ദോഹ: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് പ്രത്യേക പ്രോട്ടോകോൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിലും രാജ്യത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച നിർദേശങ്ങളടങ്ങിയ സർക്കുലർ എല്ലാ സ്ഥാപനങ്ങളിലേക്കും അയച്ചു. ഒന്നാം ക്ലാസ് മുതൽ എല്ലാ വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, സന്ദർശകർ തുടങ്ങി എല്ലാവരും ഒരു മീറ്ററെങ്കിലും സുരക്ഷിത അകലം പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാക്സിനെടുക്കാൻ യോഗ്യരായിട്ടും ഇതുവരെ വാക്സിനെടുക്കാത്തവർ എല്ലാ ആഴ്ചകളിലും റാപിഡ് ആൻറിജൻ പരിശോധനക്ക് വിധേയരാകണം. ക്ലാസ് റൂമുകളിൽ ജാലകങ്ങൾ തുറന്നിടുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം. എല്ലാവരും സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും എല്ലായിടങ്ങളും അണുനശീകരണത്തിന് വിധേയമാക്കുന്നുണ്ടെന്നും സ്കൂളധികൃതർ ഉറപ്പുവരുത്തണം. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവർ ഒരിക്കലും സ്കൂളുകളിലോ ക്ലാസ് റൂമുകളിലോ പ്രവേശിക്കാൻ പാടില്ല.
സ്കൂളുകളിൽ കോവിഡ് കേസ് സ്ഥിരീകരിക്കപ്പെട്ടാൽ, വാക്സിനെടുക്കാത്ത വിദ്യാർഥികൾ പോസിറ്റിവായ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണം. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരം സമ്പർക്കം പുലർത്തിയവരിൽ രണ്ട് ദിവസത്തിനകം സ്രവമെടുത്ത് പരിശോധനക്ക് വിധേയമാക്കണം. ആറാം ദിവസവും ഇതാവർത്തിക്കണം.
വാക്സിനെടുത്തവരും നേരത്തെ കോവിഡ് രോഗമുക്തി നേടിയവരുമായ വിദ്യാർഥികൾ പോസിറ്റിവ് കേസുമായി നേരിട്ട് സമ്പർക്കം പുലർത്തിയാൽ ക്വാറൻറീനിൽ കഴിയണമെന്നില്ല. എന്നാൽ, പരിശോധനക്ക് വിധേയമാകണം. ഇവർ വാക്സിനെടുത്തതിന്റെയോ രോഗമുക്തി നേടിയതിന്റെയോ തെളിവ് ഹാജരാക്കണം.
റിയാക്ടിവായ രോഗികളുമായി സമ്പർക്കം പുലർത്തിയ വിദ്യാർഥികൾ വാക്സിനെടുക്കാത്തവരാണെങ്കിൽ ഏഴ് ദിവസത്തെ ക്വാറൻറീനിൽ കഴിയണം. ഇവരെ രണ്ടുദിവസത്തിനകം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണം. ഒമ്പത് മാസത്തിനുള്ളിൽ വാക്സിനെടുത്തവരും നേരത്തെ കോവിഡ് രോഗമുക്തി നേടിയവരുമായ വിദ്യാർഥികൾ റിയാക്ടിവ് കേസുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ പരിശോധനക്ക് വിധേയമാകണം. എന്നാൽ, ക്വാറൻറീനിൽ കഴിയേണ്ടതില്ല.
അധ്യാപകർക്കും ജീവനക്കാർക്കുമിടയിൽ പോസിറ്റിവ് കേസ് സ്ഥിരീകരിക്കുകയും നേരിട്ട് സമ്പർക്കം പുലർത്തുകയും ചെയ്താൽ, വാക്സിനെടുക്കാത്തവരാണെങ്കിൽ 14 ദിവസം ക്വാറൻറീനിൽ കഴിയണം. രണ്ടുദിവസത്തിനകം ഇവരുടെ സ്രവം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണം. റിയാക്ടിവ് കേസുമായി ഇവർ സമ്പർക്കം പുലർത്തിയാൽ ഏഴുദിവസത്തെ ക്വാറൻറീനാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. രണ്ടുദിവസത്തിനകം പരിശോധനക്കും വിധേയരാകണം.
വാക്സിനെടുത്ത, കോവിഡ് രോഗമുക്തി നേടിയ അധ്യാപകർ, ജീവനക്കാർ എന്നിവർ പോസിറ്റിവ്, റിയാക്ടിവ് കേസുകളുമായി നേരിട്ട് സമ്പർക്കം പുലർത്തിയാൽ പരിശോധനക്ക് വിധേയമാകണം. ക്വാറൻറീനിൽ കഴിയേണ്ടതില്ല. സ്കൂളുകളിൽ കോവിഡ് കേസുകൾ കൂടുതലായി സ്ഥിരീകരിക്കപ്പെട്ടാൽ ആരോഗ്യ മന്ത്രാലയവുമായി ചർച്ച ചെയ്ത് ഒരാഴ്ചത്തേക്ക് ക്ലാസുകൾ അടച്ചിടുന്നതടക്കമുള്ള അധിക നടപടികൾ സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രാലയം സ്കൂളുകൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ പൊതു-സ്വകാര്യ മേഖലയിലെ സ്കൂളുകളിൽ ജനുവരി 27 വരെ ഓൺലൈനിലാണ് ക്ലാസുകൾ പുരോഗമിക്കുന്നത്. എന്നാൽ, 11,12 ക്ലാസുകളിലും ചില പ്രത്യേക പരിഗണന ആവശ്യമായ വിഭാഗങ്ങളിലും 50 ശതമാനം ശേഷിയിൽ ക്ലാസുകൾ നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളോടെയാണ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.