ദോഹ: തദ്ദേശീയ ഉൽപന്നങ്ങൾ പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഉംസലാലിലെ ശൈത്യകാല ഫെസ്റ്റിന് തുടക്കമായി. രാജ്യത്തെ വിവിധ ഫാമുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഉംസലാൽ സെൻട്രൽ മാർക്കറ്റിലെ വിന്റർ ഫെസ്റ്റിന് തുടക്കം കുറിച്ചത്.
വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും പരിപാടികളുമായി അടുത്ത വർഷം ഫെബ്രുവരി 19 വരെ മേള നീണ്ടുനിൽക്കും. ആദ്യ ഘട്ടമെന്ന നിലയിൽ ഈത്തപ്പഴ മേളയോടെയാണ് തുടക്കമായത്.
നവംബർ 30 വരെ നടക്കുന്ന ഈത്തപ്പഴ മേളയിൽ ഖത്തറിലെ 14 ഫാമുകളും മൂന്ന് ഫാക്ടറികളും പങ്കെടുക്കുന്നുണ്ട്. വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും തേൻ, സ്ട്രോബറി എന്നിവയും ഈ ദിനങ്ങളിൽ ലഭ്യമാകും.
ഇതിനു പിന്നാലെ ഡിസംബർ അഞ്ച് മുതൽ 14 വരെ പരമ്പരാഗത മാർക്കറ്റ് എക്സിബിഷൻ, ഡിസംബർ 19 മുതൽ 26 വരെ പൂക്കളുടെ പ്രദർശനം എന്നിവയായി ഈ വർഷം സജീവമാകും. അടുത്ത വർഷം ജനുവരി ഒമ്പത് മുതൽ 18 വരെയാണ് തേൻ പ്രദർശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്നതും മറ്റുമായി വിപുലമായ തേനുകളുടെ വിപണി ഉപഭോക്താക്കൾക്കായി ഒരുക്കും.
ജനുവരി 30 മുതൽ ഫെബ്രുവരി എട്ടു വരെ സ്ട്രോബറി, ഫിഗ്സ് എക്സിബിഷൻ, സമാപനം എന്ന നിലയിൽ ഫെബ്രുവരി 13 മുതൽ 19 വരെ കനാർ എക്സിബിഷനും നടക്കും. കുടുംബ സാമൂഹിക ക്ഷേമ മന്ത്രാലയം, ഹസാദ് ഫുഡ് കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് ശൈത്യകാല മേള നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.