ദോഹ: കോവിഡ് ഭീതി അകലുകയും പുതു വകഭേദമായ ഒമിക്രോൺ വ്യാപനം കുറയുകയും ചെയ്തതിനു പിന്നാലെ രാജ്യത്തെ സ്കൂളുകൾ സജീവമായി. ക്ലാസുകൾ പഠനത്തിരക്കിലേക്ക് മാറിയതിനുപിന്നാലെ, പാഠ്യേതര പ്രവർത്തനങ്ങളിലേക്കും കുട്ടികൾ ഏർപ്പെടുകയാണ്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ ലഭ്യമാവുകയും ക്ലാസ്മുറികൾ സജീവമാവുകയും ചെയ്തത് വിദ്യാർഥികളിൽ പുത്തനുണർവുണ്ടാക്കുന്നുവെന്ന് അധികൃതർ വിലയിരുത്തുന്നു. അക്കാദമികതലത്തിൽ മികവ് പുലർത്താൻ കഴിയുന്നതോടൊപ്പം വിദ്യാർഥികൾക്കിടയിൽ കായികതലത്തിൽ മത്സരക്ഷമത തിരികെ കൊണ്ടുവരാനും ഇതിലൂടെ സാധിക്കുന്നുവെന്നും വിവിധ സ്കൂളുകളുടെ അധികാരികളെ ഉദ്ധരിച്ച് പ്രാദേശിക അറബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്കൂളുകളിലേക്ക് വിദ്യാർഥികളെ വീണ്ടും എത്തിക്കാനുള്ള നീക്കം സ്വാഗതം ചെയ്യുകയാണെന്നും ക്ലാസ് റൂമുകളിലെ പഠന, പാഠ്യേതര പ്രവർത്തനങ്ങളും പുറത്തേക്കുള്ള യാത്രകളും കുട്ടികളിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിദ്യാർഥികളുട മാനസികാരോഗ്യത്തിലും ഇത് പ്രതിഫലിക്കുമെന്നും നാസിർ ബിൻ അബ്ദുല്ല അൽ അത്വിയ്യ ബോയ്സ് സെക്കൻഡറി സ്കൂൾ മേധാവി ഖാലിദ് ഈസ അൽ മുഹൈസിഅ് പറഞ്ഞു.
റായ ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥിരമായി വീട്ടിലിരുന്ന് പഠിക്കുന്ന വിദ്യാർഥികളിൽ അലസതയും മടുപ്പും വരാനിടയുണ്ട്. എന്നാൽ, വീടകങ്ങളിൽനിന്നും പഠനം ക്ലാസ് റൂമുകളിലേക്ക് മാറുന്നതോടെ ഇതിൽ മാറ്റം വരും. കുട്ടികളിൽ ഉന്മേഷവും ഉണർവും തിരികെ ലഭിക്കുമെന്നും അൽ മുഹൈസിഅ് വ്യക്തമാക്കി. വിദ്യാർഥികളിൽ ശാരീരികക്ഷമത ഉണ്ടാക്കുന്നതോടൊപ്പം അവരിൽ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനായി കായികവിദ്യാഭ്യാസ ക്ലാസുകൾ വർധിപ്പിക്കാൻ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർക്ക് സർക്കുലർ അയച്ചിട്ടുണ്ടെന്നും ഫെബ്രുവരി 20 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മനാ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് ഡയറക്ടർ ഫഹദ് അഹ്മദ് അൽ ദിർഹം പറഞ്ഞു.
ജനുവരി 30ഓടെയാണ് സ്കൂളുകളിലെ ക്ലാസുകൾ ഓൺലൈനിൽനിന്ന് മാറി ക്ലാസ്മുറികളിലേക്ക് തിരികെയെത്തിയത്. കോവിഡ് സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ എല്ലാവർക്കും കോവിഡ് പരിശോധന നിർദേശിച്ചപ്പോൾ, ഈയാഴ്ച മുതൽ വാകിസിൻ സ്വീകരിച്ചവരെയും കോവിഡ് രോഗമുക്തരെയും പരിശോധനയിൽനിന്ന് ഒഴിവാക്കി. ഞായറാഴ്ച മുതൽ കോവിഡിന് മുമ്പത്തെ പോലെയുള്ള സമയക്രമീകരണത്തിൽ ക്ലാസുകൾ സജീവമാകുമെന്നാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നത്. കായിക വിദ്യാഭ്യാസം, വിനോദ യാത്രകൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുമായും ക്ലസ്മുറികൾ സജീവമാകുമ്പോൾ കുട്ടികളും അധ്യാപകരും പഴയ അധ്യയനകാലത്തേക്ക് തിരികെയെത്തുന്നതിന്‍റെ ആവേശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.