ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ബുധനാഴ്ച മരിച്ചു. 49, 62 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 291 ആയി. ബുധനാഴ്ച 780 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 118 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്.
രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരേത്ത തന്നെ അധികൃതർ പറഞ്ഞിരുന്നു. 437 പേരാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 15,552 ആണ്. ബുധനാഴ്ച 13,589 പേരെയാണ് പരിശോധിച്ചത്. ആകെ 17,34,601 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,79,964 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,64,121 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1668 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 239 പേരെ ബുധനാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 338 പേരുമുണ്ട്. ഇതിൽ 51 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
രോഗബാധ കൂടുന്നതിനാൽ രാജ്യത്ത് ഏപ്രിൽ രണ്ടുമുതൽ മുതൽ കൂടുതൽ നിയന്ത്രണങ്ങൾ വരും. സ്വകാര്യ ആശുപത്രികളിലെ അടിയന്തരസേവനങ്ങളല്ലാത്തവ നിർത്തിവെക്കാനാണ് മന്ത്രിസഭ ഉത്തരവിട്ടിരിക്കുന്നത്. അടിയന്തര സേവനങ്ങൾ മാത്രം നൽകുകയും സാധാരണ സേവനങ്ങൾ ഓൺലൈനാക്കി മാറ്റണമെന്നുമാണ് സ്വകാര്യആശുപത്രികളോടുള്ള നിർദേശം. ഏപ്രിൽ രണ്ടുമുതലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുകയെന്നും മന്ത്രിസഭ അറിയിച്ചിട്ടുണ്ട്. വിഡേിയോകോൺഫറൻസിലൂടെയാണ് വാരാന്ത മന്ത്രിസഭായോഗം ചേർന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട നിലവിലുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു. രോഗബാധ തടയാൻ സ്വീകരിച്ച മാർഗങ്ങളടക്കം ആരോഗ്യമന്ത്രി അവതരിപ്പിച്ചു. മാർച്ച് 26 മുതൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും നിലവിൽ തുടരുകയാണ്.
മാളുകളിൽ 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. ജിംനേഷ്യങ്ങൾ, ഡ്രൈവിങ് സ്കൂളുകൾ എന്നിവ അടച്ചിട്ടുണ്ട്. പൊതുബസുകളിലും മെട്രോയിലും വാരാന്ത്യദിവസങ്ങളിൽ 20 ശതമാനം യാത്രക്കാർ മാത്രമേ പാടുള്ളൂ. മറ്റ് ദിവസങ്ങളിൽ 30 ശതമാനം യാത്രക്കാർ മാത്രമാണ്. വീടുകൾക്കകത്തും മജ്ലിസുകളിലും സംഗമങ്ങൾ പാടില്ല. പൊതുഇടങ്ങളിൽ അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്ന നിയന്ത്രണവും നിലവിലുണ്ട്. സിനിമതിയറ്ററുകൾ 20 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. പാർക്കുകൾ, ബീച്ചുകൾ, കോർണിഷുകൾ എന്നിവിടങ്ങളിലെ കളി സ്ഥലങ്ങളും വ്യായാമ ഇടങ്ങളുമെല്ലാം അടച്ചിട്ടുണ്ട്. മ്യൂസിയങ്ങൾ, ൈലബ്രറികൾ എന്നിവിടങ്ങളിൽ 30 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം. റസ്റ്റാറൻറുകളും കഫേകളും 15ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ക്ലീൻ ഖത്തർ പ്രോഗ്രാം സർട്ടിഫിക്കറ്റുള്ള റസ്റ്റാറൻറുകൾക്കും കഫേകൾക്കും 30 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. മറ്റുള്ളവക്ക് തുറന്ന സ്ഥലങ്ങളിൽ 30 ശതമാനം ആളുകളെ മാത്രം പ്രേവശിപ്പിക്കാം.
ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസിെൻറ ബ്രിട്ടൻ, ദക്ഷിണാഫ്രിക്കൻ വകഭേദം ഖത്തറിൽ കൂടുതലാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള ഇനം വൈറസാണ് ഇത്. അടുത്ത ദിവസങ്ങൾ നിർണായകമാണെന്നും രോഗികളുടെ എണ്ണം ഗണ്യമായി കുറക്കാൻ ഈ ദിവസങ്ങളിൽ സാധിക്കണമെന്നും അധികൃതർ പറയുന്നു. ഇല്ലെങ്കിൽ സമ്പൂർണലോക്ഡൗൺ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാംവരവ് തടയാനാകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്. താമസ്സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ്മാസ്ക് ധരിക്കുക, ഒന്നര മീറ്ററിെൻറ സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കൽ, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കൽ, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകൽ, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കൽ, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവ കർശനമായി പാലിക്കണം.
ദോഹ: രാജ്യത്ത് കോവിഡ് ബാധിതർ കൂടിവരുകയാണ്. രോഗികൾ പലരുടെയും ആരോഗ്യാവസ്ഥ കൂടുതൽ സങ്കീർണമാവുകയും ചെയ്യുന്നു. ആശുപത്രികളിൽ ആകുന്നവരുടെയും അടിയന്തരവിഭാഗത്തിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനക്ക് കാരണങ്ങളിലൊന്ന് കോവിഡിെൻറ ബ്രിട്ടൻ വകഭേദമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. മാര്‍ച്ച് പകുതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ധന.
നിലവില്‍ 338 പേരാണ് കോവിഡ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമുണ്ടായപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ 220 പേരാണുണ്ടായിരുന്നത്. കോവിഡിെൻറ രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേര് രോഗികളാകുകയും ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് തീവ്രപരിചരണ വിഭാഗം ആക്ടിങ് ചെയര്മാന് ഡോ. അഹമ്മദ് മുഹമ്മദ് പറയുന്നു.
പുതിയ കോവിഡ് യു.കെ വകഭേദം വളരെ വേഗത്തിലാണ് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. അതോടൊപ്പം യു.കെ വകഭേദം കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമാകുന്നുവെന്ന് ക്ലിനിക്കല്‍ തെളിവുകളും ഉണ്ട്. യു.കെ കോവിഡ് വകഭേദം ബാധിച്ചവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ, ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശനം ആവശ്യമാണ്. കോവിഡിനെ തുടര്‍ന്ന് ഗുരുതര പ്രശ്നങ്ങളുള്ളവര്‍ മരിക്കാനും സാധ്യത കൂടുതലാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആൽഥാനി പറഞ്ഞു.
നിലവില്‍ ഖത്തറില്‍ ഉപയോഗിക്കുന്ന ഫൈസര്‍, മോഡേണ വാക്സിനുകള്‍ കോവിഡ് യു.കെ വകഭേദത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വാക്സിന് ലഭ്യമായതിനാല്‍ വാക്സിനേഷന് പരിപാടിയുടെ വേഗത ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ഖത്തറിൽ കൊറോണ ൈവറസിെൻറ ദക്ഷിണാഫ്രിക്കൻ വകഭേദവും കെണ്ടത്തിയിട്ടുണ്ട്. ഏറെ മാരകമായ ഈ വൈറസ് ബാധിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് മരിച്ചത് ഏഴുപേരാണ്. വൈറസിെൻറ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ കാണിക്കില്ല. എന്നാൽ, ഇത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പെെട്ടന്ന് പടരുന്നു. പലരിലും ഇത് മാരകമാകുന്നുവെന്ന് കെണ്ടത്തിയിട്ടുണ്ട്.
ദോഹ: ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകുന്നതിനു പകരം അടിയന്തര സാഹചര്യങ്ങളില്‍ പരമാവധി വെര്‍ച്വല്‍, ടെലിമെഡിസിന്‍ സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടത്. ഏത് സമയത്തും ഹോട്ട്ലൈന്‍ നമ്പറായ 16000ൽ ബന്ധപ്പെട്ട് ഏതുകാര്യങ്ങളും അന്വേഷിക്കാവുന്നതാണ്.
കോവിഡ് രോഗികളെ പരിചരിക്കാന്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ മുഴുവന്‍ സമയവും തയാറാണെന്നും അധികൃതര്‍ അറിയിച്ചു. ഗുരുതരമായ സാഹചര്യങ്ങളില്‍ അത്യാഹിത വിഭാഗങ്ങള്‍ മാത്രം സന്ദര്‍ശിക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്പറേഷന് ട്വീറ്റ് ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ അത്യാഹിത ചികിത്സ വിഭാഗം ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നു വരെ പ്രവര്‍ത്തിക്കും.
രോഗികള്‍ക്ക് ഹോട്ട്ലൈനില്‍ വിളിച്ച് ഓപ്ഷന് മൂന്ന് തെരഞ്ഞെടുക്കാവുന്നതാണ്. കോള്‍ സ്വീകരിക്കുന്ന ഡോക്ടര്‍ ആവശ്യമായ നിർദേശങ്ങള്‍ നൽകും. യൂറോളജി, ഓര്‍ത്തോപിഡിക്സ്, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്, ഇ.എന്‍.ടി, ഡെര്‍മറ്റോളജി, ന്യൂറോളജി, ഡെൻറല്‍, ഹെമറ്റോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ജെറിയാട്രിക്സ്, പെയിന്‍ മാനേജ്മെൻറ് കാര്‍ഡിയോളജി, മാനസികാരോഗ്യം എന്നിവക്കായി നിലവില്‍ ഈ സൗകര്യം ലഭിക്കും.
പ്രഫഷനല്‍ ഉപദേശവും പരിചരണവും ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന തരത്തിലാണ് ഹെല്പ് ലൈന്‍ നമ്പര്‍ ലക്ഷ്യമിടുന്നത്. ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ ഹെല്പ് ലൈന്‍ സേവനം ലഭിക്കും. ഹോട്ട്ലൈനില്‍ മെഡിക്കല്‍ പരിശോധനക്ക് ഒന്ന്, മെഡിക്കല്‍ സേവനങ്ങള്‍ക്ക് മൂന്ന്, ഇംഗ്ലീഷ് ഭാഷക്ക് രണ്ട് എന്നീ നമ്പറുകളാണ് അമര്‍ത്തേണ്ടത്.പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷെൻറ മുഐദിര്, റൗദത്ത് അല്‍ ഖെയ്ല്‍, അല്‍ ഗറാഫ, അല്‍ കഅബാന്‍, അല്‍ ഷഹാനിയ, അല്‍ ശമാല്‍, ഉം സലാല്‍, അബൂബക്കര്‍ അല്‍ സിദ്ദീഖ് എന്നീ എട്ട് കേന്ദ്രങ്ങളില്‍ അടിയന്തര പരിചരണ സേവങ്ങള്‍ ലഭിക്കും.
ദോഹ: രാജ്യത്ത് ഇതുവരെ നൽകിയത് 8,16,484 ഡോസ് കോവിഡ് വാക്സിൻ. കോവിഡ് വാക്സിനേഷൻ കാമ്പയിൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ (ക്യൂ.എൻ.സി.സി) കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും ഫൈസർ, മൊഡേണ വാക്സിനുകൾ ലഭ്യമാണ്. ൈഡ്രവ് ത്രൂ കേന്ദ്രങ്ങളിൽ സെകൻഡ് ഡോസ് മാത്രമേ നൽകുന്നുള്ളൂ. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ്.ആദ്യം ഫൈസർ വാക്സിനാണ് രാജ്യത്ത് നൽകാൻ ആരംഭിച്ചത്. എന്നാൽ, പിന്നീട് മൊഡേണ വാക്സിനും ആരോഗ്യമന്ത്രാലയം അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.