ദോഹ: ശുദ്ധവും വിശ്വാസയോഗ്യവും സമൃദ്ധവുമായ ഊർജ സ്രോതസ്സെന്ന നിലയിൽ പ്രകൃതിവാതകത്തെ ജനകീയമാക്കുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ദോഹയിൽ നടന്ന ആറാമത് പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടി പ്രഖ്യാപനം. ലോകത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിലും കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിലും വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും പ്രകൃതിവാതകത്തിനാകുമെന്നും ഫോറം വ്യക്തമാക്കി. സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ വിടവ് നികത്തുന്നതിന് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ പ്രകൃതിവാതകത്തിന്റെ ഉപയോഗം വ്യാപിപ്പിക്കാനും ദോഹയിൽ സമാപിച്ച ഫോറം ആഹ്വാനം ചെയ്തു.
കാലാവസ്ഥ, നിക്ഷേപ നിയന്ത്രണങ്ങളിലും അന്താരാഷ്ട്ര ബാങ്കിങ്, ആഗോള വാണിജ്യ രംഗങ്ങളിലും പരിസ്ഥിതി സൗഹൃദ ഉൽപന്നമായി പ്രകൃതിവാതകത്തെ പ്രഖ്യാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ തുടരാനും ദോഹ പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. ഈ വർഷം ഈജിപ്തിൽ നടക്കാനിരിക്കുന്ന, കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള സംയുക്ത നടപടികൾക്കായി പ്രവർത്തിക്കാനും ഫോറം ആഹ്വാനം ചെയ്തു. സമുദ്ര-കര ഗതാഗതത്തിൽ പ്രകൃതിവാതകത്തിന്റെ പങ്ക് വർധിപ്പിക്കുക, ഉപഭോക്താക്കൾക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്നതിനുള്ള അടിയന്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ദീർഘകാലാടിസ്ഥാനത്തിലുള്ള വാതക കരാറുകൾക്ക് പിന്തുണ നൽകുക, എണ്ണ/എണ്ണ ഉൽപന്നങ്ങളുടെ സൂചികയെ ആധാരമാക്കി പ്രകൃതിവാതക വില നിശ്ചയിക്കുക തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നതിനും ദോഹ പ്രഖ്യാപനം ആഹ്വാനം ചെയ്തു.
പ്രകൃതിവാതക ഉൽപാദകർക്കിടയിലും ഉപഭോക്താക്കൾക്കിടയിലും ചർച്ചകൾക്ക് സൗകര്യമൊരുക്കാനും അന്താരാഷ്ട്ര സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരണം വിശാലമാക്കാനും ഫോറത്തിൽ ആവശ്യപ്പെട്ടു. ജി.ഇ.സി.എഫിനുള്ളിൽ സഹകരണത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്തുന്നതിന്റെ ആവശ്യകത ഫോറം ചൂണ്ടിക്കാട്ടി. 2023ൽ ഏഴാമത് ജി.ഇ.സി.എഫ് ഉച്ചകോടിക്ക് വേദിയാകുന്നതിനുള്ള അൾജീരിയയുടെ സന്നദ്ധതയെ ജി.ഇ.സി.എഫ് രാഷ്ട്രനേതാക്കൾ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.