ദോഹ: രാസലഹരികൾ ഗുരുതര സാമൂഹിക പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇവ കര്‍ശനമായി നിയന്ത്രിക്കാന്‍ പരിശോധന വേളയിലെ വിഡിയോ റെക്കോഡിങ് നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ഖത്തര്‍ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു.മയക്കുമരുന്നിന്റെ അളവ് കൃത്യമായി തൂക്കുന്നതുള്പ്പെടെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പൊലീസ് വിഡിയോ റെക്കോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന തരത്തില്‍ ആവശ്യമായ നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരണം.
വിഡിയോ റെക്കോഡിങ് സന്ദര്‍ഭത്തില്‍ ഗസറ്റ് ഓഫിസറുടെ സാന്നിധ്യം വേണം. നിയമം നടപ്പാക്കുന്നതില്‍ ഏകീകൃത സ്വഭാവം വരുത്താനും പൊലീസിന്റെ അലംഭാവം സംഭവിക്കാതിരിക്കാനും വിഡിയോ റെക്കോഡിങ് നിര്‍ബന്ധം എന്നു തന്നെ നിയമത്തില്‍ ചേര്‍ക്കേണ്ടതാണെന്നും ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക, നിയമ നടപടികളുണ്ടാവുന്ന രീതിയിലായിരിക്കണം നിയമ നിർമാണം. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഫീല്‍ഡ് ഓഫിസേഴ്സിനായി പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ പരിശോധന സമയത്ത് വിഡിയോ കാമറയും മറ്റ് റെക്കോര്‍ഡിങ് ഉപകരണങ്ങളും കരുതണമെന്ന് നിർദേശിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടപ്പാക്കപ്പെടുന്നില്ല.
വിഡിയോ റെക്കോഡിങ് ഉണ്ടായിരിക്കല്‍ ക്രിമിനല്‍ നടപടി ക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് അനുഗുണമാണെന്ന് വിവിധ ഹൈകോടതികൾ പ്രസ്താവിച്ചിരിക്കെ സമാനമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പു വരുത്താന്‍ കേരളവും ഇത്തരം നിയമ നിർമാണം നടത്തേണ്ടതാണെന്നും നിവേദനത്തില്‍ വിശദീകരിക്കുന്നു.
ലഹരിമാഫിയയെ രക്ഷിക്കാന്‍ നൂറുകണക്കിന് ചെറുപ്പക്കാരെ എന്‍.ഡി.പി.എസ് പ്രകാരം കള്ളക്കേസുകളില്പെടുത്തുന്ന പ്രവണതയും മറുവശത്തുണ്ട്. വിഡിയോ റെക്കോഡിങ്ങുകളുടെയോ വ്യക്തമായ തെളിവുകളുടെയോ അഭാവത്തില്‍ അധികാരികള്‍ പലപ്പോഴും അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ഖത്തര്‍ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി നിവേദനത്തിന് മറുപടി നല്‍കിയതായും സംസ്ഥാന പൊലീസ് മേധാവിക്കും എക്സൈസ് കമീഷണര്‍ക്കും അയച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നുള്ള അറിയിപ്പാണ് മുഖ്യമന്ത്രിയുടെ അണ്ടര്‍ സെക്രട്ടറി ഇ-മെയിലില്‍ നല്‍കിയതെന്നും ഖത്തര്‍ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉബൈദ് സി. കെ, ജനറല്‍ സെക്രട്ടറി ലത്തീഫ് വി.പി വാണിമേല്‍, ട്രഷറർ ടി. കെ സൈഫു എന്നിവര്‍ പറഞ്ഞു. വിഷയം നിയമസഭയില്‍ ചര്‍ച്ചക്ക് എത്തിക്കാനുള്ള ശ്രമം നടത്തുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.