ദോഹ: ഖത്തറിലെ പ്രതിദിന കോവിഡ് കേസുകളുടെ കണക്കുകൾ തിങ്കളാഴ്ച 3878ലെത്തി. പുതുതായി റിപ്പോർട്ട് ചെയ്തവരിൽ 3335 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 543 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. ഞായറാഴ്ച 3689 പേർക്കാണ് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. നിലവിലെ രോഗികളുടെ എണ്ണം 25,131 ആയി. 714 പേരാണ് രോഗമുക്തി നേടിയത്. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 64കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 619 ആയി. 553 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ 68 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ 51 പേരും ചികിത്സയിലുണ്ട്. ഏഴു പേരെയാണ് പുതുതായി പ്രവേശിപ്പിച്ചത്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പൊതു ഇടങ്ങളിലും മറ്റുമായി കോവിഡ് മുൻകരുതലുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ നിർദേശിക്കുന്നു. മാസ്ക് അണിയുക, സാമൂഹിക അകലം പാലിക്കുക, അർഹരായവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധ ശേഷി ഉറപ്പാക്കുക എന്നിവയാണ് രോഗത്തെ ചെറുക്കാനായുള്ള പ്രധാന നിർദേശങ്ങൾ.
മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം
ദോഹ: അടച്ചിട്ടകേന്ദ്രങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിലൂടെ കോവിഡ് വ്യാപനം കുറക്കാൻ കഴിയുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ അറിയിപ്പ്. രാജ്യത്ത് ഒമിക്രോൺ അതിവേഗത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുൻകരുതൽ നിർദേശം. 'വായുസഞ്ചാരം കുറഞ്ഞ വീടുകളിലും മുറികളിലും കോവിഡ് വാഹകരായ വൈറസുകളുടെ വ്യാപനത്തിന് സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളിൽ രോഗബാധിതരുണ്ടെങ്കിൽ കൂടുതൽ വേഗത്തിൽതന്നെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്. ജനലുകൾ തുറന്നിട്ട് വായുസഞ്ചാരം സജീവമാക്കുകയാണ് പോംവഴി. പകൽ മുഴുവൻ ജനലുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ജനലുകൾ തുറന്നിടൽ പ്രായോഗികമല്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകകരിക്കാം. എയർ ഫിൽട്ടറേഷൻ, ബാത്ത്റൂം, സ്റ്റൗ എക്സ്ഹോസ്റ്റ് ഫാനുകൾ എന്നിവ പോലുള്ള വായുവിലെ വൈറസ് കണങ്ങൾ കുറക്കുന്ന വഴികൾ പരിഗണിക്കാം.
ചട്ടലംഘനം: 450 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് ചട്ടലംഘനത്തിന് 450 പേർക്കെതിരെ നടപടി സ്വീകരിച്ചു. 293 പേർ മാസ്ക് അണിയാത്തതിനാണ് നടപടി. 143 പേർ സാമൂഹിക അകലം പാലിക്കാത്തതിനും നടപടിക്കിരയായി. 14 പേർ ഇഹ്തിറാസ് ആപ്ലിക്കേഷൻ കൈയിലില്ലാത്തതിനാലും നടപടി നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.