ക്ലാസിക് കാർ ഗാലറിയിൽ പ്രദർശിപ്പിക്കുന്ന അമീരി കാർ

കണ്ണഞ്ചിപ്പിക്കും ക്ലാസിക് കാറുകൾ

വാഹനങ്ങളുടെ അത്ഭുതലോകത്തെ വിശേഷങ്ങളിലേക്കാണ്​ ഡി.ഇ.സി.സി മുഖ്യവേദിയാകുന്ന ജനീവ ഇൻറർനാഷനൽ മോ​ട്ടോർ ഷോ (ജിംസ്​ ഖത്തർ) കൺതുറന്നത്​. അന്താരാഷ്​ട്ര തലത്തിലെ വമ്പൻ വാഹന നിർമാതാക്കളുടെ സാന്നിധ്യംകൊണ്ട്​ ശ്രദ്ധേയമാവുന്ന ഷോയുടെ ഏറ്റവും വലിയൊരു ആകർഷണമാണ്​ ക്ലാസിക്​സ്​ ഗാലറി. പേര്​ സൂചിപ്പിക്കുംപോലെ, ചരിത്ര പ്രാധാന്യമുള്ളതും പൈതൃകങ്ങൾ ഏറെയുള്ളതുമായ ക്ലാസിക്കൽ കാറുകളുടെ പ്രദർശന ലോകം.

ഖത്തറി​െൻറ സ്വന്തം എന്ന വിശേഷണമുള്ള മുൻ അമീർ ശൈഖ്​ അഹമ്മദ്​ ബിൻ അലി ആൽഥാനിയുടെ റോൾസ്​ റോയ്​സ്​ ഫാൻറം ഫൈവ്​ എന്ന അത്യാഡംഭര കാർ മുതൽ വത്തിക്കാനിൽ ജനങ്ങളെ ആശിർവദിക്കാനായി മാർപാപ്പയെത്തുന്ന പോപ്​ മൊബൈൽ കാറുകൾ വരെയുള്ള ശേഖരങ്ങളാണ്​ ഈ നിരയിൽ പ്രദർശനത്തിനെത്തുന്നത്​.

മോട്ടോർ ഷോയുടെ പ്രധാന കേന്ദ്രമായ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) തന്നെയാണ് ക്ലാസിക് ഗാലറിയും സജ്ജമാക്കുന്നത്. ക്ലാസിക് കാറുകൾ വാങ്ങുന്നവരും അവയുടെ സൂക്ഷിപ്പുകാരും കാർ പ്രേമികളും തീർച്ചയായും കണ്ടിരിക്കേണ്ട പ്രദർശനമാണിതെന്ന് സംഘാടകർ പറയുന്നു.

ഒക്ടോബർ ഏഴു മുതലാണ് പൊതുജനങ്ങൾക്കായി പ്രദർശന വേദി തുറന്നുകൊടുക്കുന്നത്​. കോൺകോഴ്‌സ് ഡി എലഗൻസ് പരിപാടികളിൽനിന്നുള്ള മികച്ച ഷോ വിജയി ഉൾപ്പെടെ സവിശേഷമായ വാഹനങ്ങളും ക്ലാസിക് ഗാലറി പ്രദർശിപ്പിക്കും.

ഖത്തറിന്റേതുൾപ്പെടെ ലോകത്തിന്റെ വാഹന പൈതൃകത്തിന്റെ സമ്പന്നമായ നിര തന്നെയായിരിക്കും അടുത്തയാഴ്ച ആരംഭിക്കുന്ന മോട്ടോർ ഷോയിലെ ക്ലാസിക് ഗാലറിയിൽ ഒത്തുചേരുന്നതെന്ന് ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മേധാവി ശൈഖ ഹെസ്സ ആൽഥാനി പറഞ്ഞു.

ലോകപ്രശസ്ത നിർമാതാക്കളുടെ ആഗോള അരങ്ങേറ്റം നടത്തിയ കാറുകളും പുതിയ മോഡൽ ലോഞ്ചുകളും സർക്യൂട്ട് ഡ്രൈവിങ് അനുഭവങ്ങളും, മരുഭൂമിയിലെ സാഹസിക യാത്രകളും ഉൾപ്പെടുന്ന 10 ദിവസത്തെ ഓട്ടോമോട്ടിവ് രംഗത്തെ ഏറ്റവും വലിയ പ്രദർശനം കാണാൻ എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുകയാണെന്ന് ജിംസ് ഖത്തർ 2023 സി.ഇ.ഒ സാൻഡ്രോ മെസ്‌ക്വിറ്റ പറഞ്ഞു. ബെസ്റ്റ് ഓഫ് ഷോ അവാർഡ് ജേതാക്കൾ, ഇതിഹാസങ്ങളായി മാറിയ മഹാരാജാ കാറുകൾ, ഐക്കണിക് റോഡ്‌സ്റ്ററുകൾ, ഗ്രാൻഡ്പ്രി വിജയികളുടെ കാറുകൾ തുടങ്ങി ലോകയുദ്ധത്തിന് മുമ്പും യുദ്ധാനന്തരകാലത്തേതുമായ വാഹനങ്ങളുടെ നീണ്ട നിരയും പോപ്‌മൊബൈൽ കാറും ക്ലാസിക് ഗാലറിയെ സവിശേഷമാക്കുന്നു.

1962ലെ ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചതിനുശേഷം റോൾസ് റോയ്‌സ് ഫാന്റം ഫൈവ് കാർ അന്നത്തെ ഖത്തർ അമീറായിരുന്ന ശൈഖ് അഹ്മദ് ബിൻ അലി ആൽഥാനി സ്വന്തമാക്കിയിരുന്നു. ചരിത്രവും പൈതൃകവുംകൊണ്ട്​ സമ്പന്നമായ ഈ വാഹനങ്ങൾ കാണാൻ കൊതിക്കുന്നവർ ഈയാഴ്​ച തീർച്ചയായും സന്ദർശിക്കേണ്ട വേദിയാണ്​ ഡി.ഇ.സി.സി.

Tags:    
News Summary - classic cars- Geneva Motor Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.