ദോഹ: കോവിഡാനന്തര ലോകത്തെ വിമാനയാത്ര ചെലവേറുമെന്നും കോവിഡ്-19ന് മുമ്പ് യാത്ര ചെയ്തിരുന്ന സെക്ടറിൽ ഇനി കൂടുതൽ പണം മുടക്കേണ്ടി വരുമെന്നും ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ.കോവിഡ്-19നുശേഷം വ്യോമയാന മേഖല പഴയതു പോലെയായിരിക്കില്ല. അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഫസ്റ്റ് ക്ലാസുകളിൽ എക്സിക്യൂട്ടിവുകൾ യാത്രചെയ്യുന്നത് പലവിധ കമ്പനികളും വിലക്കിയിരുന്നത് വിമാന കമ്പനികളെ പ്രതികൂലമായി ബാധിച്ചിരുന്നു. കോവിഡ്-19നെ തുടർന്ന് വിഡിയോ കോൺഫറൻസിങ് ഗ്രൂപ് വിഡിയോ കോളുകളും കൂടുതൽ ജനകീയമാകുന്നതോടെ വ്യോമയാന കമ്പനികളുടെ പ്രധാന വരുമാനമാർഗമായ ബിസിനസ് യാത്രകൾ മുമ്പത്തേതിനെക്കാൾ കുറയും.ജൂൺ അവസാനത്തോടെ 80 നഗരങ്ങളിലേക്കുള്ള സർവിസ് പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നേരത്തേയുണ്ടായിരുന്ന 170 നഗരങ്ങളിലേക്കുള്ള വിമാന സർവിസുകൾ പൂർണമായും പുനരാരംഭിക്കാൻ കൂടുതൽ സമയമെടുക്കും. ഭാവി എന്താണെന്ന് ഒരാൾക്കും പ്രവചിക്കാൻ സാധ്യമല്ല. ചിലപ്പോൾ രണ്ടോ നാലോ വർഷമെടുത്തായിരിക്കും പൂർവ സ്ഥിതിയിലാകാൻ. എന്നാൽ, ദൈവഹിതത്താൽ 2019ലെ ഖത്തർ എയർവേയ്സിെൻറ പ്രതാപം ഉടൻ തന്നെ തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കണോമിക് ക്ലാസുകളിലെ സാമൂഹിക അകലം പാലിക്കുന്നത് അസാധ്യമാണ്. വിമാന യാത്രയിൽ സാമൂഹിക അകലം നിർബന്ധമാക്കുകയാണെങ്കിൽ ആഗോള വ്യോമയാന മേഖലയെ അത് പ്രതികൂലമായി ബാധിക്കും. വിമാന കമ്പനികൾക്ക് ഭീമൻ നഷ്ടമായിരിക്കും. ടിക്കറ്റ് നിരക്കിൽ 300 ശതമാനത്തിെൻറ വർധനവിന് കമ്പനികൾ നിർബന്ധിതരാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്-19 കാലത്ത് സാധ്യമായ എല്ലാ പ്രതിരോധ മുൻകരുതലുകളും നിയന്ത്രണങ്ങളും ഖത്തർ എയർവേയ്സ് നടപ്പാക്കിയിട്ടുണ്ടെന്നും കാബിൻ ക്രൂ അംഗങ്ങൾക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ എല്ലാ വിമാനങ്ങളിലും യാത്രക്കാർ ഫേസ് മാസ്ക് ഉപയോഗിക്കേണ്ടി വരുമെന്നും അൽ ബാകിർ സൂചിപ്പിച്ചു.അതേസമയം, കോവിഡ്-19 പശ്ചാത്തലത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിെൻറ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പൂർണമായും സ്വയം പ്രവർത്തിക്കുന്ന അണുവിമുക്ത റോബോട്ടുകൾ വിന്യസിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ സാധ്യമാകുന്നത്ര ഉറപ്പുവരുത്തുന്നതിന് ബാഗേജുകൾ അണുവിമുക്തമാക്കുന്ന പ്രത്യേക അൾട്രാവയലറ്റ് തുരങ്കങ്ങളും ഹമദ് വിമാനത്താവളത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും ലോകാരോഗ്യ സംഘടനയുടെയും മാനദണ്ഡങ്ങൾക്കനുസൃതമായാണ് എല്ലാ നടപടികളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.