​കോവിഡ്​ വാക്സിൻ: പ്രവാസികളുടെ പ്രശ്​നങ്ങൾ കോടതി കയറുന്നു

ദോഹ: ഇന്ത്യയിലുള്ള പ്രവാസികൾ കോവിഡ്​ വാക്സിനുമായി ബന്ധപ്പെട്ട്​ അനുഭവികുന്ന വിവിധ പ്രശ്​നങ്ങൾ കോടതി കയറുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ, ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി. ഗ്ലോബൽ പ്രസിഡൻറ്​ അഡ്വ. ജോസ് അബ്രഹാമാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

യാത്രാനിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവാസികൾക്കും സ്​റ്റുഡൻറ് വിസയിൽ വിദേശത്ത് പോകുന്ന വിദ്യാർഥികൾക്കും കോവിഡ്​ പ്രതിരോധ കുത്തിവെപ്പിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശരാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യൻ നിർമിത കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ പൂർണമായ പേര് 'ഓക്സ്ഫഡ് ആസ്ട്രസെനക' എന്ന് രേഖപ്പെടുത്തുക, ഇന്ത്യൻ നിർമിത കോവാക്സിന് ലോക ആരോഗ്യ സംഘടനയുടെയും മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, നിലവിൽ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകൾക്കിടയിലുള്ള സമയപരിധി 84 ദിവസം ആയതിനാൽ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തിൽ പരമാവധി കുറക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ളത്. കേരളത്തിൽ നിലവിൽ ഈ കാലദൈർഘ്യം കുറച്ചിട്ടുണ്ട്​. എല്ലാ സംസ്​ഥാനങ്ങളും ഇത്തരത്തിലുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ്​ ഹരജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്​.

വാക്സിനേഷൻ മുൻഗണനാ വിഷയത്തിൽ കേരള സർക്കാർ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ദേശീയതലത്തിൽ ഈ മേഖലയിൽ ഇപ്പോഴും പ്രശ്നങ്ങളുള്ളതിനാലും ഹരജിയിൽ ചൂണ്ടിക്കാണിച്ച വിഷയങ്ങളിൽ കേന്ദ്ര സർക്കാറി​െൻറ തീരുമാനങ്ങളും നടപടികളും അനിവാര്യമായതിനാലുമാണ് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളതെന്ന്​ പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

ഹൈകോടതിയിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നും അതുവഴി പ്രവാസികളുടെ വാക്സിനേഷൻ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്നും പ്രത്യാശിക്കുന്നതായി പ്രവാസി ഗ്ലോബൽ പ്രസിഡൻറ്​ അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗൽ സെൽ ഖത്തർ കൺട്രി ഹെഡ് അബ്​ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ അറിയിച്ചു.

നിലവിൽ വാക്​സിനെടുത്ത്​ വരുന്ന വിദേശികൾക്കായി വിവിധ വിദേശരാജ്യങ്ങൾ ക്വാറൻറീനിൽ അടക്കം ഇളവുകൾ നൽകുന്നുണ്ട്​. എന്നാൽ ഈ ആനുകൂല്യം ഇന്ത്യക്കാർക്ക്​ കിട്ടാത്ത സ്​ഥിതിയാണ്​. ഇതുസംബന്ധിച്ച്​ 'ഗൾഫ്​മാധ്യമം' കഴിഞ്ഞ ദിവസങ്ങളിൽ തുടർവാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

തങ്ങൾ അംഗീകരിച്ച കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ എത്തുന്ന വിദേശികൾക്കാണ്​​ വിവിധ ഗൾഫ്​ രാജ്യങ്ങൾ ക്വാറൻറീൻ ഇളവുകളടക്കം നൽകുന്നത്​. നിലവിൽ മിക്ക വിദേശരാജ്യങ്ങളും എല്ലാ ഗൾഫ്​ രാജ്യങ്ങളും ആസ്​ട്രസെനക വാക്​സിൻ അംഗീകരിച്ചിട്ടുണ്ട്​. എന്നാൽ, ഇന്ത്യയുടെ കോവിഷീൽഡ്​ ആ രൂപത്തിൽ അംഗീകരിച്ചിട്ടില്ല. ആസ്​ട്രസെനക പോലെ തന്നെ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ്​ കോവിഷീൽഡ്​. രണ്ടും ഒരു വാക്​സിൻ തന്നെയാണ്​.

പേര്​ മാത്രമാണ്​ വ്യത്യസ്​തം. പക്ഷേ, നിലവിൽ ഇന്ത്യയിൽനിന്ന്​​ കോവിഷീൽഡ്​ എടുത്ത്​ വരുന്നവർക്ക്​ ഗൾഫിലെ ഇളവുകൾ ലഭ്യമാകുന്നില്ല. കോവിഷീൽഡും ആസ്​ട്രസെനകയും ഒന്നാണെന്ന്​ ഗൾഫിലെ അധികൃതരെ ബോധ്യപ്പെടുത്തിയാൽ ഈ പ്രശ്​നം തീരും. നിലവിൽ ഖത്തർ, കുവൈത്ത്​, സൗദി, അബൂദബി എന്നിവ വാക്​സിൻ എടുത്തവർക്ക്​ ക്വാറൻറീനിൽ ഇളവ്​ നൽകുന്നുണ്ട്​. ഫൈസർ, ആസ്​ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ്​​ ജോൺസൺ, സ്​പുട്​നിക്​ വി, സിനോഫാം വാക്​സിനുകൾക്കാണ്​ മിക്ക ഗൾഫ്​രാജ്യങ്ങളും അംഗീകാരം നൽകിയിരിക്കുന്നത്​. ഖത്തറും ഒമാനുമാണ്​ ഇവക്കുപുറമെ കോവിഷീല്‍ഡിനും അംഗീകാരം നൽകിയത്​. ഈ രാജ്യങ്ങൾ മാത്രമാണ്​ കോവിഷീൽഡ്​ എന്ന്​ പ്രത്യേകമായി പറഞ്ഞിരിക്കുന്നത്​. എന്നാൽ മറ്റു രാജ്യങ്ങൾ കോവിഷീൽഡ്​ എന്ന്​ പ്രത്യേകം പറയാതിരിക്കുകയും ആസ്​ട്രസെനക എന്ന്​ പറയുകയും ചെയ്യുന്നുണ്ട്​. ഇത്​ രണ്ടും ഒന്നാണെന്ന്​ ഇന്ത്യൻ അധികൃതർ വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ്​ ഇന്ത്യക്കാരുടെ ശക്​തമായ ആവശ്യം.

Tags:    
News Summary - Covid Vaccine: Problems of expatriates go to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.