത്.
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് നടത്തിയ എട്ടാമത് പുരസ്കാര ചടങ്ങിൽ കോസ്റ്ററീക ഫസ്റ്റ് വൈസ് പ്രസിഡന്റ് സ്റ്റീഫൻ ബ്രണ്ണർ നീബിഗ് ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. അഴിമതി തുടച്ചുനീക്കാനും ഭരണ നിർവഹണ മേഖലകളിൽ സുതാര്യത ഉറപ്പാകാനും പ്രവർത്തിച്ച വ്യക്തികൾക്കും സംഘടനകൾക്കുമായി അഞ്ചു വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ അവാർഡുകൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫസ്റ്റ് വൈസ് പ്രസിഡന്റ് ബ്രണ്ണറും ചേർന്ന് സമ്മാനിച്ചു.
അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലെ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരത്തിന് ഡോ. മുന ബുചാഹിനെ തെരഞ്ഞെടുത്തു. മെക്സികയിൽനിന്നുള്ള അഴിമതി വിരുദ്ധ പോരാളിയായാണ് ഡോ. മുന ബുചാഹിനെ വിശേഷിപ്പിക്കുന്നത്. ഫോറൻസിക് ഓഡിറ്റിങ്, ഔദ്യോഗിക രേഖകളുടെ തട്ടിപ്പ്, തുടങ്ങി വിവിധ അഴിമതികൾ പുറത്തുകൊണ്ടുവരുകയും അന്വേഷണങ്ങൾക്ക് നിർണായക നേതൃത്വം നൽകുകയും ചെയ്തുകൊണ്ട് പ്രശസ്തയായ ഇവർക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് അംഗീകാരമായാണ് പുരസ്കാരം സമ്മാനിച്ചത്.
അക്കാദമിക് റിസർച്ച് ആൻഡ് എജുക്കേഷൻ പുരസ്കാരങ്ങൾ പ്രഫസർ റോബർ ക്ലിറ്റ്ഗാർഡ്, ആൽബർടോ വനുചി, കായികമേഖലയിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡോ. റോഡ്രിഗോ അരിയാസ് ഗ്രിലോ, പ്രഫ. എലിയാസ് ബാന്റെകാസ്, അന്വേഷണാത്മക മാധ്യമ പ്രവർത്തന മികവിന് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഖദിജ ഷരീഫ്, യൂത്ത് ക്രിയേറ്റീവിറ്റി ആൻഡ് എൻഗേജ്മെന്റ് പുരസ്കാരത്തിന് ഗയോ ജെയിംസ് എംപുയ, മെക്സികൻ സംഘടനയായ മെജോർ എന്നിവർ അർഹരായി.
പുരസ്കാര ചടങ്ങിന് മുമ്പായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും കോസ്റ്ററീകൻ പ്രസിഡന്റ് റോഡ്രിഗോ ചാവേസ് റോബിൾസും ചേർന്ന് പാർക് എസ്പാനയിൽ അവാർഡ് ഫലകം അനാച്ഛാദനം ചെയ്തിരുന്നു. ഭരണനിർവഹണരംഗത്തെ സുതാര്യതയുടെയും അഴിമതിക്കെതിരായ പോരാട്ടത്തിന്റെയും ആഗോള പ്രതിബദ്ധതയുടെ പ്രതീകമായാണ് എട്ടാം പുരസ്കാരത്തിന്റെ ഭാഗമായി സ്മാരകം നിലകൊള്ളുന്നത്. 2016ൽ ആരംഭിച്ച ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുരസ്കാരത്തിന്റെ ചരിത്ര യാത്രകളെ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു സാൻജോസിൽ ചടങ്ങിന് തുടക്കം കുറിച്ചത്.
പുരസ്കാര ജേതാക്കളെയും അഴമതിക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ രാഷ്ട്രത്തലവന്റെ നിലപാടുകളെയും കോസ്റ്ററീകൻ വൈസ് പ്രസിഡന്റ് അഭിനന്ദിച്ചു. യു.എൻ പ്രതിനിധികളായ അലക്സാണ്ടർ സുയേവ്, അഴിമതിക്കെതിരായ യു.എൻ പ്രത്യേക പ്രതിനിധി അലി ബിൻ ഫിതൈസ് അൽ മർറി, ഖത്തർ നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി പ്രതിനിധി മുഹമ്മദ് ബിൻ സൈഫ് അൽ കുവാരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.