ദോഹ: മലയാള സാഹിത്യലോകത്തെ ശ്രദ്ധേയ പുരസ്കാരങ്ങളിൽ ഒന്നായ ചെറുകാട് അവാർഡ് വിമാനം കയറി ഖത്തറിലേക്ക്. പതിറ്റാണ്ടുകാലമായി ഖത്തറിലെ മലയാള വായനസമൂഹത്തിലും സാഹിത്യപ്രേമികൾക്കുമിടയിൽ സുപരിചിതയായ ഷീലാ ടോമിക്കാണ് ഇത്തവണത്തെ ചെറുകാട് പുരസ്കാരം.
2019ൽ പ്രസിദ്ദീകരിച്ച ആദ്യ നോവലായ 'വല്ലി'ക്കാണ് പുരസ്കാരം. വൈശാഖനും ടി.വി. കൊച്ചുബാവയും സാറാജോസഫും യു.കെ. കുമാരനും ഉൾപ്പെടെയുള്ള സാഹിത്യകുലപതികൾക്ക് ലഭിച്ച പുരസ്കാരത്തിന് തന്നെ പരിഗണിച്ചതിെൻറ സന്തോഷത്തിലാണ് ഈ നവാഗത എഴുത്തുകാരി. 'ആദ്യ രചന തന്നെ മികച്ച പുരസ്കാരത്തിന് തിരഞ്ഞെടുത്തതിൽ അഭിമാനവും നന്ദിയുമുണ്ട്. ഇനിയുള്ള എഴുത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതാണ്. എെൻറ നാട് പശ്ചാത്തലമായി എഴുതിയ നോവലാണ് വല്ലി. ഓരോ കഥാപാത്രങ്ങളും ജീവിത പരിസരങ്ങളിൽ നിന്നുള്ളത് കൂടിയാണ്. പ്രകൃതിക്കുവേണ്ടിയും ചുറ്റുമുള്ള സാധാരണ മനുഷ്യർക്കുവേണ്ടിയുമുള്ള എഴുത്തായിരുന്നു. എന്നെ ഞാനാക്കിയ നാടിനെ 'വല്ലി'യിലൂടെ എഴുതിവെക്കാൻ ശ്രമിച്ചതാണ്. അത് സ്വീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട് ' - ഷീലാ ടോമി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വയനാട് മാനന്തവാടി പയ്യമ്പള്ളി സ്വദേശിയായ ഷീലാ ടോമി 2003 മുതൽ ഖത്തറിലുണ്ട്. ഖത്തർ പി.എച്ച്.സി.സിയിൽ ഭരണനിർവഹണ വിഭാഗത്തിൽ ജീവനക്കാരിയാണ് ഇവർ. ഭർത്താവ് ടോമി ലാസർ ഖത്തറിലെ ജെൻസൺ ആൻഡ് ഹ്യൂഗ്സിൽ എൻജിനീയറാണ്. മക്കൾ: മിലൻ, മാനസി, ജോൺ.
2012ൽ പുറത്തിറങ്ങിയ 'മെൽക്വിയാഡിെൻറ പ്രളയ പുസ്തകം' എന്ന കഥാസമാഹാരമാണ് ആദ്യ കൃതി. അബൂദബി അരങ്ങ് ചെറുകഥാ പുരസ്കാരം, ദോഹ സംസ്കൃതി പുരസ്കാരി, പുഴ ഡോട്കോം പുരസ്കാരം എന്നിവ നേടിയതിെൻറ തുടർച്ചയായാണ് ശ്രദ്ധേയമായ ചെറുകാട് പുരസ്കാരം തേടിയെത്തുന്നത്. ആദ്യ ശ്രമം തന്നെ വായനസമൂഹം ഏറ്റെടുത്ത പശ്ചാത്തലത്തിൽ പുതിയൊരു നോവലിെൻറ പണിപ്പുരയിലാണ് എഴുത്തുകാരി.
ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാർഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ് ചെറുകാട് അവാർഡ്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കാണ് സ്പോണ്സര് ചെയ്യുന്നത്.
ഒക്ടോബര്‍ 29ന് പെരിന്തല്‍മണ്ണ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന് അവാര്‍ഡ് സമ്മാനിക്കും.
അശോകന് ചരുവില്‍, ഖദീജ മുംതാസ്, അഷ്ട എന്നിവരടങ്ങിയ നിര്‍ണയ സമിതിയാണ് 'വല്ലി' തിരഞ്ഞെടുത്തത്. വല്ലി എന്നാല്‍, ഭൂമി എന്നും കൂലി എന്നും വള്ളിപ്പടര്‍പ്പ് എന്നും അര്‍ഥമുണ്ട്. ഈ മൂന്ന് സങ്കല്പങ്ങളും സാർഥമാക്കുന്ന നോവലാണ് ഷിലാടോമിയുടെ വല്ലി. നാലു തലമുറകളിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് പറയുന്ന കഥയിലൂടെ വയനാട്ടിലെ കല്ലുവയല്‍ ഒരിതിഹാസമായി മാറുന്ന അത്ഭുതം ഈനോവലില് കാണാം. കാട്, കുടിയേറ്റം, വിമോചന രാഷ്ട്രീയ മുന്നേറ്റം, ഇക്കോ ഫെമിനിസം എന്നീ വിഷയങ്ങള്‍ നോവലിെൻറ പ്രമേയമായി വരുന്നു.
ശ്വാസത്തിലും പ്രാണനിലും പ്രകൃതിക്കുവേണ്ടി വിങ്ങുന്ന ഒരെഴുത്തുകാരിയുടെ ദീര്‍ഘനിശ്വാസം എന്നും വല്ലിയെ വിശേഷിപ്പിക്കാവുന്നതാണ്. കാവ്യഭാഷ തുളുമ്പുന്ന ഇതിെൻറ ശൈലി നോവല്‍ വായന അത്യന്തം ആസ്വാദ്യമാക്കുന്നുണ്ട് എന്ന് അവാർഡ് നിര്‍ണയസമിതി വിലയിരുത്തി.
പുരസ്കാര ചടങ്ങിൽ സുനില്‍ പി. ഇളയിടം ചെറുകാട് സ്മാരക പ്രഭാഷണം നടത്തും. കൃതിയെയും നോവലിസ്റ്റിനെയും പരിചയപ്പെടുത്തി കഥാകൃത്ത് അഷ്ടമൂര്‍ത്തി സംസാരിക്കും. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്, ഇ.എന്‍. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.