ദോഹ: രാവിനെ പകലാക്കി കുട്ടിക്കൂട്ടങ്ങൾ തെരുവുകൾ കീഴടക്കിയ ദിനം. അവരുടെ പെരുന്നാളായി മാറിയ നോമ്പിനെ ആഘോഷങ്ങളുടെ രാത്രിയാക്കി മാറ്റി രക്ഷിതാക്കളും ഒപ്പമെത്തിയപ്പോൾ സമീപകാലങ്ങളിലൊന്നുമില്ലാത്തൊരു ‘ഗരങ്കാവൂ’ ആഘോഷത്തിനായിരുന്നു ഖത്തർ ഇത്തവണ വേദിയായത്. താമസസ്ഥലങ്ങളിലെ വീടുകൾ കയറിയിറങ്ങിയുള്ള ആഘോഷം പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലും മാളുകളിലും ഷോപ്പിങ് സെന്ററുകളിലും എത്തിയപ്പോൾ ബുധനാഴ്ച രാത്രി ഖത്തറിലെ സ്വദേശികൾക്കും ഒപ്പം വിദേശികൾക്കും അപൂർവമായൊരു രാവായി മാറി.
കഴിഞ്ഞ മൂന്നു വർഷങ്ങളിലും കോവിഡ് ഭീതിയെ തുടർന്ന് പരിമിതപ്പെടുത്തിയ കുട്ടികളുടെ നോമ്പാഘോഷം ഇത്തവണ കളർഫുൾ ആയെന്നായിരുന്നു സ്വദേശികളും വിദേശികളും ഒറ്റവാക്കിൽ പ്രതികരിച്ചത്. ബുധനാഴ്ച രാത്രി എട്ടു മുതൽ അർധരാത്രി 12 മണിവരെയായിരുന്നു ‘ഗരങ്കാവൂ’ ആഘോഷ പരിപാടികൾ. റമദാനിലെ 14ാമത്തെ നോമ്പ് പൂർത്തിയാക്കിയതിനു പിന്നാലെ ഫാൻസി കുപ്പായങ്ങളണിഞ്ഞ് പുറത്തിറങ്ങിയ കുട്ടികളെ കാത്ത് രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ മുതിർന്നവർ സമ്മാനങ്ങളും മധുര പലഹാരങ്ങളും ഉടുപ്പുകളുമായി കാത്തിരുന്നു.
‘ഗരങ്കാവൂ, ഗരങ്കാവൂ... അതൂന അതൂന... അല്ലാഹ് യഅ്തീക്കും...’ പാടിയെത്തുന്ന കുട്ടികളുടെ ചെറുസഞ്ചിയിലേക്ക് സമ്മാനങ്ങൾ നൽകിക്കൊണ്ടായിരുന്നു മുതിർന്നവർ സ്വീകരിച്ചത്. സാധാരണ വീടുകൾ കയറിയിറങ്ങി മാത്രം നടക്കുന്ന ആഘോഷത്തെ ഖത്തർ ടൂറിസത്തിന്റെയും മിഷൈരിബ് ഡൗൺ ടൗണിന്റെയും നേതൃത്വത്തിൽ ഇത്തവണ വലിയ ആഘോഷമാക്കി മാറ്റി. ദോഹ കോർണിഷിൽ സ്റ്റേജ് ഷോ, കലാ പരിപാടികൾ, പ്രത്യേക മുഖാവരണമായ ബതൂല വർക് ഷോപ്പ്, സദു ബ്രേസ് ലെറ്റ് വർക്ഷോപ്പ്, ഹെന്ന കോർണർ, സെൽഫി, ഫാഷൻഷോ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളായ കളർഫുൾ ആക്കി മാറ്റി.
ലോകകപ്പ് വേളയിൽ രാജ്യം സാക്ഷ്യംവഹിച്ച വർണാഭമായ ആഘോഷങ്ങളുടെ അതേ പകർപ്പാക്കി മാറ്റിയാണ് ‘ഗരങ്കാവൂ’ കൊണ്ടാടിയത്.
സ്വദേശികൾക്കൊപ്പം, താമസക്കാരും സന്ദർശകരുമായ വിദേശികളുടെ സാന്നിധ്യമായിരുന്നു ഇത്തവണ ശ്രദ്ധേയമായത്. മിഷൈരിബ് ഡൗൺ ടൗൺ, കോർണിഷ്, കതാറ, സൂഖ് വാഖിഫ്, ലുസൈൽ ബൊളെവാഡ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായി നിരവധി വിദേശികളാണ് രാത്രിയിലെ വ്യത്യസ്തമായ ‘ഗരങ്കാവൂ’ ആഘോഷത്തിന് സാക്ഷിയാകാൻ എത്തിയത്. വർണക്കുപ്പായങ്ങളും തോൾസഞ്ചിയും അണിയിച്ച തങ്ങളുടെ കുട്ടികളെയും അവർ ആഘോഷങ്ങളിൽ പങ്കാളികളാക്കി.
‘സമൂഹമാധ്യമങ്ങൾ വഴിയാണ് ഈ ആഘോഷത്തെക്കുറിച്ച് അറിഞ്ഞത്. അതോടെ, രണ്ടു കുട്ടികളുമായി ഗരങ്കാവൂ ഫാഷൻ ഷോയിൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസംതന്നെ സൂഖ് വാഖിഫിൽനിന്നും ഗരങ്കാവൂ വസ്ത്രം വാങ്ങി. കുട്ടികൾ നന്നായി ആസ്വദിച്ചു’ -കോർണിഷിലെ ആഘോഷത്തിൽ പങ്കെടുത്ത ആസ്ട്രേലിയക്കാരൻ ജിസാന പറയുന്നു.
അപൂർവവും വ്യത്യസ്തവുമായിരുന്നു ഈ രാത്രിയിലെ അനുഭവമെന്ന് ആഫ്രിക്കയിൽനിന്നുള്ള ഒരു സന്ദർശകൻ പറയുന്നു.
ഖത്തറിന്റെ എല്ലാ ആഘോഷങ്ങളെയും തങ്ങളുടേതുകൂടിയാക്കി മാറ്റുന്ന പ്രവാസി മലയാളികൾ ലോകകപ്പ് പോലെ ‘ഗരങ്കാവൂ’ ആഘോഷവും തങ്ങളുടേതാക്കി മാറ്റി. വർഷങ്ങളായി ഖത്തറിൽ പ്രവാസികളായി കഴിയുന്നവർക്കു വരെ ഇത്തവണത്തെ ആഘോഷം അപൂർവ അനുഭവമായിരുന്നു. 11 വർഷത്തോളം പ്രവാസിയായ ആലപ്പുഴ സ്വദേശി ഫാത്തിമ പറയുന്നത് ഇങ്ങനെ: ‘വർഷങ്ങളായി ഖത്തറിലുണ്ടെങ്കിലും ഇത്ര വിപുലമായ ആഘോഷം കണ്ടിട്ടില്ല. കുട്ടികൾക്ക് നോമ്പെടുക്കാൻ പ്രോത്സാഹനം നൽകുന്നതാണ് ഗരങ്കാവൂ. അവർ സമ്മാനങ്ങൾ വാങ്ങി, പുതിയ ഉടുപ്പിട്ട് ഇറങ്ങുന്നത് കാണുമ്പോൾ സന്തോഷം.’ പലയിടങ്ങളിൽനിന്നായി ഈ രാത്രിയിൽ കുട്ടികൾക്ക് മിഠായിയും കളിപ്പാട്ടങ്ങളുമായി നിരവധി സമ്മാനങ്ങൾ ലഭിച്ചതായി മലയാളി കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഹയ്യ യാത്രാനുമതിയിൽ ഖത്തറിലെത്തിയ നിരവധി മലയാളികളും കൗതുകമേറിയ ‘ഗരങ്കാവൂ’ ആഘോഷത്തിന് സാക്ഷ്യംവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.