ദോഹ: ഖത്തർ വേദിയൊരുക്കുന്ന കൗമാര ലോകകപ്പ് ഫുട്ബാളിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ. 2025 നവംബർ അഞ്ച് മുതൽ 27 വരെയാണ് അണ്ടർ 17 ഫിഫ ലോകകപ്പിന് രാജ്യം ആതിഥ്യമൊരുക്കുന്നത്. ഫിഫ കൗൺസിൽ തീരുമാനം പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയാണ് കഴിഞ്ഞ ദിവസം രാത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും മികച്ച കൗമാര ഫുട്ബാൾ താരങ്ങളുടെ പോരാട്ടമെത്തുന്നതോടെ വീണ്ടുമൊരു ലോകകപ്പ് മത്സരത്തിനാണ് രാജ്യം വേദിയൊരുക്കുന്നത്.
2025 മുതൽ 2029 വരെയുള്ള അഞ്ച് അണ്ടർ 17 ലോകകപ്പുകളുടെ സ്ഥിരം വേദിയായി ഈ വർഷം ആദ്യത്തിലാണ് ഫിഫ ഖത്തറിനെ തിരഞ്ഞെടുത്തത്. നേരത്തെ രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന കൗമാരമേള ആദ്യമായാണ് വാർഷിക ടൂർണമെന്റായി മാറുന്നത്. ടീമുകളുടെ എണ്ണം 24ൽനിന്ന് 48 ആയും ഉയർത്തി.
അന്താരാഷ്ട്ര ഫുട്ബാൾ സമൂഹത്തിന്റെ നിരന്തര ആവശ്യവും വിവിധ രാജ്യങ്ങളിലെ നിലവിലെ ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യണമെന്ന നിർദേശത്തെ തുടർന്നാണ് അണ്ടർ 17 ടൂർണമെന്റ് സമൂലമാറ്റങ്ങളോടെ പരിഷ്കരിക്കുന്നതെന്നാണ് ഫിഫ നേരത്തെ അറിയിച്ചത്.
2022 ലോകകപ്പ് ഫുട്ബാളിന് വേദിയായ എട്ടു സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാനസൗകര്യങ്ങളും ഖത്തറിന് കൗമാര ലോകകപ്പിലൂടെ വീണ്ടും ഉപയോഗപ്പെടുത്താൻ കഴിയും. 2023 നവംബർ-ഡിസംബറിലായി ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.